ഭാരതീയ ചലച്ചിത്ര രംഗത്തെ അനിതര പ്രതിഭ, എസ് പി ബി എന്ന ചുരുക്കപ്പേരിൽ വിഖ്യാതനായ  ശ്രീപതി പണ്ഡിതാരാധ്യുല ബാലസുബ്രഹ്മണ്യം അനന്ത സംഗീതാത്മകതയിൽ അലിഞ്ഞു ചേർന്നു. ഭാരതത്തിന്റെ പരമോന്നത ബഹുമതികളായ പദ്മശ്രീയും പദ്മഭൂഷണും അടക്കം ആറ് ദേശീയ അവാർഡുകളാണ് പ്രിയസംഗീതജ്ഞന്റെ പുരസ്കാരപ്പട്ടികയിൽ ഇടം നേടിയത്.


               ഹൃദയ – ശ്വാസകോശസംബന്ധങ്ങളായ അസുഖങ്ങളെ തുടർന്ന്  ചെന്നൈ എം.ജി.എം ഹെൽത് കെയറിൽ പ്രവേശിപ്പിച്ച   അദ്ദേഹത്തിന് കഴിഞ്ഞ മാസം അഞ്ചാം തീയതി കോവിഡ് സ്ഥിരീകരിച്ചിരുന്നു. കോവിഡിൽ നിന്നും മുക്‌തനായെന്നും ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെന്നും മകൻ നേരത്തേ അറിയിച്ചിരുന്നു.           

ആന്ധ്ര പ്രദേശിലെ നെല്ലൂരിനടുത്തുള്ള  കൊനെട്ടമ്മപ്പേട്ടയിൽ നാടക നടനും ഹരികഥാ കലാകാരനുമായിരുന്ന പി. സാംബ മൂർത്തിയുടെയും ശകുന്തളാമ്മയുടെയും  മകനായി 1946 ജൂൺ നാലിനാണ് എസ് പി ബി യുടെ ജനനം. 1966 മുതൽ സംഗീത രംഗത്ത് പ്രവർത്തിക്കുന്ന പ്രതിഭ  പിന്നണി ഗായകൻ എന്ന നിലയിൽ മാത്രമല്ല ചലച്ചിത്ര നിർമാണ രംഗത്തും ചലച്ചിത്രമേഖലയ്ക്ക് സുപരിചിതനാണ്.1966 ൽ തുടങ്ങിയ ചലച്ചിത്ര പിന്നണിഗാന സപര്യയിൽ പതിനൊന്ന് ഭാരതീയ ഭാഷകളിലായി 39000 ഗാനങ്ങൾ പാടിയ എസ് പി ബി ക്ക് ഏറ്റവുമധികം പിന്നണി ഗാനങ്ങൾ പാടിയ ഗായകൻ എന്ന ഗിന്നസ് റെക്കോർഡ് സ്വന്തമാണ്. നടൻ , സംഗീത സംവിധായകൻ , ഡബ്ബിങ് ആർട്ടിസ്റ്റ് എന്നീ നിലകളിലും എസ് പി ബാലസുബ്രമണ്യം പ്രശസ്തനാണ്.            സാവിത്രിയാണ് ഭാര്യ. എസ് പി ബി ചരൺ , പല്ലവി എന്നിവർ മക്കളാണ്.

ഭാര്യയും മക്കളും സഹോദരി എസ് പി ഷൈലജയും ചലച്ചിത്രമേഖലയിലെ പ്രമുഖരുമെല്ലാം ആശുപത്രിയിൽ സന്നിഹിതരായിട്ടുണ്ട്.

സഹൃദയലോകം മുഴുവൻ അദ്ദേഹത്തിന്റെ തിരിച്ചുവരവിനായിപ്രാർത്ഥിച്ചുകൊണ്ടിരിക്കവേയാണ് എല്ലാവരുടേയും പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ചുകൊണ്ട് ആ മഹാപ്രതിഭ ഗാനങ്ങളും ഈണങ്ങളും ബാക്കിയാക്കി അനന്തതയിൽ ലയിച്ചത്.

സംഗീതലോകത്തിൽ നികത്താനാവാത്ത നഷ്ടം സമ്മാനിച്ച് മടങ്ങുന്ന ആ മഹാപ്രതിഭയുടെ ആത്മാവിന് സ്കോട്ടിഷ് മലയാളി നിത്യശാന്തി നേരുന്നു.