Athira Jose, [27/03/2023 23:48]
ദുബൈ: പൗരന്‍മാരുടെ ഭവനപദ്ധതിക്കായി 29 കോടി ദിര്‍ഹം (600 കോടി രൂപ) അനുവദിച്ച്‌ യു.എ.ഇ. ശൈഖ് സായിദ് ഭവന പദ്ധതിയുടെ ഭാഗമായാണ് തുക അനുവദിച്ചത്.ദാനധര്‍മങ്ങളുടെ മാസമായ റമദാനില്‍ യു.എ.ഇ പൗരന്‍മാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനും അവര്‍ക്ക് മാന്യമായ ജീവിതം ഉറപ്പാക്കാനും ശൈഖ് സായിദ് വഴി ശ്രമം തുടരുമെന്ന് യു.എ.ഇ അടിസ്ഥാന വികസന വകുപ്പ് മന്ത്രി സുഹൈല്‍ അല്‍ മസ്റൂയി പറഞ്ഞു.വീട് നിര്‍മാണം, പൂര്‍ത്തീകരിക്കല്‍, സ്ഥലം വാങ്ങിക്കല്‍, അറ്റകുറ്റപ്പണി, വിപുലീകരണം എന്നിവക്കെല്ലാം തുക അനുവദിക്കും. ഭവന പദ്ധതിക്കായി അപേക്ഷിച്ച എല്ലാ അപേക്ഷകളും സ്വീകരിച്ച്‌ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ യു.എ.ഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ 230 കോടി ദിര്‍ഹം അനുവദിച്ചിരുന്നു. അടുത്ത അഞ്ച് വര്‍ഷത്തിനുളളില്‍ ഈ അപേക്ഷകളെല്ലാം തീര്‍പ്പാക്കുമെന്നും അറിയിച്ചിരുന്നു. ഇതിന്‍റെ ഭാഗമായാണ് 432 കുടുംബങ്ങള്‍ക്കായി 29 കോടി ദിര്‍ഹം അനുവദിച്ചത്.

പലിശ രഹിതമായാണ് പദ്ധതിയില്‍ പണം അനുവദിക്കുന്നത്. കുറഞ്ഞ വരുമാനക്കാര്‍ 25 വര്‍ഷം കൊണ്ട് ഈ തുക തിരിച്ചടച്ചാല്‍ മതി. 1999ലാണ് ഈ പദ്ധതിക്ക് തുടക്കം കുറിച്ചത് . വന്‍ തുകകളുടെ ഭവന വായ്പകള്‍ എഴുതിത്തള്ളുന്നതും യു.എ.ഇയില്‍ പതിവാണ്. അനാഥര്‍, വിധവകള്‍, പ്രായമായവര്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്കാണ് മുന്‍ഗണന.

പൗരന്‍മാര്‍ക്ക് മാന്യമായ താമസ സൗകര്യമൊരുക്കാന്‍ യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം, സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി എന്നിവരും കോടിക്കണക്കിന് ദിര്‍ഹമിന്‍റെ സഹായം പ്രഖ്യാപിച്ചിരുന്നു.