മലയാളികളിലേറെയും പൊതുവേ ഈഗോ വെച്ചുപുലര്‍ത്തുന്നവരാണെന്നും കഠിനാധ്വാനത്തിന് തയ്യാറാകാത്തവരാണെന്നും ഹൈക്കോടതി.അതിഥി തൊഴിലാളികള്‍ മൂലമാണ് കേരളത്തില്‍ പല ജോലികളും നടക്കുന്നത്. അതിഥിത്തൊഴിലാളികള്‍ സംസ്ഥാനത്തിന്റെ വികസനത്തിനു നല്‍കിയ സംഭാവന വളരെ വലുതാണെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചൂണ്ടിക്കാട്ടി.എറണാകുളത്ത് നെട്ടൂരിലെ മൊത്തവ്യാപാര മേഖലയില്‍നിന്ന് അതിഥിത്തൊഴിലാളികളെ കുടിയൊഴിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് ഹൈക്കോടതി ഇത് വാക്കാല്‍ പറഞ്ഞത്. കഠിനാധ്വാനത്തിന് മലയാളികള്‍ തയ്യാറാകാതെ വന്നതാണ് അതിഥിത്തൊഴിലാളികളുടെ വരവിനു കാരണമായതെന്നും കോടതി പറഞ്ഞു.

നെട്ടൂരിലെ മാര്‍ക്കറ്റില്‍ അതിഥിത്തൊഴിലാളികള്‍ക്ക് താമസിക്കാനും ഭക്ഷണം പാകം ചെയ്യാനും വ്യാപാരികള്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. എന്നാല്‍, ഇവരുടെ ലഹരിമരുന്ന് ഉപയോഗം മറ്റുള്ള തൊഴിലാളികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നാരോപിച്ചാണ് ഹര്‍ജിക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജിയില്‍ ജില്ലാ കളക്ടര്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാൻ ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഹര്‍ജിയിലെ ആരോപണങ്ങള്‍ ഗൗരവമുള്ളതാണെന്ന് കോടതി പറഞ്ഞു. ഹര്‍ജി ഒരു മാസത്തിനുശേഷം വീണ്ടും പരിഗണിക്കും.