മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രം മരക്കാർ: അറബിക്കടലിന്റെ സിംഹം റിലീസ് തീയതി മാറ്റി. കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. 2021 ഓഗസ്റ്റ് 12-ന് ചിത്രം ലോകവ്യാപകമായി പ്രദർശനത്തിനെത്തും. മെയ് 13നായിരുന്നു ചിത്രം റിലീസ് ചെയ്യാൻ നിശ്ചയിച്ചിരുന്നത്.

മികച്ച ചിത്രം ഉൾപ്പെടെ മൂന്ന് ദേശീയ പുരസ്കാരങ്ങൾ മരക്കാർ നേടിയിരുന്നു. കഴിഞ്ഞ വർഷം മാർച്ച് 21 ന് റിലീസിനെത്തേണ്ടിയിരുന്ന ചിത്രമായിരുന്നു മരക്കാർ. അതിനിടെയാണ് കോവിഡ് വ്യാപനത്തെ തുടർന്ന് ലോക്ഡൗൺ ഏർപ്പെടുത്തുന്നത്. ഇതിനെ തുടർന്ന് ചിത്രത്തിന്റെ റിലീസും അനിശ്ചിതത്വത്തിലാവുകയായിരുന്നു.


അഞ്ച് ഭാഷകളിലാണ് ചിത്രം പ്രദർശനത്തിനെത്തുക. മോഹൻലാലിന് പുറമേ പ്രണവ് മോഹൻലാൽ, അർജ്ജുൻ , പ്രഭു, മഞ്ജു വാര്യർ, സുഹാസിനി, കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ, ഫാസിൽ, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്റ് തുടങ്ങി വലിയൊരു താര നിര തന്നെ ചിത്രത്തിനായി അണിനിരക്കുന്നുണ്ട്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമാണം.

തീയേറ്ററുകളിൽ മികച്ച പ്രതികരണം നേടിയ മാർട്ടിൻ പ്രക്കാട്ട് ചിത്രം നായാട്ട് ഒടിടി റിലീസിനൊരുങ്ങുന്നു. ചിത്രം മെയ് ഒൻപതിന് നെറ്റ്ഫ്ലിക്സിൽ പ്രദർശനത്തിനെത്തുമെന്നാണ് റിപ്പോർട്ടുകൾ.

കുഞ്ചാക്കോ ബോബനും ജോജു ജോർജും നിമിഷ വിജയനുമാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയത്. മൂന്ന് പോലീസുകാർ നേരിടുന്ന പ്രശ്നങ്ങൾ സമകാലിക സാമൂഹിക-രാഷ്ട്രീയ പശ്ചാത്തലത്തിൽ പറഞ്ഞുവെക്കുകയാണ് ചിത്രം. ജോസഫ് എന്ന സിനിമയുടെ തിരക്കഥാകൃത്ത് ഷാഹി കബീർ ആണ് നായാട്ടിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ആറ് വർഷത്തിനുശേഷം മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകയുമുണ്ടായിരുന്നു നായാട്ടിന്.

ഏപ്രിൽ എട്ടിനാണ് ചിത്രം തീയേറ്ററുകളിൽ റിലീസ് ചെയ്തത്. ഷൈജു ഖാലിദ് ആയിരുന്നു ഛായാഗ്രഹണം.