വിരിയുന്ന പുലരികളെല്ലാമിപ്പോൾ
തേങ്ങലുകളാണ് വിങ്ങലുകളാണ്.

നിന്നെക്കുറിച്ചുള്ള വേദനകൾ
നാൾക്കുനാൾ കുതിക്കുന്നു.

പറയാതിരിക്കാനാവില്ല
കാണാതിരിക്കാനാവില്ല.

തലയുയർത്തി പുഞ്ചിരിക്കാൻ
ശ്രമിക്കുന്ന കുഞ്ഞുപൂക്കൾ ചുറ്റിലും.

ആവുന്നില്ല കഴിയുന്നില്ല കാലിടറുന്നു
കൈകളിലേറ്റുന്നില്ല കാലവും നിന്നെ.

പുറമെ കാണിക്കാത്ത രാക്ഷസ ഭാവവുമായി
ചൂറ്റും മൂളിപ്പറക്കുന്ന കാലൻ വണ്ടുകൾ.

നിൻെറ പുഞ്ചിരി കാണാൻ കൊതിച്ചിരുന്ന
മനസ്സിനും കൈമോശം വന്നുവോ വാൽസല്യം.

കഴിയുന്നില്ലാർക്കും നിൻെറ നൈർമല്യത്തെ
കാണുവാനും അറിയുവാനും.

പൊഴിയുന്ന ദിനങ്ങളിലെല്ലാം കാണുന്ന
വാടിയ നിൻെറ ഭംഗിയും തേങ്ങിക്കരച്ചിലും.

ചുട്ടു പൊള്ളിക്കുന്ന സൂര്യനേക്കാൾ നീ 
ഭയക്കുന്ന നിൻെറ ഉദ്യാനത്തെയാണെന്നറിയാം.

നിൻെറ വേദനകൾ മുറിവുകൾ
കാണാതെ കടന്നു പോകുന്നവരും.

കാണുന്നുണ്ടെങ്കിലും കാഴ്ച മറപ്പിക്കുന്ന
തിമിരം ബാധിച്ച കാലവും.

അറിയില്ല എന്നവസാനിക്കുമീ ക്രൂരതകൾ
നിൻെറ തേങ്ങലുകൾക്കറുതിയില്ലേ !

നല്ലൊരു കാലവും വസന്തവും നിനക്കായി 
നല്ലൊരു തോട്ടവും കരുതിവെച്ചിട്ടുണ്ടാവും.
അഭിലാഷ് ചാമക്കാല