ഇടുക്കി :മധ്യവേനലവധി തുടങ്ങിയതിന് പിന്നാലെ സ്കൂളുകൾ ‘പിള്ളേരെ പിടിക്കാൻ’ ഇറങ്ങിക്കഴിഞ്ഞു. എയ്ഡഡ്/ അൺ എയ്ഡഡ് സ്കൂളുകൾ മാത്രമല്ല, സർക്കാർ സ്കൂളുകളിലെ അധ്യാപകരും വിദ്യാർത്ഥികളെ തേടി വീടുകൾ കയറിയിറങ്ങുകയാണ്. ഇപ്പോഴിതാ, ഇടുക്കി ജില്ലയിലെ ഒരു സർക്കാർ സ്കൂൾ തയ്യാറാക്കിയ പരസ്യമാണ് സൈബർ ലോകത്ത് ചർച്ചയാകുന്നത്. ലേലം എന്ന സിനിമയിലെ നേരാ തിരുമേനി ഈപ്പച്ചൻ പള്ളിക്കൂടത്തി പോയിട്ടില്ല എന്നു തുടങ്ങുന്ന ഡയലോ ഗാണ് ഇവിടെ പരസ്യത്തിനായി ഉപയോ ഗിച്ചിരിക്കുന്നത്.

സിനിമ സംഭാഷണങ്ങൾ ഉൾപ്പെടുത്തിയുള്ള വ്യത്യസ്ത പ്രവേശന പോസ്റ്ററുകൾ തയാറാക്കിയിരിക്കുകയാണ് അടിമാലി ഉപജില്ലയിലെ മുതിരപ്പുഴ ഗവ.എൽപി സ്കൂൾ. പ്രമുഖ താരങ്ങൾ അഭിനയിച്ച കഥാപാത്രങ്ങളുടെ സംഭാഷണങ്ങളാണ് പോസ്റ്ററുകളിലുള്ളത്.

”നേരാ തിരുമേനി, ഈപ്പച്ചൻ പള്ളിക്കൂടത്തിൽ പോയിട്ടില്ല. മരംവെട്ടുകാരനായിരുന്നു എന്റെ അപ്പൻ. സ്കൂളിൽ വിടാനുള്ള സാമ്പത്തികം ഒന്നും ഇല്ലായിരുന്നു. പിന്നെ നമ്മുടെ മുതിരപ്പുഴ ഗവൺമെന്റ് എൽ.പി സ്കൂൾ പോലെ സൗജന്യവും മികച്ചതുമായ വിദ്യാഭ്യാസം കൊടുക്കുന്ന സ്കൂൾ അന്ന് ഉണ്ടായിരുന്നേൽ ഈപ്പച്ചൻ ഇം ഗ്ലീഷ് പറഞ്ഞേനേ.. ഏത് ഇം ഗ്ലീഷ് മീഡിയം പിള്ളേരെക്കാളും നന്നായി തന്നെ…” ഇതാണ് മുതിരപ്പുഴ സ്കൂളിന്റെ പരസ്യത്തിലെ വാചകങ്ങൾ.

ഒരു കാലത്ത് അൺ എയ്ഡഡ് സ്കൂളുകളുടെ ആധിക്യത്താൽ അടച്ചു പൂട്ടലിന്റെ വക്കിലെത്തിയഈ സർക്കാർ സ്കൂളിനെ പാഠ്യ, പാഠ്യേതര രംഗത്തെ മികവ് കൊണ്ട് പിടിച്ചു നിർത്തിയ അധ്യാപകർ തന്നെയാണ് ഈ പോസ്റ്ററുകൾക്ക് പിന്നിലും. സൗജന്യ യോഗ, അബാക്കസ് പരിശീലനവും സ്കൂളിൽ നൽകുന്നുണ്ട് .

വേനലവധി തുടങ്ങിയപ്പോൾ തന്നെ കുട, ബാഗ്, സൗജന്യ യാത്ര തുടങ്ങി വാഗ്ദാന പെരുമഴ കൊണ്ട് ഒന്നാം ക്ലാസിലേക്ക് വിദ്യാർഥികളെ ചേർക്കാനുള്ള പെടാപ്പാടിലാണു സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ അധ്യാപകർ. കഴിഞ്ഞ അധ്യയന വർഷം തസ്തിക നിർണയം പൂർത്തിയാക്കി സർക്കാർ ഉത്തരവിറങ്ങാത്തതിനാൽ പുതിയ അധ്യാപക തസ്തികകൾ അംഗീകരിച്ചിരുന്നില്ല.ഇനി അടുത്ത അധ്യയന വർഷം തസ്തിക നിർണയം പൂർത്തിയാക്കുമ്പോൾ ഡിവിഷൻ നിലനിർത്താനായില്ലെങ്കിൽ പഴയ തസ്തികകൾ നഷ്ടമാവും. അതിനാൽ തന്നെ എല്ലാ ഡിവിഷനുകളും നിലനിർത്തണമെങ്കിൽ അധ്യാപകർക്ക് ഫീൽഡ് വർക്ക് നടത്തി കൂടുതൽ കുട്ടികളെ ചേർക്കാതെ രക്ഷയില്ലെന്നായി. അതു കൊണ്ടാണ് പല വിധ വാഗ്ദാനങ്ങളുമായി അധ്യാപകർ അങ്കണവാടികളും വീടുകളും കേന്ദ്രീകരിച്ച് കുട്ടികളെ തേടിയിറങ്ങുന്നത്.മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി നൂതന മാർഗങ്ങളാണ് വിദ്യാർഥികളെ ആകർഷിക്കാൻ സ്കൂളുകൾ സ്വീകരിക്കുന്നത്. പ്രാദേശിക ചാനലുകളിലെ പരസ്യങ്ങൾക്കൊപ്പം സമൂഹമാധ്യമങ്ങൾ വഴിയുള്ള പ്രചാരണവും കൊഴുക്കുന്നു. സിനിമ ഡയലോഗുകളും, കുട്ടികൾക്ക് ഇഷ്ടപ്പെട്ട കാർട്ടൂൺ കഥാപാത്രങ്ങളുമൊക്കെ സ്കൂളുകളുടെ പരസ്യങ്ങളിൽ ഇടം പിടിക്കുന്നു.സർക്കാർ, എയ്ഡഡ് സ്കൂളുകൾ കൂടാതെ അൺ എയ്ഡഡ് സ്കൂളുകളും വിദ്യാർഥികളെ ചേർക്കാൻ മത്സര ബുദ്ധിയോടെ രംഗത്തുണ്ട്. പൊതുവിദ്യാലയങ്ങൾ അടച്ചു പൂട്ടില്ലെന്ന സർക്കാർ വാഗ്ദാനമൊക്കെ വിശ്വസിക്കാൻ പ്രയാസമാണെന്ന് അധ്യാപകർ പറയുന്നു.വിദ്യാർഥികളുടെ കുറവും അടിസ്ഥാന സൗകര്യങ്ങളില്ലാത്തതും മൂലം ചെങ്ങന്നൂർ നിയോജക മണ്ഡലത്തിലെ 4 സ്കൂളുകൾ സംയോജിപ്പിച്ച് ഒരു സ്കൂളാക്കി മാറ്റി കഴിഞ്ഞ 30 ന് സർക്കാർ ഉത്തരവിറങ്ങിയിരുന്നു. സ്കൂളുകൾ സംയോജിപ്പിച്ചു എന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും ഫലത്തിൽ 3 സ്കൂളുകൾ അടച്ചു പൂട്ടുകയാണുണ്ടായത്.ഒന്നാം ക്ലാസിൽ ചേരാൻ കുട്ടികൾക്ക് 6 വയസ്സ് നിർബന്ധമാക്കിയ കേന്ദ്ര സർക്കാർ തീരുമാനത്തിന് തൽക്കാലം വിദ്യാഭ്യാസ വകുപ്പ് തടയിട്ടതോടെ എല്ലാ സ്കൂൾ അധികൃതരും ആശ്വാസത്തിലാണ്.6 വയസ്സ് പ്രായപരിധി നടപ്പാക്കിയിരുന്നെങ്കിൽ പല സ്കൂളുകളിലും ഡിവിഷൻ നഷ്ടത്തെ തുടർന്ന് അടച്ചു പൂട്ടലിന്റെ വക്കിലുമെത്തുമായിരുന്നു. 6 വയസ്സുള്ള കുട്ടികളിൽ 90 ശതമാനവും നിലവിൽ ഒന്നാം ക്ലാസ് പഠനം പൂർത്തിയാക്കിയവരാണ്.