ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് എക്‌സ് കാറ്റഗറി സുരക്ഷ ആവശ്യമാണെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന് തൊട്ടുപിന്നാലെ കേരളാപൊലീസിന്റെ സുരക്ഷ തനിക്ക് ആവശ്യമില്ലെന്ന് നിലപാടറിയിച്ച് സുരേന്ദ്രന്‍. പൊലീസിന്റെ സുരക്ഷയില്‍ വിശ്വാസമില്ലെന്നും അവരുടെ ഉദ്ദേശമെന്തെന്ന് ആര്‍ക്കറിയാമെന്നും അദ്ദേഹം പറഞ്ഞു.
‘ഭീഷണി നിലനില്‍ക്കുന്നുണ്ടോ എന്ന് എനിക്കറിയില്ല. ഇത് ഞാന്‍ ആവശ്യപ്പെട്ടതല്ല. തല്‍ക്കാലം കേരള പൊലീസിന്റെ സുരക്ഷ എനിക്ക് വേണ്ട എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു. പൊലീസ് സംരക്ഷണത്തില്‍ പൊതുപ്രവര്‍ത്തനം നടത്താം എന്നു ഞാന്‍ ആലോചിക്കുന്നില്ല. ഞാന്‍ സുരക്ഷാഭീഷണിയില്‍ കഴിയുന്ന സാഹചര്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. എന്നെ കാണിച്ചുതരാം എന്നുപറഞ്ഞ മുഖ്യമന്ത്രിയാണ് ഇതിന് മറുപടി പറയേണ്ടത്’.