മലയാളത്തിലെ എക്കാലത്തെയും മികച്ച കോംബോയിൽ ഒന്നാണ് മോഹൻലാലും ശ്രീനിവാസനും. അക്കരെ അക്കരെ , നാടോടിക്കാറ്റ്, ചന്ദ്രലേഖ, കിളിച്ചുണ്ടൻ മാമ്പഴം, പട്ടണ പ്രവേശം, ഉദയനാണ് താരം തുടങ്ങി ഒട്ടനവധി ചിത്രങ്ങളിൽ ഇവരുടെ കോംബോ നാം കണ്ട് ആസ്വദിച്ചതാണ്.ദാസനും വിജയനും ഇന്നും മലയാളികളുടെ മനസ്സിൽ നിലനില്കുന്നതിനു കാരണവും ഇവരുടെ അഭിനയ മികവാണ്. ഇപ്പോഴിതാ മോഹൻലാലിനെ കുറിച്ചുള്ള ശ്രീനിവാസന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുകയാണ്. 

സിനിമയിലെ എക്കാലത്തെയും മികച്ച കോമ്പോയായ മോഹൻലാലുമായി ജീവിതത്തിൽ അത്രനല്ല ബന്ധമല്ലെന്ന് ശ്രീനിവാസൻ പറയുന്നു. ” മോഹൻലാലുമായി ഒരുപാട് പ്രശ്‌നങ്ങളുണ്ട്. അദ്ദേഹത്തിന്റെ കാപട്യങ്ങളെ കുറിച്ച് തുറന്നു പറഞ്ഞിട്ടുണ്ട്. മരിക്കുന്നതിന് മുൻപ് അതിനെപ്പറ്റിയെല്ലാം എഴുതും” – ശ്രീനിവാസൻ വ്യക്തമാക്കി. ‘ഡോ. സരോജ്കുമാർ’ എന്ന സിനിമയ്ക്ക് ശേഷം മോഹൻലാലുമായുള്ള ബന്ധം എങ്ങനെ ആയിരുന്നു എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. മോഹൻലാൽ എല്ലാം തികഞ്ഞ നടനാണെന്നും ശ്രീനി പറയുന്നു. മോഹൻലാലിന് പുറമെ മമ്മൂട്ടി, പിണറായി വിജയൻ, നരേന്ദ്രമോദി, നെഹ്‌റു തുടങ്ങിയവരെ കുറിച്ചും ശ്രിനിവസാൻ സംസാരിച്ചു. മമ്മൂട്ടിയുമായുള്ള ബന്ധത്തെ പറ്റിയുള്ള ചോദ്യത്തിന് പരസ്പരമുണ്ടായ രസകരമായ നിമിഷങ്ങളാണ് ശ്രീനിവാസൻ പറഞ്ഞത്.

പിണറായി വിജയൻ എംഎൽഎയായിരുന്ന കാലത്ത് തന്നെ അദ്ദേഹവുമായി പരിചയമുണ്ടെന്ന് ശ്രീനിവാസൻ പറഞ്ഞു. എന്നാൽ എല്ലാവരെയും പോലെ അധികാരം അദ്ദേഹത്തെയും ദുഷിപ്പിച്ചു. ജവഹർലാൽ നെഹ്റു അധികാരത്തിലേറിയത് തന്നെ സർദാർ വല്ലഭായ് പട്ടേലിനെ ചതിച്ചുകൊണ്ടാണ്. പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാനുളള വോട്ടെടുപ്പിൽ വല്ലഭായ്പട്ടേലിനാണ് കൂടുതൽ വോട്ടുകൾ ലഭിച്ചത്. എന്നാൽ അധികാരത്തിലേറിയത് നെഹ്റുവും” – ശ്രീനിവാസൻ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ചൊരു വിലയിരുത്തൽ നടത്താൻ സമയമായിട്ടില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. രണ്ടാംതവണ അധികാരത്തിലെത്തിയിട്ടും വിലയിരുത്താനായില്ലേയെന്ന ചോദ്യത്തിന് മോദി – അദാനി ബന്ധത്തെക്കുറിച്ച് നിങ്ങൾ കേട്ടിട്ടില്ലേ എന്നായിരുന്നു ശ്രീനിവാസന്റെ മറുചോദ്യം. സന്ദേശം സിനിമയിൽ കാണുന്നതെല്ലാം യഥാർത്ഥത്തിൽ തന്റെ ജീവിതത്തിൽ നടന്ന സംഭവങ്ങളാണെന്നും ശ്രിനിവാസൻ. തന്റെ ചേട്ടൻ കമ്മ്യൂണിസ്റ്റ്കാരനും താൻ എബിവിപി പ്രവർത്തകനുമായിരുന്ന കാലത്ത് സിനിമയിൽ കാണുന്നപോലെയുള്ള രംഗങ്ങളെല്ലാം വീട്ടിലും നടന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വിധിയിൽ വിശ്വസിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് താൻ വിശ്വസിച്ചാലും ഇല്ലെങ്കിലും വിധി പോലെ കാര്യങ്ങൾ നടക്കുമെന്നും താൻ ദൈവമനുഷ്യനല്ലെന്നും ശ്രീനിവാസൻ പറഞ്ഞു. താൻ വിശ്വാസിയല്ല, വിശ്വസിക്കാൻ യോഗ്യനായ ദൈവം തന്റെ മുന്നിൽ ഇതുവരെ പ്രത്യക്ഷപ്പെട്ടിട്ടില്ലെന്നും ശ്രീനിവാസൻ പറഞ്ഞു.