മൂന്നാം വീഴ്ചയിലാണ്
മിഴികൾ തമ്മിലിടഞ്ഞത്
മുതുകിൽ മിന്നൽപ്പിണറായി ചാട്ടവാറടികൾ
വലിയ കുരിശിനടിയിലേക്ക് 
ഞെരിഞ്ഞമർന്ന ഇടങ്കയ്യിലൂടെ 
ഉടലാകെ ചെങ്കടലായറിയുന്ന വേദന

നിനക്കായോങ്ങിയ ചാട്ടവാറടികൾ പതിച്ചെന്റെ 
കലങ്ങിയ ചങ്കും
പൊട്ടിയ ഞരമ്പുകളും
അറുക്കപ്പെട്ട ധമനികളും

ഹൃദയമൊരു നേരിയ മിടിപ്പിൻ 
ദുഃഖസങ്കീർത്തനം മാത്രമായി

 അപ്പൊഴാ നേരത്ത് , തീർത്തും നിനയാത്ത നേരത്ത്, അതുവരെ
നിനക്ക് അജ്ഞാതമെന്ന് ഞാൻ നിനച്ചൊരാ നേരത്ത്
പ്രണയത്തിരികളെരിയുന്ന മിഴികളാലെൻ
ഹൃദയം തൊട്ടെടുത്തു നീ

ഈ നിമിഷത്തിനായി എത്ര നാൾ എവിടെയെല്ലാം നിന്നെ ഞാൻ പിൻ തുടർന്നു.

സീയോൻ താഴ്വരകളിൽ
അത്തിപ്പഴത്തോട്ടങ്ങളിൽ
നിന്റെ വാക്കുകൾ പൊള്ളിച്ചുവക്കുന്ന സിനഗോഗുകളുടെ ഇടനാഴികളിൽ
പുരുഷാരങ്ങളിൽ ഞാൻ 
നിനക്കന്യയായി.

ലോകർക്കലിവ് ചൊരിഞ്ഞ മിഴികൾ,
നീണ്ടില്ല എന്നിലേക്കായ് തരിമ്പും.
പകർന്നില്ല മൃദുഹാസങ്ങൾ
മിഴി മണിയോളവും

ആത്മനിന്ദയാൽ ഞാനെരിഞ്ഞു
ആത്മനിന്ദയാൽ ഞാനെരിഞ്ഞു

 നിൻ സ്നേഹത്തണലിലിളവേറ്റ് 
മഗ്ദലനയും മാർത്തയും മറിയയും

കാരണം തിരയാതെ ഞാനവരെ ശത്രുവെന്നെണ്ണി

സ്വപ്ന കലഹങ്ങളിൽ തോറ്റു ഞാനെന്നും

ഓർക്കുന്നില്ലേ നിനക്കായി ഓശാന പാടിയ രാജവീഥികൾ

അന്നു നിൻ
പാതകളിലണഞ്ഞവർ 
അണിഞ്ഞതിലേറ്റവും 
പുത്തനുത്തരീയവും ഉയർത്തിയ തളിരൊലിവ് ചില്ലകളിൽ
ഏറ്റവും പച്ചൊലീവ് ചില്ലയും
എന്റേതായിരുന്നു.

കൂട്ടങ്ങളിൽ നീ കേട്ട ഓശാനപ്പാട്ടിൽ വേറിട്ടു കേട്ടതും
എൻ പ്രണയമലിഞ്ഞ ഓശാന ഗീതങ്ങൾ

എല്ലാം നിൻ കണ്ണിനും കാതിനും അകലെയായിരുന്നു..

കയ്യഫായുടെ അങ്കണത്തിലും
പീലാത്തോസിന്റെ –
അനീതിയുടെ അരമന നടയിലും എൻ പാദം
നിന്നെ അനുഗമിച്ചു.

ഓർശ്ളേമിൽ നിനക്കായി കരഞ്ഞവരുടെ കണ്ണീർ
അലിവിൻ വാക്കുകളാൽ നീ ഒപ്പുമ്പോഴും
ഒരു വാക്കിനായ് കാത്ത് നിൻ കാലടിപ്പാടുകളിൽ ഞാനുണ്ടായിരുന്നു.

ഗാഗുൽത്തായുടെ വഴികളിൽ 
ചോര ചിന്തിക്കിതച്ചു നീ നീങ്ങുമ്പോഴും,
മനസു കൊണ്ട് നിൻ കുരിശു താങ്ങി ആയിരം
അദൃശ്യ ചുംബനങ്ങളോ ലുമൊരു
കാറ്റായിപ്പുണർന്നു ഞാനൊപ്പം നടന്നു.

ഒന്നും നീ അറിഞ്ഞില .. അല്ല ..
നിനച്ചു ഞാനങ്ങനെ,
പ്രണയത്തിൻ കുരിശു വഴികളിൽ
സ്വയംപീഡിതയായി..

ഇന്നു ഞാനറിയുന്നു..
നീയെന്നെ കാണുന്നുണ്ടായിരുന്നു.
എൻ മനം അറിയുന്നുണ്ടായിരുന്നു.

ഉടലുഴുതു മറിക്കുന്നൊരീ സഹന വേളയേക്കാൾ
പ്രണയം പങ്കിടാനു ചിതമായൊരിടമെൻ പ്രിയനേ വേറെവിടെ ?

അലറുന്ന പടയെയും
വീശുന്ന വാളിനെയും
പ്രണയമെന്ന പരിചയാൽ തടഞ്ഞു
നിന്നെയെൻ ഹൃദയത്തിലൊപ്പിയതിൻ 
നിഴലല്ലേയീ തൂവാല കവർന്നത് ?

മനുഷ്യനായി പിറന്നു
മനുഷ്യനായി മരിക്കാൻ
നീ കാത്തു വച്ചതല്ലേ ഈ ധന്യനിമിഷം!

ബലി പൂർത്തിയായ തിവിടെയാണു നാഥാ,
നിന്റെ 
പ്രണയമെരിഞ്ഞുരുകിയൊരെൻ ,
ഹൃദയബലിപീഠത്തിലാണു നാഥാ !

…..അഞ്ചല ലോപ്പസ്…..