*വൃശ്ചിക പുലരികൾ കലിയുഗവരദ ദർശന പുണ്യം*

ഏതു കർമ്മം നടക്കുമ്പോഴും; ശുഭാശുഭ സൂചനകൾ ലോക സഹജമാണല്ലോ. 
ഗുരോ എന്തെങ്കിലും പിഴവു സംഭവിച്ചോ? അതിനാലാണോ അങ്ങയുടെ വിഷമത്തിനു കാരണമെന്ന് മഹാരാജാവ്,  വിശ്വകർമ്മാചാര്യനോടു ചോദിച്ചു. 
മഹാരാജൻ, ശിലാസ്ഥാപനം നടന്നുകഴിഞ്ഞല്ലോ, എന്നാൽ അഗ്നി കോണിൽ മുഖമായി നിൽക്കുന്നതുകാരണം ഇവിടെ എന്നെങ്കിലും അഗ്നി ബാധയുണ്ടാകാൻ സാദ്ധ്യതയുണ്ട്. വളരെ വിഷമത്തോടുകൂടി ശാന്ത സ്വരത്തിൽ ആചാര്യൻ മഹാരാജാവിന്മറുപടി കൊടുത്തു.
ഇതുകേട്ട് വളരെ പരിഭ്രാന്തനായ മഹാരാജാവ്, ഇതിനെന്തെങ്കിലും പരിഹാരമാർഗമുണ്ടോയെന്ന് വിശ്വകർമ്മാവിനോട് ആരായും വേളയിൽ ആകാശത്തിൽ നിന്ന് ഒരു അശരീരി കേൾക്കാനിടയായി.
*” ആ അഗ്നിബാധ നമ്മുടെ ഹിതപ്രകാരം ഉണ്ടാകുന്നതാണ്. കലികാലത്തുണ്ടാകുന്ന അശുദ്ധികളെയെല്ലാം നശിപ്പിക്കുന്നതിനായിട്ടാണ് അങ്ങനെയൊരഗ്നിബാധ ഉണ്ടാകാൻ പോകുന്നത്.  ഹേ, മഹാരാജൻ ഭയപ്പെടാതെ ആചാര്യവിധി പ്രകാരം അതിവേഗം തന്നെ ക്ഷേത്ര നിർമ്മാണം പൂർത്തീകരിക്കുക!”*
ആ അശരീരി  പന്തള മന്നന്റെ മനസ്സിലെ മ്ലാനതയൊക്കെ ദൂരീകരിക്കുന്നതിനു കാരണമായി. അതിനുശേഷം ദ്രുതഗതിയിൽ ക്ഷേത്രനിർമ്മാണ പ്രവൃത്തികൾ പൂർത്തീകരിക്കുകയും ചെയ്തു. 
അടുത്തത് ശ്രീധർമശാസ്താവിന്റെ വിഗ്രഹ നിർമ്മാണമാണ്. ഉചിതമായ സമയത്തുതന്നെ ഭഗവാൻ അരുളിച്ചെയ്ത പ്രകാരം ഒരു തേജസ്വിയായ അഞ്ജന ശാസ്ത്രജ്ഞൻ  അവിടെ എത്തിച്ചേർന്നു.  സാക്ഷാൽ പരശുരാമൻ തന്നെയായിരുന്നു  അഞ്ജനശാസ്ത്രജ്ഞൻ!
അയ്യപ്പന്റെ വിഗ്രഹനിർമ്മാണ രീതികൾ അഞ്ജനശാസ്ത്രജ്ഞൻ അഞ്ജനമിട്ടു കാണിച്ചു കൊടുത്തു.  പട്ടബന്ധം പൂണ്ട് ചിന്മുദ്രാങ്കിതനായി ഇരിക്കുന്ന ഭഗവാന്റെ നിരവധി വിഗ്രഹങ്ങൾ അതിൽ തെളിഞ്ഞു കാണപ്പെട്ടു.
ഇതിൽ ഏതു വിഗ്രഹമാണ് അനുയോജ്യമായെതെന്നറിയാതെആശയക്കുഴപ്പത്തിൽ നിന്ന മഹാരാജാവിനോട് , പട്ടബന്ധം പൂണ്ട് ചിന്മുദ്രാങ്കിതനായി, മുട്ടിൽ ഒരു കയ്യും ചേർത്തിരിയ്ക്കുന്ന വിഗ്രഹമാണ് പ്രതിഷ്ഠിക്കേണ്ടതെന്നു പറഞ്ഞപ്പോൾ, ഈ നീർദ്ദേശങ്ങളൊക്കെ തന്ന അങ്ങ് ആരാണെന്ന സത്യം ദയവായി വെളിപ്പെടുത്തണമെന്ന് പറയുകയും ;  പുഞ്ചിരിതൂകിക്കൊണ്ട് ശ്രീധർമശാസ്താവിന്റെ നിർദ്ദേശമനുസരിച്ചാണ് നാം ഇവിടെ എത്തിച്ചേർന്നതെന്നു പറഞ്ഞു കൊണ്ട്, സാക്ഷാൽ പരശുരാമ സ്വരൂപം കൈക്കൊണ്ട്, എല്ലാവരേയും അനുഗ്രഹിച്ചശേഷം അവിടെ നിന്നും അന്തർധാനം ചെയ്തു.
*സ്വാമിയേ ശരണമയ്യപ്പാ…*
തുടരും….

*സുജ കോക്കാട്*