*വൃശ്ചിക പുലരികൾ കലിയുഗവരദ ദർശന പുണ്യം*
 ദു:ഖഭാരത്താൽ മനോനില വലഞ്ഞ മഹാരാജാവിനെ സമാധാനിപ്പിച്ചു കൊണ്ട്, കാല ദേശ നാമ രൂപ ഭേദമില്ലാതെ,  സർവ്വവ്യാപിയായ ഭഗവാൻ മണികണ്ഠനെ അങ്ങ് മനസ്സിലാക്കണമെന്നും; മുജ്ജന്മപാപത്താലാണ് ഭഗവാനിൽ നിന്നും എല്ലാം മനസ്സിലാക്കിയിട്ടും; അങ്ങേയ്ക്ക് അതൊക്കെ ഉൾക്കൊള്ളാനാകാത്തതെന്ന് മഹാമുനി രാജാവിനോടു പറഞ്ഞു. 
എന്നാൽ നിഷ്ക്കാമനായി ശ്രീധർമശാസ്താവിനെ മനസ്സിൽ ധ്യാനിച്ചതിനാൽ പാപമോചിതനാണെന്ന രാജാവിന്റെ വാക്കുകൾ കേട്ട മഹർഷിയുടെ മറുപടി ഇങ്ങനെയായിരുന്നു.
അങ്ങയുടെ മനസ്സിലാക്കൽ ശരിയാണെങ്കിലും; പുത്രലാളന മാത്രമായിരുന്നില്ലൊ.മാത്രവുമല്ല,  ആ സമയത്ത് ഭഗവാനെ പ്രാർത്ഥിച്ച് പാപമോചനത്തിനായി പ്രാർത്ഥിച്ചിട്ടുമില്ല.

അങ്ങയുടെ പ്രജകൾക്കെല്ലാം മണി കണ്ഠന്റെ ദർശനഭാഗ്യമുണ്ടായെങ്കിലും;  സ്നേഹഭാവത്തിലായതിനാൽ അവരും പാപശാന്തരല്ല.
വനത്തിൽ നിന്നും പുലിക്കൂട്ടവുമായെത്തിയ സമയത്ത്, തന്റെ ശക്തിവിശേഷം ശ്രീ ധർമ്മശാസ്താവ് വ്യക്തമാക്കിയപ്പോഴും;  പാപശാന്തിക്കായി,ഭജനമുണ്ടായില്ല.  കഠിന പ്രാർത്ഥനയോടെ കഴിഞ്ഞാൽ ജന്മപാപ ദു:ഖങ്ങളകന്ന്, മോക്ഷപ്രാപ്തിയുണ്ടാകും. ശ്രീധർമശാസ്താവ് ശരമയച്ച സ്ഥലത്ത് യഥാവിധി ഭഗവാനെ പ്രതിഷ്ഠിക്കുന്നതിനുവേണ്ടിയുള്ള ക്ഷേത്രം പണികഴിപ്പിക്കുക. 
അഗസ്ത്യമുനിയുടെ വചനങ്ങൾ മഹാരാജാവിന്റെ മനസ്സ് ശാന്തമാക്കി.  ഭഗവത്സാമീപ്യ ജീവിതം, പുത്രസൗഭാഗ്യത്താൽ കരഗതമായ പുളകത്തിലലഞ്ഞ മഹാരാജാവിനോട് ക്ഷേത്ര നിർമ്മാണം ഉടൻ തന്നെ നടപ്പാക്കണമെന്നും. സാലപുരാധിപനായ ആചാര്യനെ വരുത്തി മണികണ്ഠനെ പ്രതിഷ്ഠിക്കുകയും ചെയ്യുകയെന്ന് ശാന്തതയോടെ മാമുനി പറഞ്ഞു. 
കൂടാതെ, മഹാരാജാവിന് പൂജാരീതികളും കൂടി പറഞ്ഞു കൊടുത്തതിനുശേഷം അഗസ്ത്യമഹർഷി അപ്രത്യക്ഷമായി.
*സ്വാമിയേ ശരണമയ്യപ്പാ…*
തുടരും…

*സുജ കോക്കാട്*