ഒഡീഷയിലെ ട്രെയിന്‍ അപകടത്തിന്റെ നടുക്കത്തില്‍ ആണ് രാജ്യം ഇപ്പോഴും .അതിനിടെ ഒഡീഷയില്‍ വലിയൊരു അപകടം റെയില്‍വേ ഭയന്നിരുന്നതായി പുതിയ റിപ്പോർട്ടുകൾ പുറത്ത്.

ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് നടന്ന ഉന്നതതല യോഗം ഇക്കാര്യം ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു .ഒഡീഷയിലെ ഭുവനേശ്വര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന, ബാലസോര്‍ ഉള്‍പ്പെടുന്ന ഈസ്റ്റ് കോസ്റ്റ് റെയില്‍വേ മേഖലയാണ് ഏറ്റവും അപകടസാധ്യതയുള്ളതായി അന്നു വിലയിരുത്തിയത്. സമീപമുള്ള സൗത്ത് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയും അപകടമേഖലയാണെന്നു വിലയിരുത്തി രണ്ടു മേഖലകളുടെയും മേധാവികള്‍ക്ക് അപകടസാധ്യതാ മുന്നറിയിപ്പും നല്‍കിയിരുന്നതായി പറയപ്പെടുന്നു .ഒഡിഷ അപകടത്തോടെ പല ഞെട്ടിക്കുന്ന കാര്യങ്ങളും പുറത്തു വന്നു കൊണ്ടിരിക്കുകയാണ്.ഒരു വര്‍ഷത്തിനിടെ രാജ്യത്തു ചെറുതും വലുതുമായ 210 അപകടങ്ങള്‍ നടന്നതായാണു റെയില്‍വേയുടെ കണക്ക്. ജീവഹാനി കുറവാണെങ്കിലും അപകടങ്ങളിലെ വര്‍ധന സുരക്ഷാവീഴ്ചയെ സൂചിപ്പിക്കുന്നതാണ്.

അപകടങ്ങളില്‍ 90 ശതമാനവും സംഭവിച്ചതു ട്രെയിനുകള്‍ സിഗ്‌നല്‍ മറികടന്നതു കൊണ്ടാണ്.ഷൊര്‍ണൂരിലേക്കുള്ള വേണാട് എക്‌സ്പ്രസ് കഴിഞ്ഞയാഴ്ച മാവേലിക്കരയ്ക്കടുത്തു ചെറിയനാട് സ്റ്റേഷനില്‍ നിര്‍ത്താതെ പോയത് ഇത്തരത്തിലൊന്നായി കരുതുന്നു. വാജ്‌പേയി സര്‍ക്കാരില്‍, ഇപ്പോഴത്തെ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാര്‍ റെയില്‍വേ മന്ത്രിയായിരിക്കെ സുരക്ഷയ്ക്കായി ഓരോ ടിക്കറ്റിനും പ്രത്യേക സെസ് ഏര്‍പ്പെടുത്തിയിരുന്നു. തുടര്‍ന്നു വന്ന യുപിഎ സര്‍ക്കാര്‍ സെസ് എന്ന പേര് ഒഴിവാക്കി തുക ടിക്കറ്റ് നിരക്കില്‍ ലയിപ്പിച്ചു.അതുവരെ പിരിച്ച സെസ് വരവില്‍ കാണിച്ച്‌ അന്നത്തെ മന്ത്രി ലാലുപ്രസാദ് യാദവ് ലാഭം കാട്ടി. തുടര്‍ന്നുവന്ന മമതാ ബാനര്‍ജിയും ഇതേവഴി പിന്തുടര്‍ന്നു.

ഓരോ കോച്ചും പരമാവധി ഉപയോഗിക്കാനായി ബ്രേക്ക് പവര്‍ സര്‍ട്ടിഫിക്കറ്റ് (ഓരോ സര്‍വീസും പൂര്‍ത്തിയാകുമ്ബോള്‍ ട്രെയിനിന്റെ ബ്രേക്ക് പരിശോധിച്ച്‌ അതിന്റെ കാര്യക്ഷമത ഉറപ്പുവരുത്തുന്ന സര്‍ട്ടിഫിക്കറ്റ്) പോലും ഇല്ലാതെ ട്രെയിനുകള്‍ ഓടിത്തുടങ്ങിയതും ഇക്കാലത്താണ്.വില കുറഞ്ഞ ചൈനീസ് ഉല്‍പന്നങ്ങള്‍ ഇറക്കുമതി ചെയ്തു സിഗ്‌നലിങ്ങിനും കോച്ച്‌ നിര്‍മാണത്തിനും അടക്കം ഉപയോഗിക്കാന്‍ തുടങ്ങി. സുരക്ഷാവെല്ലുവിളിയായ ഈ ഉല്‍പന്നങ്ങള്‍ ഇപ്പോള്‍ തിടുക്കത്തില്‍ മാറ്റിവരികയാണ്. രണ്ടു പതിറ്റാണ്ടായി റെയില്‍വേയില്‍ നിയമനങ്ങള്‍ കുറഞ്ഞതോടെ, വിശ്രമമില്ലാതെ ജോലി ചെയ്യേണ്ടി വരുന്ന ജീവനക്കാരുടെ ജോലിഭാരവും സുരക്ഷാ ഭീഷണിയായി റെയില്‍വേ ബോര്‍ഡ് വിലയിരുത്തിയിട്ടുണ്ട്.ലോക്കോ പൈലറ്റുമാരും ഗാര്‍ഡുമാരും മൂന്നോ നാലോ ദിവസം തുടര്‍ച്ചയായി ജോലി ചെയ്യേണ്ടി വരുന്നു. ഇത് അവരുടെ കാര്യക്ഷമതയെയും പെട്ടെന്നു പ്രതികരിക്കാനുള്ള കഴിവിനെയും ഇല്ലാതാക്കുന്നു.

റെയില്‍വേ ട്രാക്കുകള്‍ പരിശോധിക്കേണ്ട ഉദ്യോഗസ്ഥരുടെ എണ്ണത്തിലും കാര്യമായ കുറവുണ്ട്. ഒഡീഷ, ഛത്തീസ്ഗഡ് മേഖലയെയാണു ജീവനക്കാരുടെ ക്ഷാമം കാര്യമായി ബാധിക്കുന്നത്.അഭിമാന പദ്ധതിയായ വന്ദേഭാരതിലാണ് ഇപ്പോള്‍ റെയില്‍വേയുടെ മുഴുവന്‍ ശ്രദ്ധയും. ഇതുവരെ 19 വന്ദേഭാരത് ട്രെയിനുകള്‍ ഓടിത്തുടങ്ങി. 2023 ഓഗസ്റ്റ് 15നു മുന്‍പ് 75 വന്ദേഭാരത് എന്ന ലക്ഷ്യത്തിലെത്താന്‍ കുതിക്കുമ്ബോഴാണു ബാലസോര്‍ ദുരന്തം.അതേസമയം ട്രെയിന്‍ ദുരന്തത്തിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് രാജിവയ്ക്കണമെന്ന ആവശ്യം ഉയരുമ്ബോള്‍ ദുരന്തഭൂമിയായ ബാലസോര്‍ ഒരുകാലത്ത് അദ്ദേഹത്തിന്റെ കര്‍മഭൂമിയായിരുന്നു. ഒഡീഷ കേഡര്‍ ഐ എ എസ് ഉദ്യോഗസ്ഥനായിരുന്ന അശ്വിനി വൈഷ്ണവ് ബാലസോര്‍ ജില്ലയുടെയും കട്ടക് ജില്ലയിലും കലക്ടറായി ജോലി ചെയ്തിട്ടുണ്ട്.പതിനായിരത്തിലധികം പേര്‍ കൊല്ലപ്പെട്ട 1999 ചുഴലിക്കാറ്റ് സമയത്ത് യുഎസ് നേവി വെബ്സൈറ്റില്‍ നിന്ന് ചുഴലിക്കാറ്റിന്റെ വിവരങ്ങള്‍ അന്നത്തെ ചീഫ് സെക്രട്ടറിയെ അറിയിച്ചിരുന്നത് ബാലസോര്‍ കലക്ടറായിരുന്ന അശ്വിനി വൈഷ്ണവ് ആയിരുന്നു. അനേകായിരം പേരുടെ ജീവന്‍ രക്ഷിക്കാന്‍ കലക്ടറായിരുന്ന അദ്ദേഹത്തിന്റെ ഇടപെടലുകള്‍ സഹായിച്ചു. 2003 വരെ ഒഡീഷയില്‍ ജോലി ചെയ്ത അദ്ദേഹം പിന്നീട് പ്രധാനമന്ത്രി വാജ്‌പേയിയുടെ ഓഫിസില്‍ ഡെപ്യൂട്ടി സെക്രട്ടറിയായി നിയമിതനായി.