ഇൻസ്പെക്ടർ ഗരുഡ്‌ ആയിരുന്നു എന്നെ സ്വാധീനിച്ച ആദ്യ കുറ്റാന്വേക്ഷകൻ. കുട്ടിക്കാലത്ത്‌ ബാലരമ കൈയ്യിൽ കിട്ടിയാൽ പലപോഴും ആദ്യം വായിക്കുന്നതും ഗരുഡിനെ തന്നെയായിരുന്നു.  വായന കുറച്ചൂടെ വളർന്നപ്പോൾ ആ ഇഷ്ടം ഷെർലക്‌ ഹോംസിലേക്ക്‌ വഴിമാറിയൊഴുകി.  അപസർപ്പക കഥകൾ എന്ന ലേബലിൽ ഇറങ്ങിയ പല കൃതികളും തപ്പിപ്പിടിച്ച്‌ വായിക്കാൻ ആവേശം കൊണ്ട നാളുകളായിരുന്നു തുടർന്നുണ്ടായത്‌. എന്നാൽ പലപ്പോഴും പല രചനകളുടേയും ഉള്ളടക്കം നിരാശജനകമായിരുന്നു. അതുകൊണ്ടുതന്നെ, ഒരുകാലത്ത്‌ ഒത്തിരി ഇഷ്ടപ്പെട്ടിരുന്ന ആ സാഹിത്യ മേഖലയെ അറിഞ്ഞുകൊണ്ട്‌ തന്നെ പിന്നീടങ്ങോട്ടുള്ള എന്റെ വായനയിൽ നിന്നും ഞാനൊഴിവാക്കുകയായിരുന്നു. വർഷങ്ങൾക്ക്‌ ശേഷം ശ്രീ ലാജോ ജോസിന്റെ “റൂത്തിന്റെ ലോകം” എന്ന ക്രൈം ത്രില്ലറിലൂടെയാണു ഞാൻ വീണ്ടുമൊരു കുറ്റാന്വേക്ഷണ നോവലിന്റെ വായനക്കാരനാവുന്നത്‌.


     റൂത്തിന്റെ ലോകം എനിക്ക്‌ മുന്നിൽ തെളിച്ചിട്ട വഴികളിലൂടെ ഞാൻ നടന്നെത്തിയത്‌ കവിതകൾ കൊണ്ട്‌ വെല്ലുവിളിക്കുന്ന ഒരു കാവ്യ കൊലയാളിയിലേക്കാണു. കൊല്ലപ്പെട്ടെവരുടെ മൃതദേഹത്തിനൊപ്പം ഇനി നടക്കാൻ പോകുന്ന കൊലയുടെ ജാതകമെന്ന നിലയിൽ കവിതാ ശകലങ്ങൾ ഉപേക്ഷിച്ച്‌ പോകുന്നൊരു കൊലയാളി. ആ കൊലയാളിയെ തേടിയുള്ള യാത്ര, അതാണു ശ്രീപാർവ്വതിയുടെ, “പോയട്രി കില്ലർ” എന്ന ക്രൈം ത്രില്ലർ.


    സമർത്ഥനായൊരു പോലീസ്‌ ഉദ്യോഗസ്ഥൻ എന്ന് മേലുദ്യോഗസ്ഥരുടെ അടയാളപ്പെടുത്തലിനു അർഹനായ ഡെറിക്‌ എന്ന പോലീസ്‌ സൂപ്രണ്ടിലൂടെയാണു കഥ പുരോഗമിക്കുന്നത്‌. ഒരു മാർച്ച്‌ ഒന്നിന്,നഗരത്തിലെ ഒരു മൂലയ്ക്ക്‌, ചവറുകൾ കൂട്ടിയിട്ടിരുന്നിടത്ത്‌ നഗ്നമായ ഒരു മനുഷ്യ ശരീരം കണ്ടെടുത്തതോട്‌ കൂടിയാണ് ഡെറിക്ക്‌ എന്ന പോലീസ്‌ ഉദ്യോഗസ്ഥന്റെ സാമർത്ഥ്യത്തിനു തന്നെ വെല്ലുവിളികൾ ഉയർത്തിക്കൊണ്ടുള്ള സംഭവ പരമ്പരകൾക്ക്‌ തുടക്കമാവുന്നത്‌.ജെയിംസ്‌ ഡാനിയേൽ എന്ന മലയാളത്തിന്റെ പ്രിയപ്പെട്ട കവിയുടേതായിരുന്നു ആ നഗ്ന ശരീരം. മരണപ്പെട്ട്‌ കിടന്ന ജെയിംസിന്റെ ചിത്രങ്ങൾ അവിടവിടെ ചിതറി കിടക്കുന്നുണ്ടായിരുന്നു. ജെയിംസിന്റെ തലയ്ക്കടിയിലായി കിടന്നൊരു ചിത്രത്തിനു പിന്നിൽ, ടി എസ്‌ ഏലിയട്ടിന്റെ “ദ വെയിസ്റ്റ്‌  ലാന്റ്‌” എന്ന കവിതയുടെ മൂന്ന് വരികളും ഉണ്ടായിരുന്നു എന്നതിനപ്പുറം,ഫോറൻസിക്‌ വിദഗ്ദ്ധർക്കോ മരണകാരണം സയനേഡാണെന്നതല്ലാതെ ഓട്ടോപ്സി റിപ്പോർട്ടിൽ നിന്നോ കാര്യമായ ഒരു തുമ്പും ലഭിക്കാത്ത വിധം വിദഗ്ദ്ധമായി നടത്തിയൊരു കൊലപാതകം.


     ഏപ്രിൽ, മേയ്‌ മാസങ്ങളിലും ഇതേ രീതിയിൽ തന്നെ സാഹിത്യ രംഗത്ത്‌ നിന്നും ഓരോരുത്തർ കൂടി കൊല്ലപ്പെട്ടതോടെ, സാഹിത്യകാരന്മാരോട്‌ പകയുള്ള ഏതെങ്കിലും സീരിയൽ കില്ലർ ആവാം ഇതിനു പിന്നിലെന്ന നിഗമനത്തിൽ പോലീസ്‌ ഉദ്യോഗസ്ഥർ എത്തിച്ചേരുന്നു. മൂന്ന് ശവശരീരങ്ങളിൽ നിന്നും ലഭിച്ച കവിതാ ശലകങ്ങളുടെ പൂർണ്ണമായ കവിതയിൽ നിന്നും ലഭിച്ച സൂചനകളിൽ നിന്നും, ഓരോ കവിതയിലും അടുത്ത കൊലപാതകം എന്നാണു നടക്കുന്നത്‌ എന്നത്‌ ഒരു വെല്ലുവിളിയെന്ന പോലെ കൊലയാളി മുന്നറിയിപ്പ്‌ നൽകുന്നുണ്ട്‌ എന്നും ഡെറിക്‌ കണ്ടെത്തുന്നു.


     സൂചനകൾ പ്രകാരം അടുത്ത കൊലപാതകം ജൂൺ ഒന്നിനാണ് എന്ന് മനസിലാക്കാൻ ഡെറിക്കിനായെങ്കിലും പോലീസ്‌ തീർത്ത എല്ലാ പ്രതിരോധങ്ങളേയും തകർത്ത്‌ കൊണ്ട്‌ കബീർ ഹുസൈൻ എന്ന റിസോർട്ട്‌ ഉടമ സമാനമായ രീതിയിൽ അതേ ദിവസം കൊല്ലപ്പെടുന്നു. സീരിയൽ കില്ലറിനു സാഹിത്യ രംഗത്തുള്ളവരോടുള്ള പക എന്നത്‌ വെറും തെറ്റിദ്ധാരണയാണെന്നും മറ്റ്‌ എന്തോ വ്യക്തമായ ലക്ഷ്യം കൊലപാതകങ്ങൾക്ക്‌ പിന്നിൽ ഉണ്ടെന്നും കബീർ ഹുസൈന്റെ മരണത്തോടെ ഡെറിക്‌ മനസിലാക്കുന്നു. തുടർന്ന് ആവേശഭരിതമായ മുഹൂർത്തങ്ങളിലൂടെ കടന്ന് പോകുന്ന നോവൽ നല്ലൊരു വായനാനുഭവം ആസ്വാദകർക്ക്‌ സമ്മാനിക്കുന്നുണ്ട്‌.


     നോവലിന്റെ പുരോഗതിയിൽ വളരെ കുറച്ച്‌ ഭാഗത്തേ പരാമശിക്കപ്പെടുന്നുള്ളൂ എങ്കിലും “സത്യാന്വേക്ഷി” എന്ന ഓൺലൈൻ പത്രം ഉയർത്തുന്ന ആദർശ്ശങ്ങൾ നമുക്ക്‌ പ്രതീക്ഷ നൽകുന്നവയാണു. പേര് അന്വർത്ഥമാക്കുന്ന തരത്തിൽ,ഊഹാപോഹങ്ങൾക്ക്‌ പിന്നാലെ പോവാതെ സത്യം മാത്രം കണ്ടെത്തി പ്രസിദ്ധീകരിക്കുന്ന സത്യാന്വേക്ഷി, സ്വാർത്ഥ  താൽപര്യങ്ങൾക്കായി വാർത്തകൾ വളച്ചൊടിക്കുന്ന ഇന്നിന്റെ മാധ്യമങ്ങൾക്കൊരു മാതൃക കൂടിയാണ്.


     വിവാഹം കഴിഞ്ഞ്‌ പത്ത്‌ വർഷങ്ങൾക്കിപ്പുറവും സൂസന്ന എന്ന തന്റെ ഭാര്യയോടുള്ള ഡെറിക്കിന്റെ സ്നേഹവും കരുതലും നല്ല രീതിയിൽ അവതരിപ്പിക്കുമ്പോൾ തന്നെ മായ എന്ന ഡെറിക്കിന്റെ പ്രണയിനിയേയും മനോഹരമായി തന്നെ വരച്ച്‌ കാട്ടുവാൻ കഥാകാരിക്ക്‌ കഴിഞ്ഞിട്ടുണ്ട്‌. വിവാഹ ബന്ധം പോലെ തന്നെ വിവാഹേതര ബന്ധവും പവിത്രമായി സൂക്ഷിക്കാൻ കഴിയുമെന്നതിനു തെളിവാണ് ഡെറിക്കിന്റെയും മായയുടേയും പ്രണയം.


     വായനക്കാരനെ തെറ്റിദ്ധരിപ്പിച്ച്‌ വളഞ്ഞ വഴിക്ക്‌ നടത്താനുള്ള സ്ഥിരം കുബുദ്ധികൾ ഈ പുസ്തകം പ്രയോഗിക്കുന്നില്ലാ എന്നത്‌ എടുത്ത്‌ പറയേണ്ടതുതന്നെയാണ്. കഥാപാത്രങ്ങൾക്ക്‌ തങ്ങൾക്കിഷ്ടപെട്ട സങ്കൽപ്പ മുഖങ്ങൾ നൽകാനുള്ള വായനക്കാരന്റെ ആസ്വാദന സ്വാതന്ത്ര്യത്തിൽ കൈകടത്താതിരിക്കാൻ ശ്രദ്ധിച്ചുകൊണ്ട്‌ കഥാപാത്രവിശദീകരണം പരമാവധി ഒഴിവാക്കാൻ നോവലിൽ എഴുത്തുകാരി ശ്രദ്ധിച്ചിട്ടുണ്ട്‌. 


     ദിനക്കുറിപ്പുകളിലൂടെയും ഇന്റർവ്വ്യൂകളിലൂടെയും പത്ര സമ്മേളനത്തിലെ ചോദ്യോത്തരങ്ങളിലൂടേയും, അന്വേഷണ റിപ്പോർട്ടുകളിലൂടെയുമൊക്കെ വളരെ ലളിതമായി കഥപറയാനുള്ള ശ്രീപാർവ്വതിയുടെ ശ്രമം പൂർണ്ണമായും വിജയിച്ചു എന്ന് തന്നെ പറയാം. ഇടയ്ക്ക്‌ ചിലയിടങ്ങളിൽ എഡിറ്റിങ്ങിന്റേതായ ചില പിഴവുകൾ കടന്ന് വന്നിട്ടുണ്ടെങ്കിൽ കൂടിയും ഉദ്വേഗഭരിതമായി കഥ മുന്നേറുമ്പോൾ അത്തരം തെറ്റുകൾ പോലും ശ്രദ്ധിക്കപ്പെടാത്ത രീതിയിൽ വളരെ മനോഹരമായി രചന നടത്താനായി എന്നതിൽ എഴുത്തുകാരിക്കഭിമാനിക്കാം. എഴുത്തുകാരിക്കും എഴുത്തിനും  ആശംസകൾ.

അഭിലാഷ്‌ മണമ്പൂർ

തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങലിനടുത്ത്‌ മണമ്പൂർ സ്വദേശം. വായന ഇഷ്ട വിനോദം. ഇപ്പോൾ  ഷാർജ്ജയിൽ ജോലി ചെയ്യുന്നു. ബന്യാമിന്റെ സമാഹാരത്തിൽ ഡിസി ബുക്സ്‌ പുറത്തിറക്കിയ എന്ന് സ്വന്തം എന്ന കത്തുകളുട്‌ സമാഹാരത്തിൽ അഭിലാഷിന്റെ രചനയും ഉൾപ്പെട്ടിട്ടുണ്ട്‌