തിരുവനന്തപുരം∙ സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീകളെ ലൈംഗികമായി അധിക്ഷേപിച്ചതിൽ ഡബ്ബിങ് ആർടിസ്റ്റ് ഭാഗ്യലക്ഷ്മിയും കൂട്ടരും വീടുകയറി ആക്രമിച്ച ഡോക്ടർ വിജയ് പി.നായർ മാപ്പ് പറഞ്ഞു. ലാപ്ടോപും മൊബൈല്‍ ഫോണും സ്ത്രീകള്‍ പിടിച്ചെടുത്തിരുന്നു. സ്ത്രീകളെ അപമാനിച്ചതില്‍ മാപ്പ് പറഞ്ഞെന്നും ആക്രമണത്തില്‍ പരാതിയില്ലെന്നും വിജയ് പി.നായര്‍ പറഞ്ഞു.

സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീകള്‍ക്ക് നേരെ അശ്ലീല അധിക്ഷേപം നടത്തിയാള്‍ക്കെതിരെയാണ് കരിഓയില്‍ പ്രയോഗം നടന്നത്. തിരുവനന്തപുരം വെള്ളായണി സ്വദേശി വിജയ് പി. നായര്‍ താമസിച്ചിരുന്ന ലോഡ്ജിലെത്തി കരി ഓയില്‍ ഒഴിച്ച സ്ത്രീകള്‍ മര്‍ദിക്കുകയും ചെയ്തു. ഡബ്ബിങ് ആർടിസ്റ്റ് ഭാഗ്യലക്ഷമി, ആക്ടിവിസ്റ്റുകളായ ദിയ സന, ശ്രീലക്ഷമി അറയ്ക്കല്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

സൈക്കോളജിയില്‍ ഡോക്ടറേറ്റുണ്ടെന്ന് അവകാശപ്പെടുന്ന വിജയ് പി. നായര്‍ യൂട്യൂബ് ചാനലിലൂടെയാണ് സ്ത്രീകളെ അധിക്ഷേപിച്ചത്. പേരെടുത്ത് പറഞ്ഞും വ്യക്തികളെ തിരിച്ചറിയുന്ന തരത്തില്‍ സൂചന നല്‍കിയുമായിരുന്നു അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയത്.