
നേരമൊന്നുറങ്ങുവാൻ
ഒട്ടുമേ ഭാഗ്യംകിട്ടാ
തിരയായിരുന്നു ഞാൻ.
ചെന്നു ഞാൻ
തൊട്ടാൽപ്പോലും
സ്പർശനമറിയാത്ത
ശിലയായല്ലേ തീരം
നിന്നതും കാണാതെന്നെ.
വൈദേഹിയാകേണ്ടവൾ
സത്യമേ ഞാനല്ലയോ?
നിർദ്ദയനിയതിയോ
നിഴലായെന്നെ തീർത്തു.
പരിദേവനത്തിന്റെ
കെട്ടു ഞാനഴിച്ചില്ലാ
പതിതൻ മാർഗ്ഗത്തിനെ
യൊട്ടുമേ തടഞ്ഞില്ല.
രാമനെ തുടരുവാൻ
കാനന വഴിതേടും
കാന്തനെൻ മനം തേടി
വരുവാൻ കൊതിച്ചു പോയ്
സീതയ്ക്കു കുട്ടായെന്നെ
കൂട്ടുമെന്നുറച്ചല്ലോ
പിൻവാതിൽപ്പടി ചാരി
ഞാനന്നു
കാതോർത്തതും.
അകലും കാലൊച്ചതൻ
സ്പന്ദനമറിഞ്ഞെന്റ
നുറുങ്ങും മനമെന്തേ…
യെൻ കാന്തനറിഞ്ഞില്ല?
ഒന്നല്ല പതിന്നാല്
വർഷങ്ങളെന്നെത്തേടി
ഉറങ്ങാരാവാക്കി ഞാൻ
പതിക്കായ് കൊഴിച്ചതും
നിനയ്ക്കാതല്ലോ ശ്രീമാൻ
അന്ത്യയാത്രയിൽപ്പോലും
എകനായ് ഗമിച്ചതു;
പരിഭവം ചൊല്ലില്ല ഞാൻ
കാന്തനിൽ കുറ്റം ചൊല്ലാൻ
കലികാലത്തിൽ പോലും
കുലസ്ത്രീ മുതിരുമോ?
ഓമനക്കിടാങ്ങൾക്കു
കാവലും കരുത്തുമായ്
അമ്മ നിൽക്കട്ടെയെന്നാ
പിതൃത്വം നിനച്ചതിൽ
തെറ്റുകല്പിക്കാനുണ്ടോ?
