https://youtu.be/aasyPbP8orw

രാജ്യത്ത് ഓൺലൈൻ ലോൺ ആപ്പുകളുടെ ചൂഷണം വ്യാപകമായിരിക്കുകയാണ്. ഇത്തരം ആപ്ലിക്കേഷനുകൾ നടത്തിവരുന്ന ചൂഷണം മൂലം വിവിധ സംസ്ഥാനങ്ങളായി നിരവധി പേർ ആത്മഹത്യ ചെയ്തതോടെയാണ് വിഷയം ചർച്ചയായത്. ഇത്തരം ആപ്ലിക്കേഷനുകൾക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തിവരികയാണ്.വളരെ എളുപ്പം ലോൺ വാഗ്ദാനം ചെയ്താണ് ഇത്തരം ആപ്ലിക്കേഷനുകൾ ഉപയോക്താക്കളിലേക്ക് എത്തുന്നത്. ഓൺലൈൻ ചൂതാട്ട, വാതുവെപ്പ് ആപ്ലിക്കേഷനുകൾ ഉപയോഗിക്കുന്നവരും അടിയന്തിരമായി പണം ആവശ്യമായിട്ടുള്ളവരുമാണ് ഇത്തരം ആപ്പുകളുടെ വലയിലാവുന്നത്.

ഇടപാടുകാരെ കിട്ടാൻ ഇത്തരം ആപ്ലിക്കേഷനുകൾ പല വഴികളിലൂടെ ബന്ധപ്പെടാറുണ്ട്.ഓൺലൈൻ റമ്മി ആപ്ലിക്കേഷനുകളെ പോലെ നിരവധി ചൂതാട്ട വെബ്സൈറ്റുകളും ആപ്പുകളും നിലവിലുണ്ട്. ഇവയിൽ പണം നഷ്ടപ്പെടുന്ന ഉപയോക്താക്കളിലേക്ക് പണം കടം തരാമെന്ന വാഗ്ദാനവുമായി ഇത്തരം ആപ്ലിക്കേഷനുകൾ രംഗപ്രവേശം ചെയ്യും. ചിലപ്പോൾ ചൂതാട്ട വാതുവെപ്പ് ആപ്ലിക്കേഷനുകളുമായി നേരിട്ട് ബന്ധമുള്ളവയായിരിക്കാം ഈ ലോൺ ആപ്പുകൾ. ഓൺലൈൻ പരസ്യങ്ങൾ, എസ്എംഎസ്, ഇമെയിൽ, പോലുള്ള മാർഗങ്ങളിലൂടെയും മോഹവാഗ്ദാനങ്ങളിലൂടെ ഇവർ ഇരകളെ കണ്ടെത്തും.വലിയ പേപ്പർ ജോലികളില്ലാതെ എളുപ്പം പണം ലഭിക്കും എന്നതാണ് ഇത്തരം ആപ്ലിക്കേഷനുകളിലേക്ക് ആളുകളെ ആകർഷിക്കപ്പെടാനുള്ള മുഖ്യ കാരണങ്ങളിലൊന്ന്. ഇങ്ങനെ പണമെടുക്കുന്നവർ വലിയ പലിശ നിരക്കിനെ വകവെക്കാറുമില്ല. എന്നാൽ നാട്ടിലെ ബ്ലേഡ് പലിശക്കാരെ പോലെ കഴുത്തറുപ്പൻ പലിശ ചുമത്തിക്കൊണ്ടാണ് ഈ ആപ്പുകളിൽ പലതും ലോൺ നൽകുന്നത്. കൃത്യമായി അടയ്ക്കാൻ സാധിച്ചാൽ എളുപ്പം രക്ഷപ്പെടാം എന്നാൽ വീഴ്ച വന്നാൽ കളിമാറും.