ബെൽഫാസ്റ്റ് : നോര്‍ത്തേണ്‍ അയര്‍ലന്റില്‍ നിന്നും വന്ന അതിദാരുണമായ ദുരന്ത വാര്‍ത്ത യു കെ മലയാളികളെ ഞെട്ടിച്ചിരിക്കുകയാണ് . ലണ്ടന്‍ഡെറിയിലെ വെള്ളച്ചാട്ടത്തില്‍ പെട്ട് രണ്ടു മലയാളി വിദ്യാര്‍ത്ഥികള്‍ മരിച്ചുവെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ലണ്ടനഡെറിയിലെ സെബാസ്റ്റ്യന്‍ ജോസഫ് എന്ന ശ്രീ അജു – ശ്രീമതി വിജി ദമ്പതികളുടെ മകന്‍ ജോപ്പു എന്നു വിളിക്കുന്ന ജോസഫ് സെബാസ്റ്റ്യന്‍, കണ്ണൂർ-പയ്യാവൂർ പൊന്നുംപറമ്പത്തുള്ള മുപ്രാപ്പള്ളിയിൽ ജോഷി സൈമണിന്റെ മകന്‍ റുവാന്‍ ജോ സൈമണ്‍ എന്നിവരാണ് മരിച്ചത്. 19 വയസ് പ്രായമുള്ള ഇരുവരും സെന്റ് കൊളംബസ് ബോയ്‌സ് കോളേജ് വിദ്യാര്‍ത്ഥികളായിരുന്നു. രണ്ടുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെടുക്കുകയും ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

ഓഗസ്റ്റ് 29 തിങ്കളാഴ്ച്ച വൈകിട്ടോടെയാണ് അപകടം സംഭവിച്ചത്. മരിച്ച കുട്ടികളടക്കം എട്ടു പേരടങ്ങുന്ന സംഘം സൈക്ലിംഗിന് പോയപ്പോഴാണ് അപകടം. സ്‌കൂള്‍ അവധിയായതും നല്ല കാലാവസ്ഥയും കണക്കിലെടുത്താണ് കുട്ടികള്‍ സൈക്ലിംഗിന് ഇറങ്ങിയത്. എന്നാല്‍, പോകും വഴി തടാകത്തിലെ വെള്ളത്തിലേക്ക് ഇറങ്ങിയ റുവാന്‍ അപകടത്തില്‍ പെടുകയും രക്ഷിക്കുവാന്‍ ശ്രമിച്ച ജോസഫും അതേ അപകടത്തില്‍ പെടുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. വെള്ളത്തിലെ ചെളിയില്‍ കാലുകള്‍ പൂണ്ടു പോയതാകാം അപകട കാരണം എന്നാണ് നിലവില്‍ ലഭിക്കുന്ന വിവരങ്ങള്‍.
അപകടം സംഭവിച്ചയുടന്‍ എമര്‍ജന്‍സി സര്‍വ്വീസുകള്‍ സ്ഥലത്തേക്ക് എത്തി രക്ഷാ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ആദ്യം റുവാനെ കണ്ടെടുക്കുകയും ഉടന്‍ ആശുപത്രിയിലെത്തുകയും അവിടെ വച്ച് മരണം സ്ഥീരികരിക്കുകയും ആയിരുന്നു. പിന്നീട് ആണ് ഫോയില്‍ സെര്‍ച്ചും റെസ്‌ക്യൂവും പോലീസ് ഡൈവേഴ്സും നടത്തിയ വിപുലമായ തിരച്ചിലിന് ശേഷം ജോസഫിന്റെ മൃതദേഹവും കണ്ടെടുത്തത്. സംഭവ സ്തലത്തു വച്ചു തന്നെ ജോസഫിന്റെ മരണം സ്ഥീരികരിച്ചിരുന്നു. മൃതദേഹങ്ങള്‍ സമീപത്തെ അല്‍റ്റ്‌നാഗെല്‍വിന്‍ ആശുപത്രിയിലേക്ക് എത്തിച്ചപ്പോഴേക്കും പുരോഹിതരും മലയാളികളും അടക്കം നിരവധി പേര്‍ സംഭവമറിഞ്ഞ് ആശുപത്രിയിലേക്ക് എത്തിയിരുന്നു.അപകടം സംഭവിച്ചതിനെ തുടര്‍ന്ന സംഭവം നടന്ന പ്രദേശം പൊലീസ് അടച്ചിട്ടിരിക്കുകയാണ്.