കോവിഡിനെതിരെയുള്ള വാക്‌സിനുകള്‍ അധികംവൈകാതെ ലഭ്യമാകുമെന്നും അതുവരെ ജാഗ്രത തുടരണമെന്നും അന്താരാഷ്ട്ര പ്രശസ്ത വാക്‌സിന്‍ ഗവേഷകയും വെല്ലൂര്‍ ക്രിസ്റ്റ്യന്‍ മെഡിക്കല്‍ കോളേജ് പ്രഫസറുമായ ഡോ. ഗഗന്‍ദീപ് കാങ് പറഞ്ഞു. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ 57-ാം സംസ്ഥാന വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍.
രാജ്യത്ത് ഏതാനും ആഴ്ചകളായി രോഗബാധിതരുടെ എണ്ണത്തിലും വര്‍ധന നിരക്കിലും കുറവ് കാണുന്നുണ്ട്. ഇതേ പ്രവണത ലോകത്തില്‍ പലയിടത്തും കണ്ടതാണ്. എന്നാല്‍ അവിടെയെല്ലാം വീണ്ടും സംഖ്യകള്‍ ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്. കേരളത്തിലും ഈയടുത്തകാലത്ത് കോവിഡ് കേസുകള്‍ കൂടി. അത് സ്വാഭാവികമാണ്. ഇവിടെ ശക്തമായ ഒരു പൊതുജനാരോഗ്യ സംവിധാനമുണ്ട്. നിപ കാലത്ത് അത് തെളിയിക്കപ്പെട്ടതാണ്. കോവിഡിലും അതു വ്യക്തമായി. സര്‍ക്കാര്‍ വളരെ ഫലപ്രദമായി ഇടപെടുന്നുണ്ട്. പക്ഷേ ജനങ്ങളുടെ ജാഗ്രതയില്‍ കുറവുവരാന്‍ പാടില്ല. അതുകൊണ്ട് മാസ്‌ക് ധരിക്കുന്നതും. ശാരീരിക അലകവും ശുചിത്വവും പാലിക്കുന്നതും തുടരണം. പരിശോധന, ഉറവിടം കണ്ടുപിടിക്കല്‍, ഐസൊലേഷന്‍ എന്നിവയും വേണം.
ഏതു ചികിത്സാ സമ്പ്രദായമായാലും ശാസ്ത്രീയപഠനങ്ങളുടെയെും തെളിവുകളുടെയും അടിസ്ഥാനത്തിലേ തീരുമാനങ്ങളെടുക്കാവൂ. നമ്മെ നാളെയിലേക്ക് നയിക്കുന്ന ഉപകരണങ്ങളാണ് ശാസ്ത്രവും തെളിവുകളും. പരീക്ഷണശാലയില്‍ മാത്രമല്ല, ക്ലിനിക്കല്‍ പരിശോധനകളും ഏറെ സുപ്രധാനമാണ്. ഇംഗ്ലണ്ടിലെ പഠനത്തില്‍ ‘ഡെക്‌സാമെത്തസോണ്‍’ ഗുരുതരാവസ്ഥയിലായവരുടെ മരണനിരക്ക് കുറയ്ക്കുന്നതായി കണ്ടെത്തി. എന്നാല്‍ എയ്ഡ്‌സ് മരുന്നുകളോ ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ എന്ന മലേറിയ മരുന്നോ കൊറോണ ചികിത്സയില്‍ ഒരു ഗുണവും ചെയ്യുന്നില്ല എന്നും തെളിയിക്കപ്പെട്ടു. റെംഡസിവീര്‍ എന്ന മരുന്ന് അമേരിക്കയിലെ പരീക്ഷണത്തില്‍ ആശുപത്രി വാസത്തിന്റെ ദൈര്‍ഘ്യം കുറയ്ക്കുന്നതായി കണ്ടെത്തി. ഈ വസ്തുതകളെല്ലാം തന്നെ നമ്മോട് പറയുന്നത് മരുന്ന്, രോഗികളുടെ എണ്ണം, രോഗത്തിന്റെ ഘട്ടം എന്നിവയെ അടിസ്ഥാനമാക്കിയുള്ള പഠനത്തിലൂടെ മാത്രമേ മരുന്നുകളുടെ ഫലപ്രാപ്തി നിര്‍ണയിക്കാനാവൂ എന്നതാണ്. എന്നാല്‍ യാതൊരു ശാസ്ത്രീയതെളിവുകളും ഇല്ലാത്ത അള്‍ട്രാവയലറ്റ് ലൈറ്റ്, ബ്ലീച്ച് പോലുള്ള അശാസ്ത്രീയ ചികിത്സകള്‍ക്കും വലിയ പ്രചാരം കിട്ടുന്നുണ്ട്. ഇന്ത്യയിലാകട്ടെ ചാണക വെള്ളത്തിലുള്ള കുളി, ആയുര്‍വേദ മരുന്നുകള്‍ എന്നിവയും പ്രതിവിധികള്‍ ആയി നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ട്. ഇവയ്ക്കും യാതൊരു ശാസ്ത്രീയ അടിത്തറയും ഇല്ല. ചില പച്ചമരുന്നുകളും ഔഷധങ്ങളും രോഗപ്രതിരോധശേഷി കൂട്ടുമായിരിക്കാം. എന്നാല്‍ ഇവ സാര്‍സ് കൊറോണ വൈറസ് രോഗബാധ ശമിപ്പിക്കുമെന്നതിന് ഇതുവരെ ശാസ്ത്രീയമായ യാതൊരു തെളിവും കണ്ടെത്തിയിട്ടില്ല. നമ്മുടെ ആരോഗ്യത്തെ പോഷിപ്പിക്കുന്ന വ്യത്യസ്ത ചികിത്സാ സമ്പ്രദായങ്ങള്‍ പലവിധത്തില്‍ ഗുണപ്രദമാവാം. എന്നാല്‍ ഒരു പ്രത്യേക വൈറസിന് പ്രതിവിധിയായോ ചികിത്സയായോ അവയെ ഉയര്‍ത്തിക്കാണിക്കുന്നത് ഗുണത്തേക്കാളേറെ ദോഷമുണ്ടാക്കും.
വാക്‌സിനേഷനിലൂടെ രോഗത്തെ പ്രതിരോധിക്കാനായാല്‍ ജീവിതം ഏതാണ്ട് 2019-ലേതുപോലെ ആക്കിമാറ്റാന്‍ നമുക്ക് കഴിയും. കൊറോണക്കെതിരായ പ്രതിരോധ വാക്‌സിന്‍ കണ്ടെത്താനായി കഴിഞ്ഞ ഒമ്പത് മാസത്തിനിടയില്‍ നടന്ന അത്രയും ഗവേഷണം അത്രയും വേഗതയിലും അത്രയും ആളുകളെ പങ്കെടുപ്പിച്ചും മറ്റൊരു മേഖലയിലും നടന്നിട്ടില്ല. പന്ത്രണ്ടോളം വാക്‌സിനുകള്‍ മനുഷ്യരിലെ പരീക്ഷണത്തിന്റെ ഒന്നും രണ്ടും ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. മുന്നാംഘട്ടം കൂടി പൂര്‍ത്തിയാക്കി ഈ വര്‍ഷാവസാനത്തോടെ മൂന്നു വാക്‌സിനുകളുടെ ഫലം ലഭ്യമാകുമെന്നാണ് കരുതുന്നത്. മികച്ച വാക്‌സിന്‍ വ്യവസായം നിലവിലുള്ള ഇന്ത്യയിലും നാല് വാക്‌സിനുകള്‍ പരീക്ഷണഘട്ടത്തിലാണ്. തദ്ദേശീയമായ പഠനങ്ങളുടെ അടിസ്ഥാനത്തിലാണിവ വികസിപ്പിച്ചുകൊണ്ടിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്.
ലോകാരോഗ്യസംഘടനയുടെ പങ്കാളിത്തമുള്ള കോവാക്‌സ് സംവിധാനം വഴി വാക്‌സിന്‍ ചെലവ് പ്രശ്‌നമാകാതെ എല്ലാ രാജ്യങ്ങള്‍ക്കും എല്ലാ വിഭാഗങ്ങള്‍ക്കും എത്തിക്കാന്‍ കഴിയും. ഇന്ത്യയില്‍ ആരോഗ്യപ്രവര്‍ത്തകരുള്‍പ്പെടെ കോവിഡ് പ്രതിരോധത്തിനായി മുന്നണിയിലുള്ളവര്‍ക്കും 50 വയസ്സിനു മുകളിലുള്ളവര്‍ക്കും കോവിഡ് ഗുരുതരമാക്കാന്‍ വഴിവയ്ക്കുന്ന മറ്റു രോഗങ്ങളുള്ളവര്‍ക്കുമാവും മുന്‍ഗണനയെന്നാണ് മനസ്സിലാക്കുന്നത്.
വാക്‌സിനുകള്‍ അപകടകാരികള്‍ ആണെന്നും ഉപയോഗശൂന്യമാണെന്നുമൊക്കെയുള്ള ധാരണകള്‍ ലോകത്തിന്റെ പലഭാഗത്തും പ്രബലമായുണ്ട്. അതു തെറ്റാണ്. ശാസ്ത്രജ്ഞരും പൊതുജനാരോഗ്യ പ്രവര്‍ത്തകരും സമൂഹത്തിന്റെ ക്ഷേമത്തില്‍ തല്പരരായവരും ഇത്തരം ധാരണകള്‍ മാറ്റാനും വാക്‌സിനുകള്‍ ഗുണകരമായ വിധത്തിലും മുന്‍ഗണനാടിസ്ഥാനത്തിലും ഉപയോഗിക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്താന്‍ ഇടപെടേണ്ടതുണ്ടെന്നും ഗഗന്‍ദീപ് കാങ് പറഞ്ഞു.
കോവിഡ് കാലത്തെ ആഘാതം ഏറ്റവും ഗുരുതരമായി ബാധിച്ചത് സ്ത്രീകളെയാണ്. സാമ്പത്തികവും സാമൂഹ്യവും ആരോഗ്യപരവുമായ മേഖലകളിലെല്ലാം സ്ത്രീകള്‍ പിന്തള്ളപ്പെട്ടു. ഗര്‍ഭകാല ശുശ്രൂഷ പലര്‍ക്കും ലഭ്യമായില്ല. ഏപ്രില്‍, മെയ് മാസങ്ങളില്‍ വീടുകളിലുള്ള പ്രസവങ്ങളുടെ നിരക്ക് വലിയതോതില്‍ വര്‍ധിച്ചു. സ്ത്രീക്ഷേമം പുനഃസ്ഥാപിക്കുന്നതിനുള്ള മുന്‍കൈ സര്‍ക്കാരുകളുടെ ഭാഗത്തുനിന്നുമുണ്ടാകണമെന്നും അവര്‍ ആവശ്യപ്പെട്ടു.
ഓണ്‍ലൈനായി നടന്ന സമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് എ.പി. മുരളീധരന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ലില്ലി കര്‍ത്ത, ജനറല്‍ സെക്രട്ടറി കെ. രാധന്‍, ഡോ. ടി.എസ്. അനീഷ് എന്നിവര്‍ സംസാരിച്ചു. വിവിധ ജില്ലകളില്‍ നിന്നായി നാനൂറിലേറെ പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. പ്രതിനിധി സമ്മേളനം നാളെ (തിങ്കൾ ) അവസാനിക്കും.