അഭയ വധക്കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് സിബിഐ കോടതി. കോട്ടയം പയസ് ടെൻത്ത് കോണ്‍വൻ്റിലെ അന്തേവാസിയായിരുന്ന സിസ്റ്റര്‍ അഭയയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ ഫാദര്‍ തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സ്റ്റെഫി എന്നിവര്‍ക്ക് തിരുവനന്തപുരം സിബിഐ കോടതി ശിക്ഷ വിധിച്ചത്. ജഡ്ജി കെ.സനൽകുമാറാണ് വിധി പറഞ്ഞത്. കൊലപാതകം, തെളിവുനശിപ്പിക്കൽ തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ തെളിഞ്ഞിരിക്കുന്നത്.

വിധി പ്രസ്താവത്തിനായി മുൻപായി പ്രോസിക്യൂഷനും പ്രതിഭാഗവും കോടതിയിൽ അന്തിമവാദം നടത്തി. കൊലക്കുറ്റം തെളിഞ്ഞതിനാൽ പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ വാദിച്ചു. അഭയയുടേത് ആസൂത്രിതമായ കൊലപാതകമായിരുന്നോ എന്ന് കോടതി പ്രോസിക്യൂഷനോട് ചോദിച്ചു. അല്ലെന്ന് സിബിഐ പ്രോസിക്യൂട്ടര്‍ എം. നവാസ് മറുപടി നൽകി.

അതേസമയം ഫാദര്‍ കോട്ടൂർ കോൺവെൻ്റിൽ അതിക്രമിച്ച് കയറി കുറ്റകൃത്യം നടത്തിയെന്നത് ഗൗരവതരമാണെന്നും പ്രോസിക്യൂഷൻ കോടതിയിൽ ചൂണ്ടിക്കാട്ടി. അഭയവധക്കേസ് അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസായി പരിഗണിക്കണമെന്നും പരാമവധി ശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ വാദിച്ചു.

കേസിലെ രണ്ടിലെ പ്രതികളും ഗുരുതര ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവരാണെന്ന് പ്രതിഭാഗം കോടതിയിൽ വാദിച്ചു. കേസിൽ ഒന്നാം പ്രതിയായ ഫാദര്‍ കോട്ടൂര്‍ അര്‍ബുദ രോഗിയാണെന്നും അദ്ദേഹത്തിന് 73 വയസ് പ്രായമുണ്ടെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി. പ്രതിഭാഗത്തിൻ്റെ വാദം അവസാനിച്ച ശേഷം ഫാദര്‍ കോട്ടൂരും സിസ്റ്റര്‍ സ്റ്റെഫിയും ശിക്ഷയിൽ ഇളവ് നൽകണമെന്ന് ജഡ്ജിക്ക് അരികിലെത്തി അഭ്യര്‍ത്ഥിച്ചു.

താൻ നിരപരാധിയാണെന്നും ദിവസവും 20 എം.ജി ഇൻസുലിൻ വേണമെന്നും കോട്ടൂര്‍ കോടതിയിൽ പറഞ്ഞു. മറ്റു ആരോഗ്യപ്രശ്നങ്ങൾ ഉള്ളതിനാൽ അതിനും ചികിത്സയും മരുന്നുമുണ്ടെന്നും ഫാദര്‍ കോട്ടൂര്‍ കോടതിയെ അറിയിച്ചു. കോട്ടൂരിന് പിന്നാലെ സിസ്റ്റര്‍ സ്റ്റെഫി സിബിഐ ജഡ്ജിക്ക് സമീപത്തേക്ക് വന്നു താൻ നിരപരാധിയാണെന്നും ക്നായ നിയമപ്രകാരം ഒരു വൈദികൻ കന്യാസ്ത്രീക്ക് പിതാവിനെ പോലെയാണെന്നും അതിനാൽ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും സിസ്റ്റര്‍ സ്റ്റെഫി പറഞ്ഞു.

തനിക്ക് രോഗികളായ മാതാപിതാക്കളുണ്ടെന്നും അവരുടെ സംരക്ഷണം തൻ്റെ ഉത്തരവാദിത്തമാണെന്നും സ്റ്റെഫി കോടതിയെ അറിയിച്ചു. ആരോഗ്യപ്രശ്നങ്ങൾ കാണിക്കുന്ന സര്‍ട്ടിഫിക്കറ്റുകൾ കൈമാറിയ സ്റ്റെഫി തനിക്ക് പെൻഷനുണ്ടെന്നും ആ വരുമാനം കൊണ്ടാണ് ജീവിക്കുന്നതെന്നും പറഞ്ഞു. കേസിൻ്റെ വിധി പ്രസ്താവം കേൾക്കാൻ വലിയ ആൾക്കൂട്ടമാണ് കോടതിയിൽ ഉണ്ടായത്. അഭിഭാഷകരും നിയമവിദ്യാര്‍ത്ഥികളും മാധ്യമപ്രവര്‍ത്തകരും കന്യാസ്ത്രീകളും പ്രതികളുടെ ബന്ധുക്കളുമടക്കം നിരവധി പേര്‍ കേരള ചരിത്രത്തിലെ ഏറ്റവും കുപ്രസിദ്ധമായ കേസിൻ്റെ അവസാന വിചാരണ ദിവസം കോടതി മുറിയിൽ എത്തിയിരുന്നു. കോടതിമുറിയിൽ വാദങ്ങൾ പുരോഗമിക്കുമ്പോൾ അതെല്ലാം കണ്ണടച്ച് കേട്ടിരിക്കുകയായിരുന്നു സിസ്റ്റർ സ്റ്റെഫി.

അഭയക്കേസിലെ ഒന്നാം പ്രതി ഫാ.തോമസ് കോട്ടൂരിനെതിരെ കൊലപാതകം, തെളിവു നശിപ്പിക്കൽ, അതിക്രമിച്ചു കടക്കൽ എന്നീ കുറ്റങ്ങളാണ് തെളിഞ്ഞിരിക്കുന്നത്. മറ്റൊരു പ്രതിയായ സിസ്റ്റർ സെഫിക്കെതിരെ കൊലപാതവും തെളിവു നശിപ്പിലുമാണ് തെളിഞ്ഞത്. ജീവപര്യന്തം ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് തെളിഞ്ഞത്.

സിബിഐ കോടതി കുറ്റക്കാരനെന്ന കണ്ടെത്തിയ പ്രതികളെ ഇന്നലെ വൈദ്യപരിശോധനക്കു ശേഷം ജയിലേക്ക് മാറ്റിയിരുന്നു. ഇന്ന് പതിനൊന്നു മണിയോടെ പ്രതികളെ വീണ്ടും കോടതിയിലേക്ക് കൊണ്ടു വന്നു തുടര്‍ന്നാണ് സിബിഐ കോടതി ജഡ്ജി വിധി പ്രസ്താവിച്ചത്.അഭയ കൊല്ലപ്പെട്ട് 28 വർഷങ്ങള്‍ക്ക് ശേഷമാണ് കേസിൽ നിർണായക വിധി പ്രഖ്യാപനം ഉണ്ടാകുന്നത്. ലോക്കൽ പൊലീസും ക്രൈം ബ്രാഞ്ചും ആത്മഹത്യയെന്ന് എഴുതി തളളിയ കേസ് കൊലപാതകമാണെന്ന് സിബിഐയാണ് കണ്ടെത്തിയത്.

ഒരു വർഷം മുമ്പാരംഭിച്ച വിചാരണ നടപടികൾ ഈ മാസം 10ന് അവസാനിച്ച ശേഷമാണ് വിധി പറയാനായി മാറ്റിയത്. കേസിലെ രണ്ടാം പ്രതിയായ ഫാ. ജോസ് പുതൃക്കയിലെ വേണ്ടത്ര തെളിവുകളില്ലാത്തിനാൽ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. ഈ ഉത്തരവിനെതിരെ സുപ്രീംകോടതിയിൽ അപ്പീൽ നൽകാൻ സിബിഐ തീരുമാനിച്ചിട്ടുണ്ട്. രഹസ്യമൊഴി നൽകിയ സാക്ഷികൾ ഉൾപ്പെടെ 8 പേർ കേസിൽ കൂറുമാറിയിരുന്നു. വിചാരണയ്ക്കിടെ കൂറുമാറിയ ഒന്നാം സാക്ഷിയായ സഞ്ചു പിമാത്യുവിനെതിരെ നിയമനടപടിയും സിബിഐ ആരംഭിച്ചിട്ടുണ്ട്.