നെയ്യാർ ഡാമില്‍ വീണ്ടും ചീങ്കണ്ണി ഇറങ്ങി… കരക്കെത്തിയ ചീങ്കണ്ണി മ്ലാവിനെ കടിച്ചു കൊന്നെന്നും പ്രദേശവാസികള്‍ പറയുന്നു. നെയ്യാർ ജല സംഭരണിയിൽ ചീങ്കണ്ണിയെ കണ്ടതായി വീഡിയോ പ്രചരിച്ചതോടെ പ്രദേശവാസികൾ ചീങ്കണ്ണിപ്പേടിയിലാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോയിൽ കരയിൽ നിന്നും ജലാശയത്തിലൂടെ നീന്തി പോകുന്ന വലിയ ചീങ്കണ്ണി ഒടുവിൽ ജലാശയത്തിൽ മുങ്ങി താഴുന്ന ദൃശ്യമാണ് ഉള്ളത്. വീഡിയോ വ്യാപകമായതിന് പിന്നാലെ കള്ളിക്കാട് ഗ്രാമപഞ്ചായത്ത് അധികൃതര്‍ക്കും റിസര്‍വോയറിന്‍റെ സമീപത്തുള്ള സഹകരണ കോളേജ്, വ്ളാവെട്ടി ട്രൈബല്‍ സ്കൂള്‍, നെയ്യാര്‍ ഡാം, ഹയര്‍ സെക്കന്‍ററി സ്കൂള്‍, ജലാശയം അതിരിടുന്ന അമ്പൂരി പഞ്ചായത്തിലെ തൊടുമല, മായം, അമ്പൂരി വാര്‍ഡുകളിലെ ജനപ്രതിനിധികള്‍ എന്നിവര്‍ക്കും നെയ്യാര്‍ വന്യജീവി അസിസ്റ്റന്‍റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ വി ബ്രിജേഷ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. 

സംഭവം ശ്രദ്ധയിൽപ്പെട്ടതായി കള്ളിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റും നെയ്യാർ ഡാം പൊലീസും അറിയിച്ചു. എന്നാൽ, ചീങ്കണ്ണിയെ പിന്നീട് ആരും കണ്ടതായി പറയുന്നില്ല. അതേ സമയം കുടിക്കാനും, കുളിക്കാനും ജലാശയത്തെ മാത്രം ആശ്രയിക്കുന്ന സംഭരണിയുടെ തീരത്തെ താമസക്കാര്‍  വീണ്ടും ഭീതിയോടെയാണ് കഴിയുന്നത്. ഭയപ്പെടുത്തുന്ന മുൻകാല സംഭവങ്ങൾക്ക് സാക്ഷികളാണ് തീരത്തുള്ളവർ എന്നത് അവരുടെ ഭയമേറ്റുന്നു. നേരത്തെ നെയ്യാര്‍ ഡാമില്‍ വനം വകുപ്പ് ചീങ്കണ്ണി കുഞ്ഞുങ്ങളെ നിക്ഷേപിച്ചിരുന്നു. പിന്നീട് ഇവ വളര്‍ന്ന് വലുതായതോടെ ഇവ കരയ്ക്ക് കയറി അക്രമണം തുടങ്ങി. ചീങ്കണ്ണി ആക്രമണത്തില്‍ പ്രദേശത്ത് നാലുപേർക്കാണ് ജീവൻ നഷ്ടപ്പെട്ടിട്ടുള്ളത്. അംഗഭംഗം വന്നവരും ഇവിടെയുണ്ട്. നിരവധി പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് വനം വകുപ്പ് കെണിവച്ച്നിരവധി ചീങ്കണ്ണികളെ പിടികൂടിയിരുന്നു.