*വൃശ്ചിക പുലരികൾ കലിയുഗവരദ ദർശന പുണ്യം*
വർദ്ധിച്ച സന്തോഷത്തോടെ ഗുരുനാഥൻ മണികണ്ഠന്റെ ശിരസ്സിൽ കൈവെച്ച് അനുഗ്രഹിച്ചുകൊണ്ട് ഗദ്ഗദത്തോടുകൂടി,  കരുണാമയനായ അങ്ങയെ അനുഗ്രഹിക്കാൻ ഞാനാരുമല്ലെന്നും; ഗുരുദക്ഷിണ വാങ്ങി ശിഷ്യനെ അനുഗ്രഹിക്കണമെന്നതുകൊണ്ടു മാത്രം ഞാനും അനുഗ്രഹിക്കുന്നു. അങ്ങേക്ക് ദിനന്തോറും, സത്കീർത്തിയും ഐശ്വര്യവും വർദ്ധിച്ചു കൊണ്ടേയിരിക്കുമെന്നും പറഞ്ഞു. 
ആത്മാർത്ഥമായ ഗുരു വചനങ്ങൾ കേട്ട്  മന്ദസ്മിതം പൊഴിച്ചുകൊണ്ട് ഗുരുപാദ നമസ്കാര ശേഷം മണികണ്ഠൻ കൊട്ടാരത്തിലേക്കു യാത്രയായി. 
കൊട്ടാരത്തിലെത്തിച്ചേർന്ന മണികണ്ഠൻ തികഞ്ഞ രാജസേവകനായി തുടർന്നു. ഭരണ നിപുണതയും ദീർഘദർശനവും, ബുദ്ധി സാമർത്ഥ്യവും ദയാവായ്പും ഒത്തിണങ്ങിയ മണികണ്ഠനോട് ആലോചിച്ചിക്കാതെ ഒരു കാര്യവും മഹാരാജാവ് പ്രവർത്തിച്ചിരുന്നില്ല. പ്രജകൾക്ക് മണികണ്ഠനോടുള്ള ഭക്തിയും സ്നേഹ വിശ്വാസങ്ങളും ദിനം പ്രതി വർദ്ധിച്ചു കൊണ്ടിരിക്കുകയും പന്തള രാജ്യം സർവൈശ്വര്യങ്ങളുടേയും കേളീരംഗമായി മാറുകയും ചെയ്തു. 
ഇതേസമയം രാജ്ഞി ഒരു പുത്രന് ജന്മം നൽകി. രാജരാജനെന്നായിരുന്നു ആ കുഞ്ഞിന് നാമകരണം  ചെയ്തത്. ഒരു പുത്രനുണ്ടായിട്ടും; രാജദമ്പതികൾക്ക്മണികണ്ഠനോടുള്ള സ്നേഹം മൂത്ത പുത്രനെപ്പോലെ തന്നെയായിരുന്നു. 
പുണ്യശാലികൾക്കു മാത്രമേ ഇത്തരം സദ്ഗുണസമ്പന്നരായ പുത്രന്മാരുണ്ടാകുകയുള്ളൂ. തങ്ങളുടെ പ്രാർത്ഥനാപൂർവ്വമായ ജീവിതരീതി കൊണ്ടു മാത്രമാണ് ഈ സൗഭാഗ്യം കൈവന്നതെന്ന് രാജദമ്പതികൾ എപ്പോഴും സ്മരിച്ചു കൊണ്ടിരുന്നു.

*സ്വാമിയേ ശരണമയ്യപ്പാ..*
തുടരും….

*സുജ കോക്കാട്*