ഒരു നാടിനെ സങ്കടത്തിലാഴ്‍ത്തി അഫ്ര, ഇനി കണ്ണീരോര്‍മ, ഒരുലക്ഷത്തില്‍ ഒരാള്‍ക്ക് മാത്രം വരുന്ന അപൂര്‍വ രോഗമായ സ്പൈനല്‍ മസ്‌കുലാര്‍ അട്രോഫി(എസ്‌എംഎ) ബാധിച്ച അഫ്ര(15) മരണപ്പെട്ടു.പുലര്‍ച്ചെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. എസ്‌എംഎ രോഗബാധിതനായ സഹോദരന്‍ മുഹമ്മദിനു ചികിത്സാസഹായം ആവശ്യപ്പെട്ടു അഫ്ര വീല്‍ചെയറില്‍ ഇരുന്നു നടത്തിയ അഭ്യര്‍ഥന ലോകം മുഴുവന്‍ കേട്ടിരുന്നു. കോടികളുടെ പുണ്യമാണ് അഫ്രയുടെ വീട്ടിലേക്ക് ഒഴുകി എത്തിയത്.ഇന്ന് പുലര്‍ച്ചെ 5.30 ഓടെയാണ് അന്ത്യം കണ്ണൂര്‍ മാട്ടൂല്‍ സ്വദേശികളായ റഫീഖിന്റെ മറിയുമ്മയുടെയും മകളാണ്. അഫ്രയുടെ സഹോദരന്‍ മുഹമ്മദിനും(2വയസ്സ്) ഇതേ രോഗമാണ്. മുഹമ്മദിന്റെ ചികില്‍സക്കായി ക്രൗഡ് ഫണ്ടിങ്ങിലൂടെ കേരളം കോടികളാണ് സ്വരൂപിച്ചത്. മുഹമ്മദിന്റെ ചികില്‍സ ആസ്റ്റര്‍ മിംസില്‍ നടന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് അഫ്രയുടെ മരണം.സഹോദരനും തനിക്കുള്ള അതേ രോഗം ബാധിച്ചതറിഞ്ഞ അഫ്രയുടെ അഭ്യര്‍ത്ഥനയാണ് പിന്നീട് കേരളം ഏറ്റെടുത്തത്. ചികില്‍സാ കമ്മിറ്റി ഔദ്യോഗികമായി അഭ്യര്‍ത്ഥന പുറപ്പെടുവിച്ച്‌ ദിവസങ്ങള്‍ക്കുള്ളില്‍ ആവശ്യത്തില്‍കൂടുതല്‍ പണം സ്വരൂപിച്ചത് അന്താരാഷ്ട്രമാധ്യമങ്ങളില്‍ വരെ വാര്‍ത്തയായിരുന്നു.കുറച്ചു ദിവസമായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അഫ്രയെ കഴിഞ്ഞ ദിവസമാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. 2021 ഓഗസ്റ്റ് 24 നാണ് മുഹമ്മദിന് മരുന്നു കുത്തിവച്ചത്. ഫിസിയോ തെറപ്പിയും ചെയ്യുന്നുണ്ട്. അഫ്രയ്ക്കും എസ്‌എംഎ അസുഖത്തിനുള്ള ചികിത്സ നടക്കുന്നുണ്ടായിരുന്നു. ഇതിനിടയിലാണ് അസുഖ ബാധിതയായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്.