കള്ളനോട്ടു കേസില്‍ അറസ്റ്റിലായ എടത്വാ കൃഷി ഓഫീസര്‍ എം. ജിഷമോളെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. തിരുവനന്തപുരം പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലേക്കാണ് പത്തുദിവസത്തേക്ക് മാറ്റിയത്. കേസില്‍ റിമാന്‍ഡ് ചെയ്ത് മാവേലിക്കര ജയിലില്‍ പ്രവേശിപ്പിച്ചിരുന്ന ജിഷയെ വ്യാഴാഴ്ച രാത്രി പേരൂര്‍ക്കടയിലെത്തിക്കുകയായിരുന്നു. ജിഷമോള്‍ മാനസികാരോഗ്യപ്രശ്‌നത്തിനു മരുന്ന് കഴിക്കുന്നുണ്ടെന്ന് അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു.

നേരത്തേ ചോദ്യം ചെയ്തപ്പോള്‍ പരസ്പര വിരുദ്ധമായ മറുപടികളാണ് ജിഷയില്‍നിന്ന് പോലീസിന് ലഭിച്ചത്. ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷമേ ഇനി കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി ജിഷമോളെ വിട്ടുകിട്ടുകയുള്ളൂ.

കള്ളനോട്ടു മാഫിയയുടെ ഭാഗമായി പ്രവര്‍ത്തിച്ചതായി വ്യക്തമായതിനെത്തുടര്‍ന്ന് നേരത്തേ ജിഷമോളെ സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു.
ജിഷയെ ചോദ്യം ചെയ്തതില്‍നിന്ന് മുഖ്യപ്രതിയെക്കുറിച്ചു സൂചന ലഭിച്ചതായാണു വിവരം. ഇയാളാണ് ജിഷയ്ക്കു കള്ളനോട്ട് നല്‍കിയതെന്നാണ് അറിയുന്നത്. ആലപ്പുഴയില്‍ ആയോധനകലയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന വ്യക്തിയാണിയാള്‍. ഇയാള്‍ക്കായി അന്വേഷണം പുരോഗമിക്കുകയാണ്.