വ്യക്തിയുടെ അസ്തിത്വത്തെ സാർവ്വലൗകികമാക്കുന്ന തീക്ഷ്ണ സൗന്ദര്യമാർന്ന, സ്പഷ്ടമായ കാവ്യാത്മക ശബ്ദത്തിന്’ ആണ് ലൂയിസ് ഗ്ലക്കിന് പുരസ്കാരം നൽകുന്നതെന്ന് നൊബേൽ പ്രഖ്യാപിച്ചുകൊണ്ട് സ്വീഡിഷ് അക്കാദമി വ്യക്തമാക്കി.

1943ൽ ന്യൂയോർക്കിൽ ജനിച്ച ലൂയിസ് ഗ്ലക്ക് നിലവിൽ കേംബ്രിഡ്ജിലാണ് താമസിക്കുന്നത്. യേൽ യൂണിവേഴ്സിറ്റിയിൽ ഇംഗ്ലീഷ് അധ്യാപികയാണ് 77-കാരിയായ ലൂയിസ് ഗ്ലക്ക്. 1968ൽ പുറത്തിറങ്ങിയ ‘ഫസ്റ്റ്ബോൺ’ ആണ് ആദ്യകൃതി. പുലിസ്റ്റർ പ്രൈസ്(1993), നാഷണൽ ബുക്ക് അവാർഡ് (2014) തുടങ്ങി നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങളും അവർക്ക് ലഭിച്ചിട്ടുണ്ട്. ‘ദി ട്രയംഫ് ഓഫ് അകിലസ്’, ‘ദി വൈൽഡ് ഐറിസ്’ തുടങ്ങിയവ പ്രധാന കൃതികളാണ്.

വ്യക്തിഗതാനുഭവങ്ങളിൽനിന്നുള്ള കവിതകളാണ് ലൂയിസ് ഗ്ലക്കിന്റേതെന്ന് വിലയിരുത്തപ്പെട്ടിട്ടുണ്ട്. പ്രകൃതി, മിത്തുകൾ, ചരിത്രം തുടങ്ങിയവയിലൂടെ ആന്തരികലോകത്തെ ആവിഷ്കരിക്കുന്ന വൈകാരിക തീവ്രതയാർന്ന കവിതകളാണ് അവരുടേത്. മാനസിക സംഘർഷങ്ങളും ആസക്തിയും ഒറ്റപ്പെടലും പ്രകൃതിയനുഭവങ്ങളും ചേർന്നതാണ് അവരുടെ കാവ്യലോകമെന്നും നിരൂപകർ വിലയിരുത്തുന്നു.