പ്രശസ്ത പിന്നണി ഗായിക മഞ്ജരി വിവാഹിതയായി. കുട്ടിക്കാലം മുതല്‍ മഞ്ജരിയുടെ സുഹൃത്തും പത്തനംതിട്ട സ്വദേശിയുമായ ജെറിന്‍ ആണ് വരന്‍.അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരത്തു വച്ചായിരുന്നു വിവാഹം. സിനിമാരംഗത്തു നിന്നും നടന്‍ സുരേഷ് ഗോപിയും ഭാര്യ രാധികയും വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.മലയാള സംഗീത ലോകം കണ്ട എണ്ണമറ്റ ഗായകരില്‍ ഏറ്റവും മികച്ച ഒരു പാട്ടുകാരി തന്നെയാണ് മഞ്ജരി എന്ന് നിസംശയം പറയാം. സത്യന്‍ അന്തിക്കാട് സംവിധാനം അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലെ ‘താമരക്കുരുവിക്ക് തട്ടമിട്’ എന്ന ആദ്യ ഗാനത്തിലൂടെ തന്നെ മലയാളികളുടെ മനസില്‍ സ്ഥാനം നേടിയ പാട്ടുകാരി. പാട്ടിയ പാട്ടുകളില്‍ ഒട്ടുമിക്കതും ഹിറ്റ്. മലയാളത്തിലെ ഏറ്റവും സീനിയറായ എല്ലാ സംഗീത സംവിധായകര്‍ക്കൊപ്പവും ചെറിയ പ്രായത്തിലേ പാടാന്‍ അവസരം ലഭിച്ച പാട്ടുകാരി. സിനിമാ പിന്നണി ഗായിക എന്നതിലുപരി മികച്ച ഒരു ഗസല്‍ ഗായിക.രണ്ട് തവണ സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും മികച്ച പിന്നണി ഗായികയ്ക്കുള്ള പുരസ്കാരം മഞ്ജരി സ്വന്തമാക്കിയിട്ടുണ്ട്. 2004ല്‍ പുറത്തിറങ്ങിയ ‘മകള്‍ക്ക്’ എന്ന ചിത്രത്തിലെ ‘മുകിലിന്‍ മകളേ’ എന്ന ഗാനത്തിനും, 2008ല്‍ പുറത്തിറങ്ങിയ ‘വിലാപങ്ങള്‍ക്കപ്പുറം’ എന്ന ചിത്രത്തിലെ ‘മുള്ളുള്ള മുരിക്കിന്‍ മേല്‍’ എന്ന ഗാനത്തിനുമായിരുന്നു പുരസ്കാരങ്ങള്‍.