അൺലോക്ക് -5 തീയേറ്ററുകള്‍ പകുതി സീറ്റുകളോടെ തുറക്കാം; സ്‌കൂൾ തുറക്കുന്ന കാര്യം സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാം

സിനിമ തീയേറ്ററുകൾ 50ശതമാനം സീറ്റുകളോടെ തുറക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകി. അൺലോക്ക് 5 ന്റെ ഭാഗമായി കേന്ദ്ര സർക്കാർ പുറത്തിറക്കിയ മാർഗനിർദേശത്തിന്റെ ഭാഗമായിട്ടാണ് നടപടി. ഒക്ടോബർ 15 മുതലാണ് സിനിമാ തിയേറ്ററുകൾ, കായിക താരങ്ങൾക്ക് പരീശിലനത്തിനായി സ്വിമ്മിങ് പൂളുകൾ, പാർക്കുകൾ എന്നിവയ്ക്ക് തുറക്കാനുള്ള അനുമതിയുള്ളത്. ഒക്ടോബർ 15-ന് ശേഷം സ്കൂളുകളുംകോളേജുകളും കോച്ചിങ് സ്ഥാപനങ്ങളും തുറക്കുന്നതിന് തീരുമാനമെടുക്കാൻ സംസ്ഥാന സർക്കാരുകൾക്ക് അനുമതി നൽകി. രക്ഷിതാക്കളുടെ സമ്മതത്തോടുകൂടിയാകണം ഇത്. സാമൂഹികം, കായികം, സാസ്കാരികം, മതം, രാഷ്ട്രീയം തുടങ്ങിയ പരിപാടികൾക്ക് പരാമവധി പങ്കെടുക്കാനുള്ള അനുമതി 100 പേർക്കാണ്. നേരത്തെ തന്നെ ഇതിനുള്ള അനുമതിയുണ്ട്. പുതിയ മാർഗനിർദേശത്തിൽ ഇതിൽ എണ്ണം വർധിപ്പിച്ചിട്ടില്ല. കൺടെയ്ൻമെന്റ് സോൺ അല്ലാത്തയിടങ്ങളിലാണ് ഈ ഇളവുകൾ. കേന്ദ്ര സർക്കാരിനെ മുൻകൂട്ടി അറിയിക്കാതെ കൺടെയ്ൻമെന്റ് സോണിന് പുറത്ത് പ്രാദേശിക ലോക്ഡൗൺ (സംസ്ഥാന/ജില്ല/സബ് ഡിവിഷൻ/നഗര/വില്ലേജ് തല) പാടില്ലെന്നും മാർഗനിർദേശത്തിൽ പറയുന്നു. അന്തർ സംസ്ഥാന യാത്രകൾക്ക് യാതൊരു തരത്തിലുള്ള തടസ്സങ്ങളും പാടില്ലെന്നും കേന്ദ്രം നിർദേശിക്കുന്നു.