പാലക്കാട്: മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന റവന്യു അദാലത്തിനിടെ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സിന്റെ പിടിയിലായ പാലക്കയം വില്ലേജ് അസിസ്റ്റന്റ് സുരേഷ്‌കുമാറിന് നാട്ടുകാരുടെ പക്കല്‍ കാണുന്നതെല്ലാം കൈക്കൂലി.വില്ലേജ് ഓഫീസില്‍ കാര്യസാധ്യത്തിനായി ചെല്ലുന്ന നാട്ടുകാരെ, പ്രത്യേകിച്ച്‌ കര്‍ഷകരെ കൈക്കൂലി കിട്ടുന്നതുവരെ അദ്ദേഹം നടത്തിക്കും. ഗതികെട്ട് ഒടുവില്‍ നാട്ടുകാര്‍ അദ്ദേഹം ആവശ്യപ്പെടുന്ന പണം നല്‍കുകയും ചെയ്യും.

പുഴുങ്ങിയ മുട്ട, പഴം, തേന്‍, കുടംപുളി, റെഡിമെയ്ഡ് വസ്ത്രങ്ങള്‍ തുടങ്ങി കിട്ടുന്നതെന്തും കൈക്കൂലിയായി കൈപ്പറ്റുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. സുരേഷ്‌കുമാറിന്റെ താമസസ്ഥലത്ത് ഇന്നലെ വിജിലന്‍സ് നടത്തിയ റെയ്ഡില്‍ പായ്ക്കറ്റ് കണക്കിന് കുടംപുളിയും കുപ്പികളില്‍ തേനും പൊട്ടിക്കാത്ത റെഡിമെയ്ഡ് ഷര്‍ട്ടുകളുടെ പായ്ക്കറ്റും മുണ്ടുകളും കണ്ടെത്തിയിരുന്നു.

ഇന്നലെ കോടതിയില്‍ ഹാജരാക്കിയ സുരേഷ്‌കുമാറിനെ റിമാന്‍ഡ് ചെയ്തു. വീട് നിര്‍മ്മാണത്തിനും സഹോദരിക്ക് നല്‍കാനുമാണ് കൈക്കൂലി വാങ്ങിയിരുന്നതെന്നാണ് സുരേഷ്‌കുമാര്‍ വിജിലന്‍സിനോട് പറയുന്നത്. 20 വര്‍ഷത്തോളമായി സര്‍വീസില്‍ കയറിയിട്ട്. പാലക്കാട് തന്നെയായിരുന്നു ജോലി. നാട്ടിലേക്ക് സ്ഥലംമാറ്റം കിട്ടാന്‍ ഒരിക്കല്‍ പോലും ശ്രമിച്ചിരുന്നുമില്ല.

തിരുവനന്തപുരം സ്വദേശിയാണ് സുരേഷ് കുമാര്‍. തീര്‍ത്തും ദരിദ്രമായ ബാല്യത്തിലൂടെ കടന്നുപോയ സുരേഷ്‌കുമാറിന്റെ സ്‌കൂള്‍ കാലഘട്ടവും കഷ്ടപ്പാട് നിറഞ്ഞതായിരുന്നു. മാതാപിതാക്കള്‍ നേരത്തെ മരിച്ചു. അവിവാഹിതനായ സുരേഷ്‌കുമാറിന് ഒരു സഹോദരി മാത്രമാണുള്ളത്. തിരുവനന്തപുരത്ത് കുറച്ചുനാള്‍ മുന്‍പ് ഒരു വീട് വാങ്ങിയിരുന്നു. അവിടേക്ക് നടപ്പുവഴി മാത്രമാണ് ഉണ്ടായിരുന്നത്. പിന്നീട് സമീപത്തെ ഒരു പറമ്ബ് വാങ്ങി വീട്ടിലേക്ക വഴിയെടുത്തു. ഓണം, വിഷു പോലെയുള്ള വിശേഷാവസരങ്ങളില്‍ മാത്രമാണ് ഇയാള്‍ തിരുവനന്തപുരത്ത് എത്തിയിരുന്നത്. വീട്ടില്‍ ഇടയ്ക്ക് വന്നുപോകും. താമസം സഹോദരിയുടെ വീട്ടിലായിരുന്നു. അതുകൊണ്ടുതന്നെ പരിസരവാസികള്‍ക്ക് ഇദ്ദേഹത്തെ വലിയ പരിചയവുമില്ല.

2,500 രൂപ പ്രതിമാസ വാടക വരുന്ന ചെറിയ മുറിയിലായിരുന്നു മണ്ണാര്‍ക്കാട് താമസിച്ചിരുന്നത്. ബസില്‍ ജോലിക്ക് വന്നുപോകും. 2,500 രൂപ കൈക്കൂലി നല്‍കുന്നതിനിടെയാണ് സുരേഷ്‌കുമാര്‍ പിടിയിലാകുന്നത്. ഇയാളുടെ താമസസ്ഥലത്ത് നടത്തിയ പരിശോധനയില്‍ 35 ലക്ഷം രൂപ കണ്ടെടുത്തി. 17 കിലോ നാണയങ്ങള്‍, 45 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപം, ബാങ്ക് അക്കൗണ്ടില്‍ 25 ലക്ഷം രൂപ എന്നിവയും കണ്ടെടുത്തിരുന്നു. നാണയശേഖരം 90,000 രൂപ വരും. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇയാള്‍ ശമ്ബള അക്കൗണ്ടില്‍ നിന്ന് പണം എടുത്തിരുന്നില്ലെന്നാണ് വിജിലന്‍സ് പറയുന്നത്.