ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസൺ 6 ന്റെ കപ്പ് ഉയർത്തിയത്. വളരെ പതിയെ ആയിരുന്നു ബിഗ് ബോസിൽ ജിന്റോ തന്റെ ഗ്രാഫ് ഉയർത്തിയത്. തുടക്കത്തിൽ വെറും മണ്ടൻ എന്ന വിമർശനമായിരുന്നു ജിന്റോയ്ക്ക് ലഭിച്ചത്. അതുകൊണ്ട് തന്നെ ജിന്റോ വളരെ പെട്ടെന്ന് തന്നെ പുറത്ത് പോകുമെന്നായിരുന്നു പ്രേക്ഷകരും സഹമത്സരാർത്ഥികളും കരുതിയത്. എന്നാൽ പിന്നീടുള്ള ആഴ്ചകളിൽ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റുന്ന രീതിയിലുള്ള രസകരമായ ഗെയിം തന്ത്രങ്ങളായിരുന്നു ജിന്റോ പുറത്തെടുത്ത്. തമാശ കളിച്ചും നിഷ്തളങ്കമായ പ്രകടനം കൊണ്ടും ഹൗസിലും പുറത്തും ജിന്റോ ഒരുപോലെ കൈയ്യടി നേടി.ഇതോടെ ‘പച്ചമനുഷ്യൻ’ എന്ന ടാഗ് ജി്ന‍റോയ്ക്ക് ലഭിച്ചു. സാധാരണക്കാരന്റെ പ്രതിനിധിയെന്നായിരുന്നു ഒരു വിഭാഗം പ്രേക്ഷകർ ജിന്റോയെ വിശേഷിപ്പിച്ച്. ഫിസിക്കൽ ടാസ്കുകളിലെല്ലാം മികവാർന്ന പ്രകടനം കാഴ്ചവെച്ചതോടെ ജിന്റോയ്ക്ക് ആരാധക പിന്തുണ ഏറി. ജിന്റോയ്ക്ക് വേണ്ടി ആർമി ഗ്രൂപ്പുകൾ ആരംഭിച്ചു. ഷോ പകുതി ആയപ്പോഴേക്കും വളരെ അഗ്രസീവ് ആയി, എല്ലാവരോടും തർക്കിച്ചും ഏറ്റുമുട്ടിയുമെല്ലാം നിൽക്കുന്ന ജിന്റോയെ ആണ് പ്രേക്ഷകർ കണ്ടത്. ഡിവോഴ്‌സും മാതാപിതാക്കളുടെ ആരോഗ്യ സ്ഥിതിയും തന്റെ ജീവിതവും എല്ലാം ജിന്റോ ബിഗ് ബോസിൽ കണ്ടന്റാക്കി. അപ്പോഴേക്കും ജിന്റോ ആരാധകരുടെ മനസിൽ സ്ഥാനം ഉറപ്പിച്ച് കഴിഞ്ഞിരുന്നു. ഒടുവിൽ ബിഗ് ബോസിൽ നൂറ് 100 ദിവസം പിടിച്ച് നിന്ന് ഷോയുടെ കപ്പുമായിട്ടായിരുന്നു താരം ആ പടി ഇറങ്ങിയത്.

കോൺഫിഡൻസ് ഗ്രൂപ്പ് നൽകുന്ന 50 ലക്ഷമാണ് ഒന്നാം സ്ഥാനക്കാരനുള്ള സമ്മാനം. ഇത്തവണ 5 ലക്ഷത്തിന്റെ മണി ബോക്സുമായി സായ് കൃഷ്ണ ഇറങ്ങിയതോടെ ജിന്റോയ്ക്ക് ലഭിക്കേണ്ടിയിരുന്നത് 45 ലക്ഷം രൂപയായിരുന്നു. എന്നാൽ 34 ലക്ഷമാണ് ജിന്റോയ്ക്ക് സമ്മാനത്തുകയായി കോൺഫിഡൻസ് ഗ്രൂപ്പ് ഇപ്പോൾ കൈമാറിയിരിക്കുന്നത്. ബാക്കി 15 ലക്ഷത്തോളം രൂപ ടാക്സിനത്തിൽ പോയതായി കോൺഫിഡൻസ് ഗ്രൂപ്പ് അറിയിച്ചു.