തൃശൂർ: വിറ്റഴിക്കാൻ കഴിയാതെ വന്ന ബിയർ നശിപ്പിക്കാനൊരുങ്ങി ബിവറേജസ് കോർപ്പറേഷൻ. അമിതമായി വിറ്റഴിക്കാൻ കഴിയാതെ വന്ന 50 ലക്ഷത്തോളം ലിറ്റർ ബിയറാണ് നശിപ്പിക്കുന്നത്. കഴിഞ്ഞ ജൂൺ, ജൂലായ് മാസങ്ങളിൽ വാങ്ങിവെച്ച സ്റ്റോക്കാണ് നശിപ്പിക്കുന്നത്. ലക്ഷക്കണക്കിന് കെയ്സ് ബിയറാണ് വാങ്ങി സൂക്ഷിച്ചിരുന്നത്.മഴക്കാലത്ത് ബിയർ വിൽപ്പന കുറയുമെന്ന വിവരം വകവെയ്ക്കാതെയാണ് ഇത്രയധികം ബിയർ സൂക്ഷിച്ചത്. സാധാരണയിൽ കവിഞ്ഞ വിലക്കിഴിവും മറ്റാനുകൂല്യങ്ങളും കോർപ്പറേഷനു വേണ്ടി നൽകിയ കമ്പനിയിൽ നിന്നുമാണ് ബിയർ വാങ്ങിയത്. കുപ്പിക്ക് 130 രൂപയ്ക്കും 160 രൂപയ്ക്കും മദ്യവിൽപ്പനശാലകളിലൂടെ വിൽക്കേണ്ട ബിയറാണ് നശിപ്പിക്കുന്നത്. ആറുമാസത്തിനുളളിൽ ബിയർ ഉപയോ ഗിച്ചില്ലെങ്കിൽ നശിപ്പിക്കണമെന്നാണ് നിയമം. മഴക്കാലത്ത് ബിയർ വിൽപ്പന കുറയുമെന്നതിനാലാണ് കോർപ്പറേഷൻ അതനുസരിച്ച് ബിയർ വാങ്ങിയത്. എന്നാൽ പതിവ് രീതി തെറ്റിയതോടെ കാര്യങ്ങൾ അവതാളത്തിലാവുകയായിരുന്നു.സാധാരണ രീതിയിൽ മദ്യം വിറ്റഴിച്ചതിന് ശേഷമാണ് കമ്പനിക്ക് പണം നൽകുന്നത്. ബിയറാണെങ്കിലും ഇതേ രീതിയാണ് പിന്തുടരുന്നത്. ബിയർ ആറുമാസത്തിനകം വിറ്റഴിക്കുന്നതിനാൽ കമ്പനിക്ക് ഉടൻ തന്നെ പണം ലഭിക്കുമായിരുന്നു. എന്നാൽ ബിയർ വിറ്റഴിക്കാൻ കഴിയാത്തതിൽ കമ്പനിക്ക് പണം കൊടുക്കുന്ന കാര്യത്തിൽ തീരുമാനമൊന്നും ആയിട്ടില്ല. കോർപ്പറേഷന് വലിയ നഷ്ടമാണ് ഇതേതുടർന്ന് ഉണ്ടാവുക. വിറ്റഴിക്കാൻ കഴിയാതെ വന്ന സ്റ്റോക്കിനെ തുടർന്ന് പുതിയ സ്റ്റോക്ക് സൂക്ഷിക്കാനിടമില്ലാത്ത സ്ഥിതിയാണ് കോർപ്പറേഷന്റെ സംഭരണശാലകളിലും വിൽപ്പനശാലകളിലുമുളളത്. ട്രാവൻകൂർ ഷുഗേഴ്സ് മദ്യനിർമാണശാലയിലെത്തിച്ചാണ് ഇത്രയധികം ബിയർ നശിപ്പിക്കേണ്ടത്. 70 ലക്ഷത്തോളം കുപ്പികളാണുളളത്. ഇത്രയധികം കുപ്പികൾ എത്തിച്ച് നശിപ്പിക്കണമെങ്കിലും നല്ല തുക ചെലവഴിക്കേണ്ടതായി വരും.