എലത്തൂരിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിനുള്ളിൽ തീവച്ച കേസിൽ പിടിയിലായ ഷഹറൂഖ്‌ സെയ്‌ഫിക്ക് തീവ്രവാദ ബന്ധമുണ്ടെന്ന് അന്വേഷണ സംഘം സംശയിക്കുന്നുണ്ട്. ഇയാളെ പ്രാഥമിക ചോദ്യം ചെയ്യലിന് വിധേയനാക്കിയപ്പോൾ തീവ്രവാദ ബന്ധം സംബന്ധിച്ച സൂചനകൾ ലഭിച്ചിട്ടുണ്ടെന്നുള്ള റിപ്പോർട്ടുകൾ നേരത്തെ പുറത്തു വന്നിരുന്നു. മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് പിടികൂടിയ ഇയാളെ കേരള പൊലീസിന് കൈമാറി. തുടർന്ന് പ്രതിയെ കേരളത്തിലെത്തിച്ചു.ആക്രമണത്തിന് എന്തുകൊണ്ട് കേരളവും,ആലപ്പുഴ- കണ്ണൂർ എക്‌സിക്യുട്ടീവ് ട്രെയിനും തിരഞ്ഞെടുത്തു എന്നീ കാര്യങ്ങളിൽ അന്വേഷണം പുരോഗമിക്കുന്നുണ്ട്. യാത്രക്കാരനെന്ന ഭാവത്തിൽ ട്രെയിനിലെ ഡി – 1 കോച്ചിൽ കയറിക്കൂടിയ ഷാരൂഖ് ബാഗിൽ സൂക്ഷിച്ചിരുന്ന പെട്രോൾ നിറച്ച കുപ്പി രണ്ടു കൈയിലുമായി എടുത്ത് യാത്രക്കാരുടെ ദേഹത്ത് വീശിയൊഴിച്ചശേഷം തീവയ്ക്കുകയായിരുന്നു. യാതൊരു പ്രകോപനവുമില്ലാതെ വന്നുകയറിയപാടേ പെട്രോൾ വീശിയൊഴിച്ച് തീപടർത്തിയതിൽ നിന്നു ഏതെങ്കിലുമൊരാളെ കൊല്ലാനുള്ള ഉദ്ദേശ്യമല്ലെന്നാണ് അന്വേഷണ സംഘം കരുതുന്നത്. മാത്രമല്ല പെട്രോൾ ഒഴിച്ച് തീകൊളുത്താൻ എലത്തൂർ തിരഞ്ഞെടുത്തത് കരുതിക്കൂട്ടിയാണെന്ന വിലയിരുത്തലിലാണ് അന്വേഷണ സംഘം.

ബോഗിയിലെ മുഴുവൻ യാത്രക്കാരും വെന്തുമരിക്കണമെന്ന ലക്ഷ്യമായിരുന്നു ഷഹറൂഖിനുണ്ടായിരുന്നതെന്നാണ് കരുതുന്നത് . കമ്പാർട്ട്‌മെൻ്റിലെ ഒരാളെപ്പോലും മുൻപരിചയമില്ലാത്ത വ്യക്തികൂടിയായിരുന്നു പ്രതി. അതുകൊണ്ടുതന്നെ മുൻകൂട്ടി ആസൂത്രണം ചെയ്ത കൃത്യമാണിതെന്ന് ഇതിലൂടെ വ്യക്തമാകുകയാണ് . എലത്തൂരിലെ കോരപ്പുഴ പാലത്തിലേക്ക് ട്രെയിൻ പൂർണമായി കയറുന്നതിന് മുമ്പാണ് അക്രമി യാത്രക്കാരുടെ ദേഹത്ത് പെട്രോൾ ഒഴിച്ചതും തീയിട്ടതും. ഇതിനിടയിൽ ചങ്ങല വലിച്ച് ട്രെയിൻ നിന്നതോടെ യാത്രക്കാർ പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. അതേസമയം ആക്രമണം നടന്ന കോച്ചുകൾ പാലത്തിൻ്റെ മദ്ധ്യത്തിൽ ആയിരുന്നെങ്കിൽ വലിയൊരു പ്രതിസന്ധി രൂപപ്പെടുമായിരുന്നു. ഒന്നുകിൽ പുഴയിൽ ചാടണം, അല്ലെങ്കിൽ വെന്തുമരിക്കണം എന്ന സ്ഥിതിയിലാകുമായിരുന്നു കാര്യങ്ങൾ.പ്രതി ലക്ഷ്യം വച്ചതും ഈ സാഹചര്യമായിരുന്നു എന്നു വേണം കരുതാൻ . എന്നാൽ ട്രെയിൻ നിന്നത് പാലത്തിനു മുന്നിലായതിനാൽ വലിയൊരു ദുരന്തമാണ് ഒഴിവായതും. മാത്രമല്ല ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ ഡിപ്പോ ഉൾപ്പടെയുള്ള പ്രദേശം കൂടിയാണ് എലത്തൂർ. തീ വലിയ തോതിൽ പടർന്നിരുന്നെങ്കിൽ വൻ ദുരന്തമായിരിക്കും പ്രദേശവാസികളെ തേടിയെത്തുന്നതും. ഇതെല്ലാം മനസ്സിൽ കണ്ടുകൊണ്ടു തന്നെയാണ് പ്രതി ആക്രമണം നടത്തിയതെന്ന വിലയിരുത്തലാണ് നിലവിൽ പോലീസ് .

മാത്രമല്ല മറ്റൊരു പ്രധാന വിവരം കൂടി ഇക്കാര്യത്തിൽ പുറത്തു വരുന്നുണ്ട്. എലത്തൂരിനടുത്തുവെച്ചാണ് ഡി വൺ കോച്ചിലെ യാത്രക്കാർക്കുനേരെ ഷാരൂഖ് പെട്രോളൊഴിച്ച് തീവെച്ചത്. എന്നാൽ അതിനുമുമ്പുതന്നെ ഇയാളെ ഡി വണ്ണിനും ഡി രണ്ടിനും ഇടയിൽ ടോയ്‌ലറ്റിന് സമീപം കണ്ടതായി ദൃക്‌സാക്ഷി മൊഴിനൽ ആക്രമണം നടത്താൻ കാത്തിരിക്കുകയായിരുന്നുവെന്നാണ് ഇതിൽ നിന്നും മനസ്സിലാകുന്നത്. കോരപ്പുഴ പാലത്തിന് മുൻപ് ആക്രമണം നടത്തുക, പാലം കടക്കുന്ന സമയത്ത് മുൻപ് ട്രെയിൻ ചങ്ങല വലിക്കുക. ട്രെയിൻ പാലത്തിൽ നിർത്തിയിട്ടാൽ അതിൽ നിന്ന് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയായിരിക്കും യാത്രക്കാർക്ക്. കാരണം കോരപ്പുഴ റെയിൽവേ പാലം വളരെ വീതി കുറഞ്ഞ ഒന്നാണ്. ഒരിക്കലും ഈ ട്രയിനിൽ നിന്ന് പാലത്തിൽ ഇറങ്ങാൻ കഴിയില്ല. നേരേ പുഴയിലേക്ക് തന്നെ ചാടേണ്ടി വരുമെന്നുള്ളത് ഉറപ്പാണ്. പ്രതി ചങ്ങല വലിക്കാൻ 30 സെക്കൻഡ് താമസിച്ചിരുന്നെങ്കിൽ വലിയ ദുരന്തമായിരിക്കും സംഭവിക്കുയെന്ന വിലയിരുത്തലിലാണ് അന്വമഷണ സംഘം. ഈ സാഹചര്യം തന്നെയാണ് പ്രതി മുൻകൂട്ടി കണ്ടിരുന്നവെന്നുള്ളതാണ് ഇതിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത്. അതേസമയം പ്രതി എവിടെവച്ചാണ് തീവണ്ടിയിൽ കയറിയതെന്നുള്ള ചോദ്യവും ഇതോടൊപ്പം ഉയരുന്നുണ്ട്.