ബിലീവേഴ്സ് ചർച്ചിൻ്റെ സ്ഥാപനങ്ങളിൽ ആദായ നികുതി വകുപ്പ് റെയ്ഡ്; അരക്കോടിയലധികം രൂപ പിടിച്ചെടുത്തു

പത്തനംതിട്ട: സംസ്ഥാന വ്യാപകമായി ബിലീവേഴ്സ് ചർച്ചിൻ്റെ സ്ഥാപനങ്ങളിൽ ആദായ നികുതി വകുപ്പിൻ്റെ റെയ്ഡ്. തിരുവല്ലയിലെ സഭ ആസ്ഥാനത്ത് നിന്ന് കണക്കിൽപ്പെടാത്തതെന്ന് കരുതുന്ന അരക്കോടിയലധികം രൂപ പിടിച്ചെടുത്തു. വിവിധ ജില്ലകളിലുള്ള ബിലീവേഴ്സ് ഈസ്റ്റേൺ സഭയുടെ 40 സ്ഥാപനങ്ങളിലാണ് ആധായ നികുതി വകുപ്പിൻ്റെ പരിശോധന. 

രാവിലെ ആറര മുതലായിരുന്നു പരിശോധന. സഭയുടെ ഉടമസ്ഥതയിലുള്ള സ്കൂളുകൾ, കോളേജുകൾ, ട്രസ്റ്റുകളുടെ ഓഫീസുകൾ എന്നിവിടങ്ങളിലും ബിഷപ്പ് കെ പി യോഹന്നാൻ്റെ വീട്ടിലും അദായ നികുതി വകുപ്പ് പരിശോധന നടത്തി. തിരുവല്ലയിലെ ആസ്ഥാനത്തെ വാഹനത്തിൻ്റെ ഡിക്കിയിൽ നിന്നാണ് 57 ലക്ഷം രൂപ പിടിച്ചെടുത്തത്. പരിശോധന നടത്തിയ സ്ഥാപനങ്ങളിൽ നിന്നും സാമ്പത്തിക ഇടപാടിനെ അടക്കം വിവിധ രേഖകളും കണ്ടെത്തി. 

വിദേശത്ത് നിന്നും സാമ്പത്തിക സഹായം സ്വീകരിച്ചതിൽ സ്ഥാപനം സമർപ്പിച്ച കണക്കുകളിൽ വൈരുദ്ധ്യം കണ്ടെത്തിയിട്ടുണ്ട്. ഇതിനെ തുടർന്നാണ് പരിശോധന നടന്നത്. സാമ്പത്തിക സഹായം സ്വീകരിക്കുന്നതിൽ നടപടിക്രമങ്ങൾ പാലിക്കാത്തതിനെ തുടർന്ന് സ്ഥാപനങ്ങളുടെ നടത്തിപ്പുകാരിൽ ഒരാളുടെ ബാങ്ക് അക്കൗണ്ടുകൾ കുറച്ചു ദിവസം മുമ്പ് മരവിപ്പിച്ചിരുന്നു. കേരളത്തിലെ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർക്ക് പുറമേ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥരും പരിശോധന സംഘത്തിലുണ്ട്.