പൊതു വൈഫൈ നെറ്റ്‌വർക്കുകളിൽ ക്യൂആർ കോഡുകൾ സ്കാൻ ചെയ്യുന്നത് ഒഴിവാക്കുന്നത് നല്ലതാണ്. ക്യൂആർ കോഡ് സൂക്ഷ്മമായി പരിശോധിക്കേണ്ടതും തട്ടിപ്പിൽ നിന്ന് രക്ഷ നേടാൻ സഹായിക്കും. ഏതെങ്കിലും വിധത്തിൽ കേടുപാടുകൾ സംഭവിച്ചതോ, മാറ്റം വരുത്തിയതോ ആണെങ്കിൽ അവ സ്കാൻ ചെയ്യുന്നത് ഒഴിവാക്കേണ്ടതാണ്. ഇത് കൂടാതെ സ്‍മാർട്ട് ഫോണുകൾ എപ്പോഴും അപ്ഡേറ്റഡായി സൂക്ഷിക്കാനും ശ്രദ്ധിക്കേണ്ടതാണ്.


: ഇന്നത്തെ കാലത്ത് ഡിജിറ്റൽ പേയ്‌മെന്റ് എളുപ്പവും സൗകര്യപ്രദവുമാക്കുന്നവയാണ് ക്യൂആർ കോഡുകൾ. പണമിടപാടുകൾ ഡിജിറ്റൽ ആയതോടുകൂടി രാജ്യത്ത് ക്യൂആർ കോഡുകളുടെ പേരിലുള്ള തട്ടിപ്പുകൾ വർധിച്ചതായുള്ള റിപ്പോർട്ടുകൾ ആണിപ്പോൾ പുറത്തു വരുന്നത്. തട്ടിപ്പുകൾ ഇനിയും കൂടാനാണ് സാധ്യത എന്നാണ് കണ്ടെത്തൽ. കഴിഞ്ഞ ആറ് വർഷത്തിനിടെ ഇന്ത്യയിൽ 20,000-ത്തിലധികം ക്യൂആർ കോഡുമായി ബന്ധപ്പെട്ട തട്ടിപ്പുകൾ നടന്നതായാണ് കണക്കുകൾ.

2017 മുതലാണ് ക്യുആർ കോഡുകളുമായി ബന്ധപ്പെട്ട തട്ടിപ്പു കേസുകൾ രാജ്യത്ത് റിപ്പോർട്ട് ചെയ്ത് തുടങ്ങിയത്. 2017-നും 2023 മെയ് 31-നും ഇടയിലായി ബെംഗളൂരുവിൽ മാത്രം ഇതു വരെ ഏകദേശം 20,662 കേസുകൾ ആണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നിലവിൽ രജിസ്റ്റർ ചെയ്യുന്ന ഓൺലൈൻ തട്ടിപ്പു കേസുകളിൽ ഭൂരിഭാഗവും ക്യൂആർ കോഡുമായി ബന്ധപ്പെട്ടവയാണ് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

കാഴ്ചയിൽ ഒരുപോലെ തോന്നിപ്പിക്കുന്നതിനാൽ യഥാർത്ഥ ക്യൂആർ കോഡുകളും വ്യാജ ക്യൂആർ കോഡുകളും തിരിച്ചറിയാൻ ബുദ്ധിമുട്ടാണ് എന്നതാണ് പ്രധാന പ്രശ്നം. ഇത് മുതലെടുത്താണ് തട്ടിപ്പുകാർ തട്ടിപ്പ് നടത്തുന്നത്. വിവിധ സ്ഥലങ്ങളിലായി തട്ടിപ്പുകാർ സ്ഥാപിക്കുന്ന വ്യാജ ക്യൂആർ കോഡുകൾ ആളുകൾ സ്കാൻ ചെയ്യുന്നതോടെ കെണിയിൽപെടുകയാണ് ചെയ്യുന്നത്.

ഇത്തരത്തിൽ വ്യാജ ക്യൂആർ കോഡുകൾ സ്കാൻ ചെയ്യുന്നതോടെ ഉപയോക്‌താക്കളുടെ ഫോണിന്റെ ആക്സസ് തട്ടിപ്പുകാർക്ക് ലഭിക്കുമെന്ന് മാത്രമല്ല, സുരക്ഷിതമല്ലാത്ത യുആർഎല്ലുകളിലേക്ക് ഇവ റീഡയറക്ട് ചെയ്യപ്പെടും ചെയ്യും. ഇത് വഴി തട്ടിപ്പിനിരയായ ആളുകളുടെ ഇ-മെയിൽ, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ എന്നിവയിലേക്ക് തട്ടിപ്പുകാർക്ക് എളുപ്പത്തിൽ പ്രവേശിക്കാനും സാധിക്കും.

ഇവ കൂടാതെ വിശ്വാസയോഗ്യമല്ലാത്ത ആപ്പ് സ്റ്റോറുകളിലേക്ക് എത്തിക്കുകയും വൈറസുകൾ, സ്പൈവെയർ, ട്രോജനുകൾ എന്നിവ ഉൾപ്പെട്ടിരിക്കുന്ന ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ഡാറ്റ മോഷണം, സ്വകാര്യത ലംഘനങ്ങൾ, റാൻസംവെയർ ആക്രമണങ്ങൾ, ക്രിപ്‌റ്റോകറൻസി മൈനിംഗ് എന്നിവയിലേക്കും ഇത് നയിച്ചേക്കാം.

സൗജന്യ വൈഫൈ നെറ്റ്‌വർക്കുകൾ സ്ഥാപിച്ച് തട്ടിപ്പ് നടത്തുന്ന സംഘങ്ങളും ഇപ്പോൾ ഡിജിറ്റൽ ലോകത്ത് സജീവമാണ്. ഉപഭോക്താക്കൾ സൗജന്യ വൈഫൈ നെറ്റ്‌വർക്കുകൾക്കായി വ്യാജ ക്യൂആർ കോഡ് സ്കാൻ ചെയ്യുമ്പോൾ തട്ടിപ്പിനിരയാവുകയാണ് ചെയ്യുക. ഇതിലൂടെ ബാങ്ക് രേഖകൾ ഉൾപ്പെടെയുള്ള സ്വകാര്യ വിവരങ്ങൾ വരെ തട്ടിപ്പുകാർക്ക് എളുപ്പത്തിൽ കൈക്കലാക്കാൻ സാധിക്കുന്നതാണ്.

ക്യൂആർ കോഡ് തട്ടിപ്പിൽ നിന്നും രക്ഷപ്പെടാനായി പല മാർഗങ്ങളുണ്ട്. ഇതിൽ ആദ്യത്തേത് ക്യൂആർ കോഡുകൾ സ്കാൻ ചെയ്യാനായി ഔദ്യോഗിക ആപ്പുകൾ ഉപയോഗിക്കുക എന്നതാണ്. കാരണം സുരക്ഷിതമല്ലാത്ത വെബ്‌സൈറ്റുകളിലേക്കോ ആപ്പുകളിലേക്കോ നയിക്കാനുള്ള സാധ്യത കുറയ്ക്കുന്ന ഈ ആപ്പുകളിൽ സുരക്ഷാ ഫീച്ചറുകൾ ഉണ്ടാകും.

അപ്രതീക്ഷിതമായി വരുന്നതോ അജ്ഞാത ഉറവിടങ്ങളിൽ നിന്നുള്ള ക്യൂആർ കോഡുകൾ സ്കാൻ ചെയ്യുമ്പോൾ ജാഗ്രത പാലിക്കുക. ഇ-മെയിൽ, എസ്എംഎസ് അല്ലെങ്കിൽ സോഷ്യൽ മീഡിയ വഴിയാണ് ക്യൂആർ കോഡ് ലഭിക്കുന്നതെങ്കിൽ സ്കാൻ ചെയ്യുന്നതിന് മുമ്പ് അയച്ചു തന്നയാളുടെ വിശ്വാസ്യത പരിശോധിക്കുക.