*വൃശ്ചിക പുലരികൾ കലിയുഗവരദ ദർശന പുണ്യം*

മലപ്പുറം  ജില്ലയിലെ ചമ്രവട്ടം ശാസ്താക്ഷേത്രം ഭാരതപ്പുഴയുടെ നടുവിലായി സ്ഥിതി ചെയ്യുന്നു. പൂർണ്ണാ പുഷ്കലാ സമേതനായിട്ടാണ് ശാസ്താവ് ഇവിടെ വാണരുളുന്നത്. കൊടിമരമോ, നാലമ്പലമോ ഈ ക്ഷേത്രത്തിലില്ല. ഭാരതപ്പുഴയിലെ ജലം തൃപ്പടിവരെ കവിഞ്ഞൊഴുകുമ്പോൾ മാത്രമേ ഇവിടെ ആറാട്ട് നടത്താറുള്ളൂ എന്നതാണ് ഈ ക്ഷേത്രത്തിന്റെ പ്രധാന പ്രത്യേകത.
ആലപ്പുഴ ജില്ലയിലെ തൃക്കുന്നപ്പുഴ ശാസ്താക്ഷേത്രം തീരപ്രദേശത്ത് കിഴക്കോട്ടു ദർശനമായി നിലകൊള്ളുന്നു. പ്രഭാ സത്യകാ സമേതനായ ശാസ്താവിനെയാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. നൂറ്റിയെട്ട് ശാസ്താ ക്ഷേത്രങ്ങളിൽ മുന്തിയ സ്ഥാനമാണ് ഈ ക്ഷേത്രത്തിനുള്ളത്.  വൃശ്ചിക മാസത്തിലെ കാർത്തിക നാളിൽ കൊടിയേറും.  ഉത്രം നാളിൽ ആറാട്ടോടുകൂടി ഉത്സവം വളരെ ആഘോഷപൂർവ്വം നടത്തപ്പെടുന്നു. മഹാദേവൻ,  ദുർഗ,  മുരുകൻ, യക്ഷി,  രക്ഷസ്സ് എന്നീ ഉപദേവതകളേയും ഇവിടെ പ്രതിഷ്ഠിച്ചിട്ടുണ്ട്.

മലപ്പുറം ജില്ലയിലെ ദാരുശില്പാലംകൃത പ്രസിദ്ധമായ ക്ഷേത്രമാണ് നിറം കൈതക്കോട്ട ശാസ്താക്ഷേത്രം. ബാലശാസ്താവായ ചെങ്കൽ വിഗ്രഹം കുന്നിൻ മുകളിൽ സ്വയംഭൂവായി കുടികൊള്ളുന്നു. വിഗ്രഹത്തിൽ ശ്രീരാമശക്തിയുണ്ടെന്ന് വിശ്വസിക്കുന്നതിനാൽ, ഇവിടെ ശ്രീരാമദേവന് ഉച്ചയ്ക്ക് പുഷ്പാഞ്ജലി സമർപ്പിച്ചു പോരുന്നു. ക്ഷേത്രത്തിലെ പായസ നിവേദ്യം പതിവായി വാനരന്മാർക്ക് നൽകി വരുന്നുണ്ട്.  കൂടാതെ പാറയിലെ ഉറവിടങ്ങളിൽ നിന്നുള്ള ജലമാണ് ക്ഷേത്രത്തിൽ പൂജാദിമകർമ്മങ്ങൾക്കുവേണ്ടി ഉപയോഗിച്ചുവരുന്നത്.
മകരസംക്രമത്തിലാണ് ഇവിടെ കളമെഴുത്തും പാട്ടും നടത്താറുള്ളത്.  മഹാഗണപതി,  ശിവൻ എന്നീ ദേവന്മാരേയും ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നു.
*സ്വാമിയേ ശരണമയ്യപ്പാ…*
തുടരും…

*സുജ കോക്കാട്*