പതിനാറുകാരിയായ സ്കൂൾ വിദ്യാർത്ഥിനി ഗർഭിണിയായ സംഭവത്തിൽ പതിനേഴു കാരനായ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വയറു വേദനയെ തുടർന്ന് ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ച പെൺകുട്ടിയെ കഴിഞ്ഞ ശനിയാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിശോധനയിൽ  പെൺകുട്ടി അഞ്ച് മാസം ഗർഭിണി ആണെന്ന് കണ്ടെത്തി. തുടർന്ന് പെൺകുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയിലാണ് ആറന്മുള പൊലീസ് കേസെടുത്തത്. ആശുപത്രിയിലെ പരിശോധനയക്ക് ശേഷം പെൺകുട്ടിയെ കൌൺസിലിങ്ങിന് വിധേയമാക്കി. തുടർന്നാണ് പെൺകുട്ടി 17- കാരന്റെ പേര് വെളിപ്പെടുത്തിയത്. ഒരേ സ്കൂളിൽ പഠിക്കുന്നവരാണ് രണ്ട് വിദ്യാർത്ഥികളും എന്ന് പൊലീസ് പറഞ്ഞു. 2018 ഏപ്രിൽ മാസം മുതൽ ഇരുവരും സൌഹൃദത്തിലായിരുന്നു. സൌഹൃദം തുടരുന്നതിനിടെ 2019-ലെ വേനലവധി സമയത്ത് ആദ്യമായി പെൺകുട്ടിയെ പീഡനത്തിരയാക്കി. വീടിന് സമീപത്തെ ഒഴിഞ്ഞ കെട്ടിടത്തിലെത്തിച്ചായിരുന്നു ലൈംഗിക പീഡനം. ഇതിന് ശേഷം രണ്ട് തവണ 17-കാരൻ വീട്ടിലെത്തിയും പെൺകുട്ടിയെ പീഡിപ്പിച്ചു. ഏപ്രിൽ മുതൽ ജൂൺ മാസം വരെയുള്ള കാലയളവിൽ പലതവണ വീടിന് സമീപത്ത് എത്തിച്ച് പീഡനം തുടരുകയായിരുന്നു എന്നും പൊലീസ് പറയുന്നു. ഇരുവർക്കും പ്രായപൂർത്തിയാവാത്ത സാഹചര്യത്തിൽ 17-കാരനെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കി സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുമെന്നും പൊലീസ് അറിയിച്ചു. 

അതേസമയം, തൃശ്ശൂരില്‍ പതിനാറുകാരനായ വിദ്യാർഥിയെ മദ്യംനൽകി ലൈംഗികമായി പീഡിപ്പിച്ച ട്യൂഷൻ ടീച്ചറെ അറസ്റ്റ് ചെയ്തു.  തൃശൂർ മണ്ണുത്തിയിലാണ് സംഭവം. വിദ്യാർഥി മാനസികപ്രശ്നങ്ങൾ കാണിച്ചപ്പോൾ വീട്ടുകാര്‍ കുട്ടിയെ കൗൺസിലിങ്ങിന് വിധേയമാക്കിയിരുന്നു. കൗൺസിലറോടാണ് വിദ്യാർഥി കാര്യങ്ങൾ തുറന്ന് പറഞ്ഞത്. തുടര്‍ന്ന് ശിശുക്ഷേമ സമിതിയെ വിവരമറിയിച്ചു.  ശിശുക്ഷേമ സമിതിയുടെ നിർദ്ദേശപ്രകാരം മണ്ണുത്തി പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയാണ് അധ്യാപികയെ കസ്റ്റഡിയില്‍ എടുത്തത്. 

അധ്യാപകിയെ ചോദ്യം ചെയ്തപ്പോള്‍ പരാതിയില്‍ കഴമ്പുണ്ടെന്ന് മനസിലാക്കിയ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ മുപ്പത്തിയേഴുകാരിയായ അധ്യാപികയെ  റിമാൻഡ് ചെയ്തു. പോക്സോ നിയമപ്രകാരമാണ് അധ്യാപികയെ അറസ്റ്റ് ചെയ്തത്. കൊവിഡ് കാലത്താണ് ഭർത്താവുമായി പിരിഞ്ഞു കഴിയുകയായിരുന്ന അധ്യാപിക വീട്ടില്‍‌ ട്യൂഷന്‍ എടുത്ത് തുടങ്ങിയത്. ഇവര്‍ക്ക് മക്കളുണ്ടായിരുന്നില്ല.അധ്യാപിക നേരത്തെ ഫിറ്റ്നസ് സെന്‍ററില്‍ പരിശീലികയായും ജോലി നോക്കിയിരുന്നു. അതേസമയം പതിനാറുകാരനെ മെഡിക്കല്‍ പരിശോധനയ്ക്കു വിധേയമാക്കി. പൊലീസ് രഹസ്യമൊഴിയും രേഖപ്പെടുത്തി. പൊക്സോ കേസ് ആയതിനാല്‍ പ്രതിയുടെ പേരോ മറ്റു വിശദാംശങ്ങളോ വെളിപ്പെടുത്തരുതെന്ന് പൊലീസ് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍‌കിയിട്ടുണ്ട്. പേരുവിവരങ്ങള്‍ പുറത്തു വന്നാല്‍ അധ്യാപികയുടെ അടുത്ത് ട്യൂഷന് പോയിട്ടുള്ള വിദ്യാര്‍ഥികള്‍ മാനസിക വിഷമം നേരിടേണ്ടി വരും. അതുകൊണ്ട് യാതൊരു കാരണവശാലും പ്രതിയുടെ പേരോ സ്ഥലമോ അടക്കം ഒരു വിവരങ്ങളും വെളിപ്പെടുത്തരുതെന്നാണ് പൊലീസിന്‍റെ നിര്‍ദ്ദേശം.