ഓസ്റ്റിൻ : കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിന് ഫൈസർ ഉൽപാദിച്ച കോവിഡ് വാക്സീൻ സ്വീകരിച്ചവരിൽ നിന്നും മറ്റുള്ളവരിലേക്കു വൈറസ് വ്യാപിക്കാൻ സാധ്യതയുള്ളതായി ആരോഗ്യവകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകി.ടെക്സസ് –മെക്സിക്കോ അതിർത്തിയിൽ കനത്ത തോതിൽ കൊറോണ വൈറസ് വ്യാപനം ഉണ്ടായതു ഹിസ്‍പാനിക്ക് വിഭാഗത്തിനാണ്.സാമ്പത്തിക പിന്നോക്കാവസ്ഥയും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വരുത്തിയ വീഴ്ചയുമാണ് ഈ വിഭാഗത്തിൽ കൂടുതൽ വ്യാപനം ഉണ്ടാകാൻ കാരണമെന്നും അധികൃതർ വിശദീകരിച്ചു. കോവിഡ് വാക്സീൻ സ്വീകരിക്കുന്നതിലൂടെ സ്വയം രോഗപ്രതിരോധ ശക്തി വർധിപ്പിക്കാനും മറ്റുള്ളവരുടെ ആരോഗ്യത്തെ സംരക്ഷിക്കാനും കഴിയും. സാധാരണക്കാർക്ക് ഈ വാക്സീൻ പെട്ടെന്ന് ലഭിക്കുന്നതിനുള്ള സാധ്യതകൾ വിരളമാണ്. അവർ ഇനിയും കാത്തിരിക്കേണ്ടി വരും. കോവിഡ് വാക്സീൻ നൽകുന്നതിന് മുൻഗണന ലഭിച്ചിരിക്കുന്നത് ഫ്രണ്ട് ലൈൻ വർക്കേഴ്സിനാണ്. അവരുടെ ജീവൻ സംരക്ഷിക്കുന്നതിലൂടെ മറ്റു നിരവധി പേരുടെ ജീവൻ സംരക്ഷിക്കാൻ കഴിയും.

കോവിഡ് വ്യാപിച്ച ശേഷം ഇതുവരെ രാജ്യത്താകമാനം 1000 ത്തിലധികം ആരോഗ്യവകുപ്പ് പ്രവർത്തകർക്കു ജീവൻ നഷ്ടമായിട്ടുണ്ട്. വാക്സീൻ ലഭിച്ചവർ മാസ്ക്ക് ധരിക്കേണ്ടതും സോഷ്യൽ ഡിസ്റ്റൻസ് കീപ്പ് ചെയ്യേണ്ടതാണെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.