തിരുവനന്തപുരം ജില്ല കേന്ദ്രീകരിച്ച് കഴിഞ്ഞ കുറെ നാളുകളായി ലഹരി മരുന്ന് വില്പന കൂടിവരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം ഡെപ്യുട്ടി എക്സൈസ് കമ്മീഷണർ ശ്രീ ഏലിയാസ്‌ അവർകൾക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം എക്സൈസ് എൻഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ്, എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ശ്രീ റ്റി. അനികുമാറിന്റെ നിർദ്ദേശാനുസരണം എക്സൈസ് ഇൻസ്‌പെക്ടർ ടി. ആർ. മുകേഷ്‌കുമാർ ദിവസങ്ങളോളം നടത്തിയ നിരീക്ഷണങ്ങളുടെ ഫലമായി തിരുവനന്തപുരം ആറ്റുകാൽ പാടശ്ശേരി സ്വദേശി പാണ്ടികണ്ണൻ എന്ന് വിളിക്കുന്ന കണ്ണനെ തിടവനന്തപുരം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ യുവജനങ്ങൾക്കിടയിൽ വില്പന നടത്തുന്നതിനായി തമിഴ്‌നാട് ഭാഗത്തുനിന്നും കടത്തിക്കൊണ്ടുവന്ന 650 എണ്ണം മയക്കുമരുന്ന് ഗുളികകളുമായി നേമം ഭാഗത്തു വച്ച് അറസ്റ്റ് ചെയ്ത് കേസെടുക്കുകയുണ്ടായി.

പ്രതി മയക്കുമരുന്ന് ഗുളികകൾ സ്ഥിരമായി ഉപയോഗിക്കുന്ന ആളാണെന്നും, സ്‌കൂൾ കോളേജ് കുട്ടികളെ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്പന നടത്തി വന്നിരുന്നതായും അന്വേഷണത്തിൽ വെളിവായിട്ടുണ്ട്.

മയക്കുമരുന്ന് വില്പനയും ഉപയോഗവും കൂടി വരുന്ന സാഹചര്യത്തിൽ എക്സൈസ് ഡിപ്പാർട്ട്മെന്റ് രഹസ്യാന്വേഷണങ്ങളും, നിരീക്ഷണങ്ങളും, പരിശോധനകളും വ്യാപകമാക്കിയതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടാൻ സാധിച്ചത്.

കേസെടുത്ത സമയത്ത് എക്സൈസ് ഇൻസ്‌പെക്ടർ ടി. ആർ. മുകേഷ് കുമാറിനെ കൂടാതെ പ്രിവന്റീവ് ഓഫിസർ റ്റി. ഹരികുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ സുബിൻ, ഷംനാദ്, ജിതീഷ്, ശ്രീലാൽ, രാജേഷ്, രതീഷ്, മോഹൻ, എക്സൈസ് ഡ്രൈവറായ സുനിൽകുമാർ എന്നിവരും ഉണ്ടായിരുന്നു .