മാസ്‌ക് വിരുദ്ധ പ്രക്ഷോഭകരെ വിമര്‍ശിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. സമ്പദ്‌വ്യവസ്ഥയെ ബാധിക്കുമെന്ന ആശങ്കയെത്തുടര്‍ന്ന് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ വേഗത്തില്‍ നീക്കിയ രാജ്യങ്ങളെയും മാര്‍പ്പാപ്പ രൂക്ഷമായി വിമര്‍ശിച്ചു. അവര്‍ തങ്ങളുടെ ജനങ്ങളെ പണയം വെക്കുകയായിരുന്നുവെന്ന് മാര്‍പാപ്പ പറഞ്ഞു. ആളുകളെ പരിപാലിക്കുന്നതിനാണോ അതോ സാമ്പത്തിക വ്യവസ്ഥ തുടരുന്നതിനാണോ കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടതെന്നും മാര്‍പാപ്പ ചോദിച്ചു. ‘നല്ലൊരു ഭാവി സ്വപ്‌നം കാണാം’ എന്ന തന്റെ പുതിയ പുസ്തകത്തിലാണ് മാര്‍പാപ്പ ഇക്കാര്യങ്ങള്‍ സൂചിപ്പിക്കുന്നത്.

ജീവചരിത്രകാരന്‍ ഓസ്റ്റണ്‍ ഐവറെയുമായുള്ള സംഭാഷണങ്ങളില്‍ നിന്നുള്ള ഒരു ഭാഗമാണ് പുസ്തകത്തില്‍ പരാമര്‍ശിച്ചിരിക്കുന്നത്. കൊറോണ വൈറസ് പ്രതിസന്ധിയെയും കഴിഞ്ഞ ഒരു വര്‍ഷമായി പ്രധാനവാര്‍ത്തകളില്‍ ആധിപത്യം പുലര്‍ത്തുന്ന മറ്റ് ലോക സംഭവങ്ങളെയും ഇരുവരും തമ്മിലുള്ള സംഭാഷണങ്ങളില്‍ സൂചിപ്പിക്കുന്നുണ്ട്.

മാസ്‌ക് വിരുദ്ധ പ്രക്ഷോഭം നടത്തുകയും പൊതുജനാരോഗ്യ നിയന്ത്രണങ്ങളില്‍ പ്രതിഷേധിക്കുകയും ചെയ്ത ആളുകളെ മാര്‍പാപ്പ രൂക്ഷമായി വിമര്‍ശിക്കുന്നു. നിര്‍ബന്ധപൂര്‍വ്വം മാസ്‌ക് ധരിക്കേണ്ടി വരുന്നത് തങ്ങള്‍ക്ക് നേരെയുള്ള അടിച്ചമര്‍ത്തലുകളായാണ് ഇത്തരക്കാര്‍ കാണുന്നത്. ഈ രീതിയില്‍ ഇരകളാവാന്‍ തങ്ങള്‍ക്ക് താല്‍പര്യമില്ലെന്ന് അവര്‍ പറയുന്നു. എന്നാല്‍ ഇത്തരക്കാര്‍ യഥാര്‍ത്ഥ ഇരകളെ കാണുന്നില്ല. ജോര്‍ജ്ജ് ഫ്‌ലോയിഡിന്റെ മരണത്തില്‍ പ്രതിഷേധിക്കുന്നവരെയോ പ്രകടനത്തില്‍ ചേരുന്നവരെയോ ഇവര്‍ കാണുന്നില്ല, നല്ല ഭക്ഷണമോ വെള്ളമോ വിദ്യാഭ്യാസമോ ലഭിക്കാത്ത കുരുന്നുകള്‍ ഒരുപാടുണ്ട്, കൃത്യമായ വരുമാന മാര്‍ഗ്ഗമില്ലാത്ത കുടുംബങ്ങളുണ്ട് അങ്ങനെയുള്ള ആരെയും ഇത്തരം പ്രക്ഷോഭകര്‍ കാണുന്നില്ല. ഇത്തരം കാര്യങ്ങളില്‍ അവര്‍ ഒരിക്കലും പ്രതിഷേധിക്കില്ല. തങ്ങളുടെ താല്‍പ്പര്യങ്ങളുടെ ചെറിയ ലോകത്തിന് പുറത്ത് പോകാന്‍ ഇത്തരക്കാര്‍ക്ക് കഴിയില്ലെന്നും തന്റെ പുസ്തകത്തില്‍ മാര്‍പാപ്പ പറയുന്നു.

കൊറോണ രോഗികളുടെ ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കാന്‍ തന്റെ ജീവിതാനുഭവങ്ങള്‍ കൊണ്ട് തനിക്ക് വളരെ വേഗം സാധിക്കുമെന്നും മാര്‍പാപ്പ പറയുന്നു. ഇരുപതുകളുടെ തുടക്കത്തില്‍ ഒരിക്കല്‍ ശ്വസന സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സംഭവം മാര്‍പാപ്പ അനുസ്മരിക്കുന്നു. ശ്വസിക്കാന്‍ ബുദ്ധിമുട്ടിയ സമയമായിരുന്നു അത്. ശ്വാസകോശത്തിന്റെ ഒരു ഭാഗം നീക്കം ചെയ്യണമെന്ന് ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടു. ദിവസങ്ങളോളം ഓര്‍മ്മ നഷ്ടപ്പെട്ട് ആശുപത്രിയില്‍ കഴിയേണ്ടി വന്നു. രക്ഷപ്പെടുമോ എന്ന് ഡോക്ടര്‍മാര്‍ക്ക് പോലും ഉറപ്പില്ലാത്ത അവസ്ഥ. ഓര്‍മ്മയുള്ള ഒരു ദിവസം താന്‍ മരിക്കാന്‍ പോവുകയാണോ എന്ന് അമ്മയെ കെട്ടിപ്പിടിച്ച് ചോദിച്ചത് ഇന്നും താന്‍ ഓര്‍ക്കുന്നുവെന്നും മാര്‍പാപ്പ പുസ്തകത്തില്‍ കുറിക്കുന്നു.

spl news by KT