കണ്ണുകളെക്കബളിപ്പിക്കാനായ് കഴിവുള്ളവളീ ഞാനെങ്കില്‍
ആരും കാണാക്കള്ളപ്പണമങ്ങെന്നേ കണ്ടുപിടിച്ചേനെ
ആധികള്‍ വ്യാധികളുള്ളോര്‍ക്കെല്ലാം ഞാനത് കൊണ്ടുകൊടുത്തേനെ

രോഗമകറ്റും ശാന്തിയണയ്ക്കും പാവങ്ങള്‍ക്കാ ധനമെന്നും
കൊള്ളയടിക്കും കൊലയാളികളെ മണ്ണിന്നടിയില്‍ തള്ളും ഞാന്‍.

പിച്ചിച്ചീന്തിക്കഴുകനു നല്‍കും പീഡനമെങ്ങാന്‍ ചെയ്‌തെന്നാല്‍
വൃദ്ധന്മാരെ, നാരികളേയും മാനിക്കാതെ നടന്നെന്നാല്‍
വൃക്ഷത്തില്‍ ഞാന്‍ ബന്ധിച്ചേനെ അഗ്‌നിക്കിരയായ്ത്തീര്‍ത്തേനെ

അച്ഛനെനോക്കാതമ്മയെ നോക്കാതവരെ പെരുവഴിയാക്കുന്നോര്‍
ഇഷ്ടംപോലെ ചാട്ടയ്ക്കടിയവരുടെ ശമ്പളമെന്‍ കയ്യാല്‍

തന്നുടെ കൃത്യം വിസ്മൃതമാക്കിയ കൈക്കൂലിക്കാരുണ്ടെന്നാല്‍
കയ്യും കാലും കെട്ടിവരിഞ്ഞീ തെരുവില്‍ നീളെ നടത്തിക്കും.

എന്നും തന്നുടെ പെമ്പ്രന്നോരെ തല്ലാതൊട്ടുമുറങ്ങാത്തോര്‍
പകലും രാവും പണിചെയ്യിക്കണം, അവരെപ്പട്ടിണിയാക്കേണം,

വോട്ടും വാങ്ങി നോട്ടും കൂട്ടി നാടുമുടിച്ചോരു നേതാവേ
മുണ്ടില്ലാതെ നിന്നെ ഞാനീ തെരുവില്‍ നീളെ നടത്തീടും

ഇങ്ങനെയൊക്കെ ചെയ്യും ഞാനെന്നീശ്വരനെന്നേ ചിന്തിച്ചു
ഒട്ടുമദൃശ്യതയിതല്ലാതെന്നെ ഈ രൂപത്തില്‍ സൃഷ്ടിച്ചു.
…ജസിന്താ മോറിസ്…

ഏജീസ് ഓഫീസിൽ സീനിയർ അക്കൌണ്ടന്റ് ആയി ജോലി ചെയ്യുന്നു. ഇംഗ്ലിഷിലും ഹിന്ദിയിലും മലയാളത്തിലും കവിതകൾ എഴുതാറുണ്ട്. പന്ത്രണ്ട് പുസ്തകങ്ങളും രണ്ട് ആൽബവും പുറത്തിറങ്ങിയിട്ടുണ്ട്. മുപ്പത്തിയേഴോളം അവാർഡുകൾ സ്വന്തം. പല പ്രമുഖ വ്യക്തികളുടേയും പ്രശംസയ്ക്ക് അർഹയായിട്ടുണ്ട്. സാമൂഹ്യസാംസ്കാരിക സംഘടനകളിലും അംഗത്വവുമുണ്ട്. തിരുവനന്തപുരത്താണ് സ്ഥിരതാമസം.