ഞാൻ ഒരു ഗവേഷകയാണ്
അപ്പോൾ സ്വാഭാവികമായും
നിങ്ങൾ ചോദിച്ചേക്കാം
ഏതാണു വിഷയമെന്ന് .


ഒരു വിഷയത്തിനും  ഊന്നൽ കൊടുത്ത്
തീസിസ് സമർപ്പിച്ച് അതിൽ
ഡോക്ടറേറ്റ് നേടാൻ ശ്രമിച്ചില്ല
എന്നതാണ് ഉത്തരം.


ആരുടെ കീഴിലാണ് ഗവേഷണം
എന്നതാണ് അടുത്ത ചോദ്യമെങ്കിൽ
സൂര്യന് കീഴെയെന്നോ
കൂരയ്ക്കു കീഴെയെന്നോയുള്ള
എന്റെ മറുപടി
ധിക്കാരമെന്ന്
നിങ്ങൾക്ക് തോന്നിയേക്കാം.


എണ്ണമറ്റ
കണ്ടുപിടിത്തങ്ങളുടെ 
ശ്രദ്ധാകേന്ദ്രമാണ്
എന്റെ പരീക്ഷണശാല.


ശാസ്ത്രവും ഇന്ദ്രജാലവും 
കലർന്നതായിരുന്നു
ആദ്യത്തെ കണ്ടുപിടിത്തം.


തീജ്വാലയ്ക്കു മുകളിലായി
വലിയ വാർപ്പു നിറയെ
പാൽ തിളച്ചു തൂവാൻ വിട്ട്
നോക്കി നിന്നാൽ 
ഒരു തുള്ളി പോലും
അവശേഷിക്കില്ല എന്നതിൽ
താപത്തിന്റെ ഊർജ്ജതന്ത്രവും
അപ്രത്യക്ഷമാകുന്ന ഇന്ദ്രജാലവും
ഞാൻ കണ്ടെത്തി.


അതേപാലിൽ തേയിലയും 
പഞ്ചസാരയും ചേർത്ത
സൂത്രത്തിനിടക്ക്
അരിപ്പയും കരണ്ടിയുമൊക്കെ
ബ്യൂററ്റും പിപ്പറ്റുമായി
കോപ്പയിലേക്ക്നിറം മാറിയ
ദ്രാവകം വീണപ്പോൾ
യുറേക്ക യുറേക്ക  എന്ന് 
വിളിച്ചുകൂവി എനിക്ക് 
നേടാമായിരുന്ന
രാസമാറ്റ പ്രക്രിയക്ക്
അതിനു മുമ്പേ ആരോ
ചായ എന്നു പേരിട്ടിരുന്നു.
രസതന്ത്രത്തിനുള്ള മികച്ച 
പുരസ്ക്കാരം നേടാനുള്ള അവസരമായിരുന്നു അത്.


കടൽവെള്ളത്തിൽ നീന്തിത്തുടിച്ച
മീനുകൾ ജീവനറ്റതായി വന്ന്
എന്റെ ലബോറട്ടറിയിലെ
മുളകും ഉപ്പും മസാലയും ചേർന്ന മിശ്രിതത്തിന്റെ 
മസാജിംഗിനു ശേഷം
തിളച്ച എണ്ണയിൽ മുക്കിക്കുളിപ്പിച്ചപ്പോൾ
നാവിൻതുമ്പിലെ രസമുകുളങ്ങളിൽ
പിടഞ്ഞു ജീവൻ വച്ചത്
ജീവശാസ്ത്ര മേഖലയിലും
പുനർജ്ജനിയുടെ സിദ്ധാന്തതലത്തിലും
അടയാളപ്പെടുത്തേണ്ടതാണ്.


പച്ചമുളകും, തക്കാളിയും, വെണ്ടയും, ചീരയും, കോവയ്ക്കയുമൊക്കെ ചുറ്റിപ്പിണഞ്ഞ പരിസരത്തു നിന്ന് അവയൊക്കെ ഗവേഷണ ശാലയിലേക്കെത്തുമ്പോൾ
പരിസ്ഥിതി ശാസ്ത്രവും
കൈപ്പിടിയിൽ.


വെയിൽ കായാനിട്ട പച്ച വിറക് ഓടിയെടുത്ത്
ഗവേഷണ ശാലയിൽ 
നിരക്കെകുത്തി നിറുത്തിയതും
ഇടിവെട്ടി മഴപെയ്തപ്പോൾ
കാലാവസ്ഥ നിരീക്ഷണത്തിനുള്ള
മികച്ച ബഹുമതിയും നേടേണ്ടതായിരുന്നു.


സമയത്തെ വിലയറിഞ്ഞു ചിട്ടപ്പെടുത്തുന്ന കാര്യത്തിൽ
എന്റെ ഗവേഷണശാല എന്നും മുൻനിരയിലാണ്.
റോക്കറ്റ് പോലെ കുതിച്ച്
തീൻമേശയിൽ നിരത്തുന്ന 
വിഭവങ്ങളുടെ ഗുണനിലവാരം 
ഗവേഷകയുടെ ഫിസിക്സും കെമിസ്ട്രിയും മാത്രമല്ല സൈക്കോളജി ഉൾപ്പെടെ
വിഷയസമൃദ്ധി ചർച്ച ചെയ്യുന്നു.


ഇപ്പോൾ നിങ്ങൾ
എന്റെ ഗവേഷണ ശാലയെ
എല്ലാരും വിളിക്കുന്ന 
ആ പേര് വിളിച്ചേക്കും.
വാദപ്രതിവാദത്തിന്
എനിക്ക് താൽപര്യമില്ല.


ഉഴുന്നും അരിയും അരച്ച
മിശ്രിതം പതഞ്ഞുപൊങ്ങാൻ 
മണിക്കൂറുകളെടുത്തതും,
ബേക്കിംഗ് സോഡയിൽ നാരങ്ങാനീരു 
ചേർത്തയുടൻ പതഞ്ഞുപൊങ്ങിയതും
തമ്മിലുള്ള വ്യത്യാസം കണ്ട്
അത്ഭുതപ്പെടുന്ന
ഗവേഷക വിദ്യാർത്ഥികൾക്ക് 
ഞാൻ ആ സിദ്ധാന്തം 
പരിചയപ്പെടുത്തട്ടെ.

ഭാഷാ ചാരുതയോടെ കവിതയിലും കഥയിലും വ്യക്തിമുദ്ര പതിപ്പിച്ച എഴുത്തുകാരിയും പ്രഭാഷകയുമാണ്  ഷാമില ഷൂജ. നിരൂപണ രംഗത്ത് ഏറെ ശ്രദ്ധേയയാണ്. ചരിത്ര പ്രാധാന്യമുള്ള വിഴിഞ്ഞം സ്വദേശി .തിരുവനന്തപുരത്ത് പാച്ചല്ലൂർ താമസം. ആറ്റുകാൽ ഭക്തിഗാന സി.ഡി. അമ്മ മധുരം , ഡോക്യുമെൻ്ററികളിൽ ഗാനരചന , ആനുകാലികങ്ങളിലും ആകാശവാണിയിലും സാന്നിദ്ധ്യം.
സ്നേഹച്ചിമിഴ് , ശാന്തിതീരം [ കവിതകൾ ] , കുരുവിക്കൂട് [ ബാല കവിതകൾ ] , അയ്യൻകാളി [ കുട്ടികൾക്കുള്ള ജീവചരിത്രം ] , ഇനിയുമൊരു കടം ,പാൽ ഞരമ്പുകൾ [ കഥാസമാഹാരം ] എന്നിവ കൃതികൾ.
ജനതാ കവിതാ പുരസ്ക്കാരം , ഗുരു നിത്യചൈതന്യയതി പുരസ്കാരം , ആർഷഭാരത ട്രസ്റ്റ് പുരസ്ക്കാരം , സംസ്കാര സാഹിത്യ വേദി പ്രതിഭ പുരസ്കാരം , സിന്ദൂരം ചാരിറ്റി – എവർഗ്രീൻ സംയുക്ത പുരസ്ക്കാരം , വിതുരോദയം ധർമ്മശാസ്താ പുരസ്കാരം , സ്ത്രീധനരഹിത സമൂഹം പുരസ്ക്കാരം, കേന്ദ്ര സാഹിത്യ അക്കാഡമി നാരീ ചേതന ആദരം ,’ അമ്മയ്ക്കൊരുമ്മ [ വർക്കല ] പുരസ്കാരം , ഹരിത കേരളം ആദരം , ചങ്ങമ്പുഴ പുരസ്ക്കാരം ,പ്ലസൻ്റ് വിഷസ് സ്കൂൾ അമ്മയ്ക്കൊരുമ്മ [ പാലോട് ]  പുരസ്കാരം എന്നിങ്ങനെ നിരവധി അവാർഡുകൾ .സാഹിത്യ സാംസ്ക്കാരിക രംഗത്ത് സജീവ സാന്നിദ്ധ്യം.