ഭൂമി പോക്കുവരവ് ചെയ്യുന്നതിന് കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫിസറും സ്പെഷ്യൽ വില്ലേജ് ഓഫീസറും വിജിലൻസ് പിടിയിൽ. പവിത്രേശ്വരം വില്ലേജ് ഓഫീസറായ അഞ്ചാലുംമൂട് സ്വദേശി എസ് വിശ്വേശരൻപിള്ള, സ്പെഷ്യൽ വില്ലേജ് ഓഫീസറായ എഴുകോൺ അമ്പലത്തുംകാല സ്വദേശിനി കെ മിനി എന്നിവരാണ് അറസ്റ്റിലായത്. പവിത്രേശ്വരം മലനട സ്വദേശിയായ ഓട്ടോ ഡ്രൈവറുടെ അഞ്ച് സെന്റ് ഭൂമി പോക്കുവരവ് ചെയ്യുന്നതിനാണ് കൈക്കൂലി വാങ്ങിയത്. ചൊവ്വാഴ്ച പകൽ 2.30നാണ് സംഭവം. വില്ലേജ് ഓഫീസർ ഓട്ടോ ഡ്രൈവറിൽ നിന്ന് 500 രൂപ വീതം രണ്ടുതവണ വാങ്ങിയിട്ടും വസ്തു പോക്കുവരവ് ചെയ്തില്ല. വീണ്ടും 500രൂപ ആവശ്യപ്പെട്ടു. ഈ വിവരം ഓട്ടോ ഡ്രൈവർ വിജിലൻസിൽ അറിയിക്കുകയായിരുന്നു. വിജിലൻസ് നിർദേശാനുസരണം ചൊവ്വാഴ്ച ഓട്ടോ ഡ്രൈവർ വില്ലേജ് ഓഫീസിലെത്തി 500 രൂപ വില്ലേജ് ഓഫീസർക്ക് നൽകിയെങ്കിലും സ്പെഷ്യൽ വില്ലേജ് ഓഫീസറെ ഏല്‍പ്പിക്കാൻ പറഞ്ഞു. തുടർന്ന് തുക സ്പെഷ്യൽ വില്ലേജ് ഓഫീസർക്ക് കൈമാറി. ഈ സമയം ഓഫീസിലെത്തിയ വിജിലൻസ് സംഘം വില്ലേജ് ഓഫീസർമാരെ പിടികൂടുകയായിരുന്നു. കൊല്ലം വിജിലൻസ് ആൻഡി കറപ്ഷൻ ഡിവൈഎസ്പി കെ അശോക് കുമാർ, സിഐ സുധീഷ്, എസ്ഐമാരായ ഹരിഹരൻ, സുനിൽ, ഫിലിപ്പോസ്, എഎസ്ഐമാരായ അജയഘോഷ്, സുരേഷ് എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് നടന്നത്.