എറണാകുളം ജില്ലയിലെ ക്രെെസ്തവ വിശ്വാസികൾ സാത്താൻ ആരാധനാ ഭയത്തിൽ. കഴിഞ്ഞ ദിവസം എറണാകുളം സെൻ്റ് തെരേസാസ് ആശ്രമദേവാലയത്തിലെ സംഭവങ്ങളാണ് ഇത്തരമൊരു ഭയം രൂപപ്പെടുത്തിയിരിക്കുന്നത്. പള്ളിയിൽ കയറി കുർബാനയിൽ പങ്കെടുത്ത് കുർബാനയുടെ ഭാഗമായ തിരുവോസ്തി സ്വീകരിച്ച നാല് അന്യമതസ്ഥരെ കഴിഞ്ഞദിവസം വിശ്വാസികൾ പിടികൂടി പൊലീസിൽ ഏൽപ്പിച്ചിരുന്നു. സാത്താൻ ആരാധനയുടെ ഭാഗമായിട്ടണ് ഇവർ തിരുവോസ്തി സ്വീകരിച്ചതെന്നാണ് ഇപ്പോൾ ഉയർന്നിരിക്കുന്ന സംശയം. ഇതു സംബന്ധിച്ചുള്ള അന്വേഷണം എറണാകുളം സെൻട്രൽ പൊലീസ് ആരംഭിച്ചു. കഴിഞ്ഞ ദിവസം വൈകുന്നേരം വൈകിട്ട് 6.30 ന് നടന്ന കുർബാനയ്ക്കിടയിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. മലപ്പുറം താനൂർ സ്വദേശികളായ നാല് യുവാക്കളെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. കുർബാനയുടെ ഭാഗമായി പുരോഹിതൻ തിരുവോസ്തി നൽകിയപ്പോൾ അത് കയ്യിൽ സ്വീകരിച്ച ഇവർ പകുതി കഴിച്ചശേഷം ബാക്കി പോക്കറ്റിൽ ഇടുകയായിരുന്നു. ഇതോടെയാണ് അടുത്തുനിന്ന് വിശ്വാസികൾക്ക് സംശയം ഉയർന്നത്. തുടർന്ന് വിശ്വാസികൾ ഇടപെട്ട് ഇവരെ തടഞ്ഞു വയ്ക്കുകയും എറണാകുളം സെൻട്രൽ പൊലീസിനെ വിവരം അറിയിക്കുകയുമായിരുന്നു. വിശ്വാസികൾ അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ പൊലീസ് ഇവരെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ പള്ളിയിൽ നടക്കുന്നതെന്താണെന്ന് അറിയാനുള്ള കൗതുകത്തിലാണ് അകത്ത് കയറിയതെന്നാണ് യുവാക്കൾ പറഞ്ഞത്. അതേസമയം ഇക്കാര്യം പൊലീസ് വിശ്വസിച്ചിട്ടില്ല. ഇവർക്ക് എന്തെങ്കിലും ദുരുദ്ദേശം ഉണ്ടായിരുന്നോയെന്ന് അന്വേഷിച്ച് വരികയാണെന്ന് പൊലീസ് പറഞ്ഞു. ഇവരുടെ വിവരങ്ങൾ മലപ്പുറം പൊലീസ് സൂപ്രണ്ടിന് കൈമാറിയിട്ടുണ്ട്. മലപ്പുറത്തു നിന്നും കൂടുതൽ വിവരങ്ങൾ ലഭിക്കുംവരെ ഇവരെ കസ്റ്റഡിയിൽ സൂക്ഷിക്കുമെന്ന് എറണാകുളം സെൻട്രൽ പൊലീസ് അറിയിച്ചു. അതേസമയം യുവാക്കൾക്കെതിരെ പരാതി നൽകില്ലെന്ന് പള്ളി അധികൃതരും അറിയിച്ചിട്ടുണ്ട്. പരാതി ലഭിക്കാത്തതിനാൽ കേസെടുത്തിട്ടില്ലെന്ന് പൊലീസും വ്യക്തമാക്കി.എറണാകുളം ജില്ലയിൽ സാത്താനെ ആരാധിക്കുന്ന സംഘം സജീവമാണെന്നുള്ള വാർത്തകൾ നേരത്തെ പുറത്തു വന്നിരുന്നു. സാത്താനെ പ്രസാദിപ്പിക്കാന്‍ ക്രൈസ്തവ വിശ്വാസത്തിൻ്റെ കാതലായ വിശുദ്ധ കുര്‍ബാനയെ അവഹേളിക്കുന്നതടക്കമുള്ള ആഭിചാരകര്‍മങ്ങളാണ് ഈ സംഘം നടത്തുന്നത്.  കുർബാനയെ അപമാനിച്ചാൽ സമ്പത്ത് വര്‍ദ്ധിക്കുമെന്നും അഭിവൃദ്ധി ഉണ്ടാകുമെന്നാണ് സാത്താൻ ആരാധനാ സംഘം അന്ധമായി വിശ്വസിക്കുന്നത്. വാഴ്ത്തിയ തിരുവോസ്തി ദേവാലയങ്ങളില്‍ നിന്നു മോഷ്ടിച്ചു കൊണ്ടുവന്നു അതികഠിനമായ വിധത്തില്‍ അവഹേളിക്കുന്നതും വിശുദ്ധ ബൈബിള്‍ നിന്ദിക്കുന്നതും കുരുതി അഥവാ അരുംകൊല നടത്തുന്നതും അവരുടെ ആഭിചാരകര്‍മങ്ങളുടെ ഭാഗമാണ്. ഇതിൻ്റെ ഭാഗമായിട്ടാണോ യുവാക്കൾ പള്ളിയിൽ കടന്നുകയറി തിരുവോസ്തി സ്വീകരിച്ചതെന്നുള്ള സംശയമാണ് ഇപ്പോൾ ഉയർന്നിരിക്കുന്നത്.

കോടഞ്ചേരി ഇടവകയില്‍ നിന്നു അഞ്ചര കിലോമീറ്റര്‍ മാറിയുള്ള ചെമ്പുകടവ് എന്ന സ്ഥലത്തെ ദേവാലയത്തില്‍ നിന്നും 2018 ൽ തിരുവോസ്തി തട്ടിക്കൊണ്ടു പോകാന്‍ ശ്രമം നടന്നിരുന്നു. വിശ്വാസികളുടെ സമയോചിത ഇടപെടല്‍ മൂലം അന്ന് ആശ്രമം പരാജയപ്പെടുകയായിരുന്നു.അതേസമയം എറണാകുളം പോലുള്ള മെട്രോ സിറ്റികളിൽ സാത്താൻ ആരാധന സംഘങ്ങൾ സജീവമായിരുന്നു. ഇത് സംബന്ധിച്ചുള്ള നിരവധി വാർത്തകൾ നേരത്തെ പുറത്തുവന്നിട്ടുണ്ട്. വെള്ളിയാഴ്ചകൾ തോറും നടക്കുന്ന സാത്താൻ ആരാധനകളിൽ തിരുവോസ്തിയെ വികലമായി ഉപയോഗിക്കാറുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ഇതിൻ്റെ ഭാഗമായിട്ടാണോ യുവാക്കൾ പള്ളികളിൽ കയറി തിരുവോസ്തി സ്വന്തമാക്കിയതെന്നാണ് ഇപ്പോൾ അന്വേഷിക്കുന്നത്.