ചാരത്തെവിടെയോ ചാതുര്യം പൊലിഞ്ഞീടും
ചേതസ്സിൽ വിങ്ങുന്ന തപ്തനിശ്വാസങ്ങൾ

ആരോ ഞെരിച്ചൊരാ പുഷ്പത്തിൻ രേണുക്കൾ
ആത്മാവിലഗ്നിയായ് നെരിപ്പോടായെരിയുന്നു.

മാറിടം കീറിയും ചുടുചോര മോന്തുവാൻ
മുഖം മൂടിയണിഞ്ഞവർ മാറാല നെയ്യുന്നു.

ചതുരംഗപ്പലകയിൽ ചാരിത്ര്യം ഛേദിക്കാൻ
ചതുരങ്ങൾ മാറ്റിയും പുതുകളം ചമയ്ക്കുന്നു.

നിറമുള്ള സ്വപ്നങ്ങൾ നിഴൽ രേഖയാക്കിയോർ
ചുടുനിണം തൊട്ടും നഗ്നചിത്രംചമച്ചവർ

പിഞ്ചിളംകുഞ്ഞിന്റെ കരിവളക്കൊഞ്ചലിൽ
കാമസ്വരത്തിന്റെ ഈണംതെരഞ്ഞവർ

വിടാതെ വധിച്ചൊരാ കുഞ്ഞിന്റെ ജാതക-
വിധിയെപ്പഴിച്ചും വേദാന്തം വിളമ്പുന്നു.

ഉലയിൽ വച്ചൂതിയ കനൽക്കട്ടപോലവേ
എരിയുന്ന മാതാവിൻ നീറ്റലവരറിയുമോ?

പെണ്ണിന്റെ മാംസം പച്ചയ്ക്ക് തിന്നുന്നോർ
അവളുടെ മേനിയിൽ കാർക്കിച്ചും തുപ്പുന്നു.

കണ്ണുനീർ പാടത്ത് കാമം വിതയ്ക്കുവാൻ
കളപ്പുരയൊരുക്കിയും കാത്തിരിക്കുന്നു.

പൈശാചികത്വത്തിൻ ഗരിമയിൽമഥിക്കുവാൻ
പടയൊരുക്കിയും പാടവം നടത്തുന്നു.

കണ്ണുനീരുപ്പിന്റെ കഥയറിയാത്തവർ
വ്രണിതദുഃഖത്തിലും ഗാഥകൾ മീട്ടുവോർ
വ്യർത്ഥജന്മങ്ങളിന്നലയുന്ന ധരണിയിൽ
കർമ്മധർമ്മങ്ങൾക്ക് വിലപേശാനാകുമോ?

നിങ്ങൾക്കുനീതിയെന്നുറക്കെ മൊഴിഞ്ഞിടും
നിയമങ്ങൾ നീതിയ്ക്കന്യമെന്നും ചൊല്ലിടും
നീറുന്നവേഷങ്ങൾ മാറ്റിയണിഞ്ഞിടാൻ
നിൻകരങ്ങൾക്കാവില്ല നിന്റെ തൃഷ്ണയ്ക്കും.

കാലങ്ങൾ മാറുന്നു കാഴ്ചകൾമാറുന്നു
കാട്ടാളവർഗ്ഗത്തിൻ നീചത്വം പെരുകുന്നു
തന്നെ മറന്നവർ ചേതന ചോർന്നവർ
ചേതോവികാരങ്ങളൊന്നുമറിയാത്തവർ..

ഇന്നു ഞാനറിയുന്നു
ഇന്നു ഞാനിവിടില്ല
എന്റെയും നിന്റെയും നിനവുകളുമിവിടില്ല..

ഇവിടൊരു സ്വർഗ്ഗം ചമയ്ക്കുവാനാകുമോ?
ഇവിടൊരു വസന്തമിനി വിടർന്നീടുമോ?

നീചവേഷങ്ങളിന്നാടിത്തിമർത്തോരെ
പൂട്ടുവാൻ ചങ്ങല കാലം കരുതട്ടെ

ഇനിയും ക്ഷമിക്കാം ഇന്ദ്രിയങ്ങളടക്കാം
ഇവിടുത്തെ നാളെകൾ ധന്യമായീടുവാൻ…!

…കവിതാ വിശ്വനാഥ്…