സൂര്യകാന്തി നിൻ സ്നേഹ
ദീപ്തമാം മുഖം കാണാൻ 
കൊതിപൂണ്ടല്ലോ നിത്യം
പകലിൽ ഞാനെത്തുന്നു.

ക്രൂരാന്ധകാരം നിന്നെ
എന്നിൽ നിന്നൊളിക്കുമ്പോൾ
കദനം താങ്ങാതെ ഞാൻ
കടലിൽ മുഖം താഴ്ത്തും

അലതൻ രവത്തിലോ
എൻതേങ്ങലലിയുന്നു
ആരോരുമറിയാതെ
യെൻ മിഴി ചുവക്കുന്നു

കദനം കനം തൂങ്ങും
കുങ്കുമ മിഴിയുമായ്
ഉദയാംബരത്തിൽ ഞാൻ
നിനക്കായ് ഉദിക്കുന്നു.

കുഞ്ഞിളം കാറ്റിൽ നീയും
മന്ദമായ് മുഖം പൊക്കി
സുസ്മേരവദനയായ്
എന്നെ നീ കടാക്ഷിക്കേ

സുസ്മിതേ കദനാഗ്നി
മറന്നു ഞാനും പുലർ
വെട്ടമായ് ചിരിക്കുന്നു
കനകോജ്ജ്വലനായി.

ഉച്ചയ്‌ക്കു നിൻ മോഹന
ഗാത്രദർശനത്താലെ
സ്വച്ഛനായ് ചിരിച്ചു
ഞാനുജ്ജ്വലനായ്മിന്നുന്നു.

സന്ധ്യയിൽ മിഴികൂമ്പി
നീ വീണ്ടുമണയുമ്പോൾ
സന്താപം മുഴുത്തേല്ലോ
കടലിൽ ഞാനാഴുന്നു.

ഇണയെ കാണാചക്ര
വാകത്തിൻ മനമാർന്നേ
കടലിൻ കയത്തിലെ
ഇരുളിൽ ഞാൻ മേവുന്നു.

ഇല്ലില്ല നീയില്ലാതെ
വാഴ് വില്ലെനിക്കീപാരിൽ
എന്നുമെൻ മനക്കാമ്പിൽ
പൂക്കുക നീ സ്നേഹമേ …

…ഗിരിഷ് കളത്തറ…