കാലാതിവർത്തിയായ കാവ്യ സംസ്കാരമാണ് അക്കിത്തം. വിശ്വൈക മതമെന്നത് സ്നേഹമാണെന്ന അദ്വൈത സിദ്ധാന്തം മാനവ കുലത്തിന് വേദ്യമാക്കിയ കവികുലപതി.. വൈദിക ബ്രാഹ്‌മണ്യത്തിന്റെ പ്രതാപകാലത്ത്  ആഢ്യത്വത്തിനും യാഥാസ്ഥിതികതയ്ക്കും നടുവിൽ പിറന്നു വളർന്ന അക്കിത്തം സാംസ്കാരിക വിപ്ലവത്തിന്റെ ആകാശത്തിൽ നക്ഷത്രശോഭയോടെ ജ്വലിച്ചുയർന്നത്  വി.ടി. ഭട്ടതിരിപ്പാടിന്റെ സമഗ്ര മാനവികദർശനത്തോടൊപ്പമായിരുന്നു.

സാമ്യ വാദത്തിൽ നിന്നും സർവഭൂതഹൃദയത്വത്തിലേക്ക് വളർന്ന സ്നേഹയാത്രയായിരുന്നു അക്കിത്തത്തിന്റെ കാവ്യദർശനം. 

  പാലക്കാട് കുമരനല്ലൂരിലെ അക്കിത്തം മനയിൽ വാസുദേവൻ നമ്പൂതിരിയുടെയും ചേകൂർ മനയ്ക്കൽ പാർവതി അന്തർജനത്തിന്റെയും മകനായി 1926 മാർച്ച് 18 നാണ് അക്കിത്തം അച്യുതൻ നമ്പൂതിരി ജനിച്ചത്..         

സംസ്കൃതത്തിലും സംഗീതത്തിലും പ്രവീണനായ മലയാളിയുടെ പ്രിയ കവിയെത്തേടി ജ്ഞാനപീഠം അവാർഡ് വരെ എത്തിയിരുന്നു.. കവിത , ചെറുകഥ , വിവർത്തനം, ലേഖനങ്ങൾ , നാടകം എന്നിങ്ങനെ അൻപതോളം കൃതികളുടെ കർത്താവായ ഇദ്ദേഹം കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് , കേരള സാഹിത്യ അക്കാദമി അവാർഡ് എഴുത്തച്ഛൻ പുരസ്കാരം എന്നിവയാൽ ആദരിക്കപ്പെട്ടു.. ഭാരതം പരമോന്നത പൗര പുരസ്കാരമായ പദ്മ അവാർഡ് നൽകി ആദരിച്ചിട്ടുണ്ട്.             

ബലിദർശനം, പണ്ടത്തെ മേൽശാന്തി , മാനസപൂജ , ഇരുപതാം നൂറ്റാ|ണ്ടിന്റെ ഇതിഹാസം , വെണ്ണക്കല്ലിന്റെ കഥ എന്നിവ പ്രധാനകൃതികളാണ്.

ഭാഗവതത്തിന്റെ പരിഭാഷയിൽ അദ്ദേഹം എഴുതി..’ഞാനെന്നൊരാൾ പണ്ടിവിടെ ഉണ്ടായിരുന്നില്ല. ഇനിയൊരു ദിവസം ഇല്ലാതാവുകയുംചെയ്യും. ഇന്നിവിടെ ഉണ്ടെന്ന് തോന്നുന്നത് വെറും തോന്നൽ മാത്രം’… വാക്കുകൾ അന്വർത്ഥമാക്കി അദ്ദേഹം യാത്രയായി. ഒരു യുഗം അവസാനിച്ചു. മഹാകവിക്ക് സ്കോട്ടിഷ് മലയാളിയുടെ കണ്ണീർപ്രണാമം!