വായനയുടെ ലോകത്ത് ചുറ്റിത്തിരിയുമ്പോൾ യദൃശ്ചയാ കയ്യിൽ വന്നു ചേർന്നതാണ് ശ്രീമതി ശ്രീദേവിവർമയുടെ ചിത്തമന്ത്രണങ്ങ ൾ ..ജാലവിദ്യകളൊന്നും തന്നെയില്ലാതെ സാർവ ജനീകഭാഷാപാടവത്താൽ വായനക്കാരന്റെ ഹൃദ്സ്പന്ദനമാവുന്നു ഇതിലെ ഓരോ കഥയും .. സമകാലികസംഭവങ്ങളിലെ സാമാന്യജനതയുടെ ആശങ്കകളെയും നിസഹായതകളെയും ലളിതാക്ഷരങ്ങളിലൂടെ സമൂഹമനസാക്ഷിയിലേക്ക് സംവേദിക്കുന്നു കഥാകാരി .. ഒപ്പം തന്നെ കാലഹരണപ്പെടാത്ത സ്ത്രീപക്ഷസഹനങ്ങളെയും പരിത്യാഗങ്ങളെയും മഹത്വം ചോരാതെ ചരിത്രത്തോട് നീതിപുലർത്തി സാഹിതീപൂജ ചെയ്യുന്നതിലും ശ്രീദേവി ശ്രദ്ധ പുലർത്തുന്നു ..


രാഷ്ട്രപുരോഗതിയുടെ മൂലാധാരശിലകളിലൊന്നായ ആണവപദ്ധതി നടപ്പിലാവുമ്പോഴുണ്ടാകുന്ന സമസ്യകളും സാമാന്യജനത്തിന്റെ ഭീതിയും പ്രാദേശികരുടെ നിസ്സഹായതയും ഒപ്പം തന്നെ അപകടത്തിന്റെ വ്യാപ്തിയും വിളിച്ചോതുന്നു കാളകൂടം .. പേരുപോലും നാശത്തിന്റെ വ്യാപ്തി അധിഷ്ഠാനമായിട്ടുള്ളതാണ് .. ആദ്യേതിഹാസമായ രാമായണത്തിലൂന്നി സമകാലികവർഗീയലഹളയുടെ നേർചിത്രം വരച്ചിടുന്നു സരയൂനദി കരയാറില്ല .. ശാന്ത സൗമ്യതയെന്ന് പ്രസ്താവിക്കുമ്പോഴും യുഗാന്തരങ്ങളിലെ നൊമ്പരം ഏറ്റു വാങ്ങി മരവിച്ച സരയുവിനെ വാക്കുകൾക്കിടയിലൂടെ കാണാം .. പെൺപിറവികൾ രണ്ടാം തരമാവുന്ന ഉത്തരേന്ത്യൻ ശൈലിയും പരാതന്ത്രമായ അവരുടെ അതിജീവനയത്നങ്ങളും കോറിയിടുന്നു ബൊമ്മക്കോലങ്ങൾ .. രാധയുള്ളതിനാലോ കൃഷ്ണാ നീ മീരയെ കൈവിട്ടു എന്ന ചോദ്യത്തിൽ ദക്ഷിണേന്ത്യയിലേക്ക് ഉപജീവനത്തിനായി എത്തുന്ന നിസ്സഹായരായ ഉത്തരേന്ത്യൻ പെൺകുട്ടികളുടെ അരക്ഷിതാവസ്ഥയും നിശബ്ദമായ വിലാപവും കാണാം .. പാഠഭേദങ്ങളുടെ അപര്യാപ്തയെന്ന് തോന്നുമാറ് വിഷയങ്ങളിൽ വ്യാപരിച്ചൊടുവിൽ അസംതൃപ്തമായ ആത്മബോധത്തിന്റെ അടങ്ങാത്ത വിങ്ങൽ അലകളിലൊഴുക്കുന്നു കല്പിതം ..

പുണ്യഭൂമിയിൽ പണ്യജീവിതങ്ങളായവരുടെ നേർക്കാഴ്ചയാണ് നിശാഗന്ധികള് പകരുന്നത് .. ഇരുളിൽ ഞെരിയുന്ന ജീവിതക്കോലങ്ങളെയും സാഹചര്യങ്ങളോട് പൊരുതി പരുക്കനാകുന്ന സ്വഭാവവും നിഷ്കളങ്കമായ അവരുടെ വിശ്വാസയുക്തിരാഹിത്യവും നിശാഗന്ധിസുമങ്ങൾ പോലെ അക്ഷരക്കൂട്ടുകളിൽ ആവാഹിക്കപ്പെടുന്നു .. യമുനോത്രി മുതൽ യമസോദരിയുടെ പൗരാണികതയും യാത്രാവഴികളും ഹൃദ്യമായി വിവരിക്കുന്നു ചപലകാളിന്ദി .. പഴങ്കഥ മണക്കുന്ന വൃന്ദാവനത്തിൽ നിശബ്ദമായിപ്പോയ ചിലങ്ക മുതൽ കലിയുഗത്തിലെ താജിന്റെ പ്രണയാർദ്രതയും രക്തപങ്കിലതയും പേറി അവളുടെ പ്രയാണം അനുവാചകഹൃദയത്തിലൂടെയാകുമെന്നതിൽ സംശയം വേണ്ട ..ആത്മസമർപ്പണത്തിലും അവഗണനയിലുമുഴന്ന മനസ് അഭയമറ്റ് ആത്മഹത്യയിലേക്ക് നടന്നു കയറുമ്പോൾ കഥാകാരി ഇങ്ങനെ കുറിക്കുന്നു .. ഒരു പെസഹാദിനം കൂടി ..ആശ്രമങ്ങൾ പോലും അരക്ഷിതമാണെന്ന പെണ്മനസിന്റെ തിരിച്ചറിവുകൂടിയാണ് ഒരു പെസഹാദിനം കൂടി ..സ്ത്രീത്വത്തിന്റെ നിസഹായതയെ പൂർണമായി ആവാഹിച്ച് സമൂഹമനസാക്ഷിക്ക് നേരേ ചൂണ്ടുന്ന വിരൽ കൂടിയാണീ കഥ .. മാതൃവാത്സല്യവും നഷ്ടവും ഛായാചിത്രമായി വരച്ചിടുന്നു ദർപ്പണം .. ഒപ്പം മാതൃത്വത്തിലേക്കുള്ള കാലാതിവർത്തിയായ തനിയാവർത്തനവും ദർപ്പണത്തിലൂടെ വേദ്യമാകുന്നു .. ജനകപുത്രിയായിരുന്നിട്ടും ആ പേരു പോലും ദാനമായി വളർത്തുമകൾക്ക് നല്കി നിശബ്ദയായ ഊർമിള ..സ്വജീവിതം ജ്യേഷ്ഠനു നിഴലായി സമർപ്പിച്ച ലക്ഷ്മണന് പാതിയായ ഊര്മിള ,, അവളുടെ മൗനം നിത്യവിരഹിണിയായ , നിശബ്ദപരിത്യാഗിനിയായ മാളികപ്പുറത്തമ്മയെ കണ്ടു മുട്ടുമ്പോൾ പ്രയാണം സഹനത്തിന്റേതാകുന്നു .. പുരുഷന്റെ സാധനാപ്രസ്ഫുരത നിശബ്ദയായ സ്ത്രീയുടെ സഹനജ്വാലയാണെന്ന് , അവളുടെ പരിത്യാഗമാണെന്ന് പ്രയാണം സ്ഥാപിക്കുമ്പോൾ അനവരതം അനുവർത്തിക്കപ്പെടുന്ന സ്ത്രൈണസമർപ്പണങ്ങളെ ഓർമിപ്പിക്കുകയാണ് രണ്ട് യുഗങ്ങളിലെ രണ്ട് കഥാപാത്രങ്ങളിലൂടെ

മരവിച്ച മനസാക്ഷികളെയും മൃദുലവികാരങ്ങളെയും കാത്തിരിപ്പിന്റെ നൊമ്പരവും കോർത്തിണക്കുന്നു മരിക്കാത്ത ഹൃദയം .. ഗ്രീക്ക് മിഥോളജിയുടെ കൂട്ടുപിടിച്ച് കൌമാരനിഷ്കളങ്കതയെ , പിച്ചിചീന്തപ്പെടുന്ന മൃദുലതയെ വിഫലമായ പ്രാർത്ഥനകളെ , ബാല്യങ്ങളെ വട്ടമിടുന്ന കഴുകൻ കണ്ണുകളെ ചൂണ്ടിക്കാട്ടുന്നു പുനർജനിയുടെ കൂട് .. ഉത്തരവാദിത്തങ്ങളുപേക്ഷിച്ച് ശാന്തത തേടിയിറങ്ങിയ സിദ്ധാർത്ഥനോട് ജന്മനൊമ്പരം ഏറ്റു വാങ്ങിയ യശോധരയുടെ ചോദ്യങ്ങളും മുന്നിലെ സന്യാസിവര്യനോടുള്ള ജന വിശ്വാസം കണ്ടുള്ള പിന്മാറ്റവും ഒപ്പം തന്നെ അവളിലെ തിരിച്ചറിവും പകർത്തിയെഴുതുന്നു യശോധര ഉറങ്ങിയിട്ടില്ല .. നഷ്ടങ്ങളെ അളക്കാനാവാത്ത ജീവിതയാത്രയിൽ നേട്ടങ്ങളെ കോറിയിടാതെ ജീവിതത്തിന്റെ ഇതളുകൾ പകർത്തുന്ന ഹൃദയസ്പന്ദനങ്ങൾ.. ചിത്തമന്ത്രണങ്ങൾ …..

….അളകനന്ദ….
തിരുവനന്തപുരത്ത് ബാലരാമപുരം, വെൺപകൽ സ്വദേശിനിയാണ്. അധ്യാപികയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മാധ്യമരംഗത്ത് സംസ്കൃതപ്രചാരണകാര്യങ്ങൾ ചെയ്തു വരുന്നു.