പഠനം ഓൺലൈൻ ക്ലാസുകളിലൂടെയായതിനെത്തുടർന്ന് കുട്ടികളിൽ ഇൻറ്ർനെറ്റ് ഉപയോഗവും മൊബൈൽ ഫോണുകളുടെ ഉപയോഗവും വർദ്ധിച്ചിരിക്കുകയാണ്. എന്നാൽ ഇപ്പോൾ കുട്ടികൾ പഠനത്തിനേക്കാൾ കൂടുതൽ ഓൺലൈൻ ഗെയിമുകൾക്കായി മൊബൈൽ ഫോൺ ഉപയോഗിക്കുന്നുവെന്നതാണ് യാഥാർഥ്യം. വീടിനുപുറത്തു കളിച്ചുനടന്നവർ ഇപ്പോൾ മൊബൈൽ ഗെയിമുകളിലേയ്‌ക്ക് തിരിഞ്ഞു. കുട്ടികൾ അമിതമായി മൊബൈൽഫോൺ ഉപയോഗിക്കുന്നതിലൂടെ അവരുടെ സ്വാഭാവങ്ങളിൽ മാറ്റം വന്നതായും മാനസിക സംഘർഷങ്ങൾ അനുഭവിക്കുന്നതായും രക്ഷകർത്താക്കളുടെ പരാതിയും ഉയരുന്നു. പഠനകാര്യങ്ങളിലും ശ്രദ്ധപുലർത്താൻ കഴിയാതെയായ വിദ്യാർത്ഥികളെക്കുറിച്ചുള്ള ആശങ്കയും രക്ഷകർത്താക്കൾ പങ്കുവയ്ക്കുന്നു. പണം വച്ചുള്ള കളികളിലൂടെ സാമ്പത്തിക നഷ്ടമുണ്ടായ സംഭവങ്ങളും നിരവധിയാണ്. കേരള പോലീസിന്റെ ഓൺലൈൻ കൗൺസലിംഗ് സംരംഭത്തിൽ ഇതുമായി ബന്ധപ്പെട്ട് ധാരാളം കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഓൺലൈനിൽ നേരമ്പോക്കിനായി തുടങ്ങിയ കളികൾ ഇപ്പോൾ പരിധിവിട്ട് പണം ഉപയോഗിച്ചുള്ള കളികളിലേക്ക് മാറിയിട്ടുണ്ട്. ആദ്യം സൗജന്യമായി കളിക്കാൻ അനുവദിക്കുന്ന ഓൺലൈൻ സൈറ്റുകൾ പിന്നീട് കുട്ടികൾ ഇതിന് അടിമയാകുമ്പോൾ പണം ഈടാക്കിത്തുടങ്ങും. പലകുട്ടികളും പണത്തിനായി രക്ഷകർത്താക്കളുടെ അക്കൗണ്ടുകൾ ഉപയോഗിച്ചു തുടങ്ങി. അടുത്തിടെ കോട്ടയം ജില്ലയിൽ ഇത്തരത്തിൽ പണം നഷ്ടപ്പെട്ട നിരവധി കേസുകൾ റിപ്പോർട്ട് ചെയ്യുകയുണ്ടായി. ഓൺലൈൻ മൊബൈൽ ഗെയിമുകൾ വഴി ലക്ഷങ്ങളാണ് കുട്ടികൾ ചോർത്തുന്നത്. പേടിഎമ്മും, മറ്റ് അനുബന്ധവാലറ്റുകളും ഉപയോഗിച്ചാണ് ഇവർ ഗെയിം കളിക്കുന്നതിനായി പണം പിൻവലിക്കുന്നത്. ഓൺലൈൻ ഗെയിമിംഗ് കമ്പനികൾക്ക് പണം നിയമവിധേയമായി തന്നെ കുട്ടികൾ കൈമാറുന്നതിനാൽ പൊലീസിന് നടപടിയെടുക്കാനും സാധിക്കുന്നില്ല.

ഓൺലൈൻ ക്ലാസിനായി കുട്ടികൾക്ക് മൊബൈൽ ഫോണുകൾ നൽകുന്ന മാതാപിതാക്കൾ കൃത്യമായി അവരുടെ ഓൺലൈൻ ഇടപെടലുകളെ നിരീക്ഷിക്കണം. അവരുടെ ഫോണിലെ പ്രവർത്തനങ്ങൾ എന്താണെന്ന് പരിശോധിക്കണം. അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കുന്നതിനും നിയന്ത്രണങ്ങൾ ഏർപ്പെടുത്തണം. ഗെയിമുകൾക്ക് അഡിക്ട് ആയ കുട്ടികളെ ക്രമേണ അതിൽ നിന്നും പിന്തിരിപ്പിക്കുവാനുള്ള ശ്രമങ്ങളും രക്ഷകർത്താക്കളുടെ ഭാഗത്തു നിന്നുണ്ടാകണം.

KERALAPOLICE