ഒരുദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ് പ്രാതല്‍. ഊര്‍ജസ്വലമായ ഒരു ദിനം ആംരഭിക്കുന്നതില്‍ പ്രാതലിന്റെ പങ്കുവലുതാണ്.പക്ഷേ ഇതൊക്കെ അറിയാമെങ്കിലും പ്രാതലിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച്ച ചെയ്യുന്നവര്‍ ഏറെയാണ്. തിരക്കിട്ട ഓട്ടത്തിനിടയില്‍ പ്രാതല്‍ പേരിനുകഴിച്ചെന്നു വരുത്തുന്നവരും സമയം വൈകിക്കഴിക്കുന്നവരുമൊക്കെ ഏറെയാണ്. എന്നാല്‍ പ്രാതല്‍ കഴിക്കുന്നത് എത്രത്തോളം വൈകിക്കുന്നോ അത്രത്തോളം ഹൃദയാരോഗ്യവും മോശമാകുമെന്നാണ് പുതിയൊരു പഠനത്തില്‍ പറയുന്നത്.ആരോഗ്യകരമായ ശരീരം എന്തു കഴിക്കുന്നു എന്നതിനെ മാത്രം ആശ്രയിച്ചല്ല മറിച്ച്‌ എപ്പോഴൊക്കെയാണ് കഴിക്കുന്നത് എന്നതുകൂടി കണക്കിലെടുത്താണെന്നു പറയുകയാണ് ഗവേഷകര്‍. ഭക്ഷണം കഴിക്കുന്നതിന്റെ സമയത്തിന് ഉറക്കത്തേയും ഉണര്‍ന്നിരിക്കലിനേയും സ്വാധീനിക്കാനുള്ള ശേഷിയുണ്ടെന്നും അതുവഴി ആരോഗ്യത്തെയാകെ ബാധിക്കുമെന്നും ഗവേഷകര്‍ പറയുന്നു.

ദിവസത്തില്‍ വൈകി ഭക്ഷണം കഴിക്കുന്നവരില്‍ കലോറി എരിയുന്നതിന്റെ വേഗം കുറവാണെന്നും കൊഴുപ്പടിയാനുള്ള സാധ്യത കൂടുതലാണെന്നും നേരത്തേ നടത്തിയ ചില പഠനങ്ങളില്‍ പുറത്തുവന്നിരുന്നു. ന്യൂട്രിനെറ്റ് സാന്റെ സ്റ്റഡി എന്ന പേരില്‍ പുറത്തിറക്കിയ പഠനത്തെ ആസ്പദമാക്കിയാണ് യൂറോപ്പിലെ ഒരുകൂട്ടം ഗവേഷകര്‍ വിലയിരുത്തല്‍ നടത്തിയത്. ഫ്രാൻസിലെ 175,000 പേരുടെ പോഷകാഹാരനിലയും ആരോഗ്യവും വിലയിരുത്തി 2009-ലാണ് പ്രസ്തുത പഠനം നടത്തിയത്. തുടര്‍ന്ന് നടത്തിയ ഗവേഷണത്തിലാണ് പ്രാതല്‍ വൈകിക്കുന്നവരില്‍ ഹൃദ്രോഗസാധ്യത കൂടുതലാണെന്ന് കണ്ടെത്തിയത്.