ഗതാഗതവകുപ്പിന്റെ എ.ഐ. ക്യാമറയില്‍ കുടുങ്ങിയ പോലീസ് വാഹനം പിഴ അടയ്ക്കാതെ വീണ്ടും പായുന്നു. കൊല്ലം സിറ്റി പോലീസിന്റെ വിവിധ സ്റ്റേഷനുകളുടെ പരിധിയില്‍ പരിശോധനയ്ക്കായി കറങ്ങുന്ന കണ്‍ട്രോള്‍ റൂമിലെ സി.ആര്‍.വി.എട്ട് വാഹനമാണ് തുടര്‍ച്ചയായി നിയമലംഘനം നടത്തി നിരത്തില്‍ കറങ്ങുന്നത്. ചവറ പോലീസ് സ്റ്റേഷൻ പരിധിയിലെ കണ്‍ട്രോള്‍ റൂമിലെ വാഹനം നിയമലംഘനം നടത്തിയത് 31 തവണയാണ്.

യാത്രക്കാര്‍ സീറ്റ് ബെല്‍റ്റ് ഇടാത്ത കുറ്റത്തിനാണ് ഏറെയും പിഴ. ചവറ ടൈറ്റാനിയം ജങ്ഷനിലെ എ.ഐ. ക്യാമറയിലാണ് കൂടുതല്‍ തവണയും ഈ വാഹനം കുടുങ്ങിട്ടുള്ളത്. കഴിഞ്ഞ ജൂണ്‍ 15 മുതല്‍ ഒക്ടോബര്‍ 26 വരെ പിഴ ഇനത്തില്‍ അടയ്ക്കാനുള്ളത് 23,000 രൂപയാണ്. ഇതില്‍ അഞ്ചുതവണവീതം ആകെ 2,500 രൂപ മാത്രമാണ് പിഴ അടച്ചത്. സംസ്ഥാന പോലീസ് മേധാവിയുടെ പേരിലാണ് വാഹനം. പിഴ വരുന്നതും അദ്ദേഹത്തിന്റെ പേരിലാണ്. പോലീസ് വകുപ്പിലെ വാഹനങ്ങള്‍ ഗതാഗതനിയമം ലംഘിച്ചാല്‍ മോട്ടോര്‍വാഹനവകുപ്പ് ചുമത്തുന്ന പിഴത്തുക ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തന്നെ അടയ്ക്കണമെന്നാണ് ഡി.ജി.പി.യുടെ ഉത്തരവ്.