അരീക്കൽ വെള്ളച്ചാട്ടത്തിൽ യുവതികളോട് മോശമായി പെരുമാറിയ പരാതിയിൽ അറസ്റ്റിലായ പൊലീസുകാരനെ കോടതി 14 ദിവസത്തേക്ക്‌ റിമാൻഡ് ചെയ്തു. മൂവാറ്റുപുഴ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ കോതമംഗലം വെണ്ടുവഴി അമ്പാട്ടുകുഴിയിൽ എ.എസ്. പരീത് (48) ആണ് സംഭവത്തിൽ അറസ്റ്റിലായത്. പരീതിനെയും ഒപ്പം രാമമംഗലം പൊലീസ് കസ്റ്റഡിയിലെടുത്ത മൂവാറ്റുപുഴ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ അശമന്നൂർ സ്വദേശി ബൈജുവിനെയും റൂറൽ എസ്.പി. വിവേക് കുമാർ നേരത്തേ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തിരുന്നു. പരീതിൻ്റെ പേരിൽ 354-ാം വകുപ്പ് പ്രകാരം കേസെടുത്തതായി റൂറൽ എസ്.പി. പറഞ്ഞു. ബൈജുവിനെ പിന്നീട് വിട്ടയച്ചിരുന്നു. അതേസമയം കൊച്ചുകുട്ടിയോടു പോലും മോശമായി പെരുമാറിയ പൊലീസുകാർക്ക് എതിരെ പോക്സോ ചുമത്താൻ സാധ്യതമയുണ്ടെന്ന വിവരങ്ങളും ഇപ്പോൾ പുറത്തു വരുന്നുണ്ട്.

ഇതിനിടെ സംഭവത്തിൽ കസ്റ്റഡിയിലെടുത്ത പൊലീസുകാരനെ കേസിൽ പെടുത്താതിരിക്കാൻ ഉന്നതങ്ങളിൽ നിന്ന് നീക്കമുണ്ടായെന്ന ആരോപണങ്ങളും പുറത്തു വരുന്നുണ്ട്. എന്നാൽ, പരാതിക്കാർ തങ്ങൾ നൽകിയ പരാതിയിൽ ഉറച്ചുനിൽക്കുകയായിരുന്നു. സ്ത്രീകളടക്കമുള്ള സംഘം പൊലീസിൽ പരാതി നൽകിയ ശേഷം ചൊവ്വാഴ്ച രാത്രി വൈകിയാണ് മടങ്ങിയത്. ഇവർ ബുധനാഴ്ച വീണ്ടും സ്റ്റേഷനിലെത്തിയിരുന്നു. കേസിൽ നിന്ന് അവർ പിന്നോട്ടു പോകില്ലെന്ന് വ്യക്തമായതോടെയാണ് പ്രതികൾക്ക് വലിയ കുരുക്ക് ഒരുങ്ങിയത്. പൊലീസുകാരൻ വെള്ളത്തിലിറങ്ങി തങ്ങളോട് മോശമായി പെരുമാറിയെന്നാണ് സ്ത്രീകളുടെ പരാതി. പൊലീസുകാരുടെ അതിക്രമം സഹിക്കാനാകാതെ കുളിക്കാനിറങ്ങിയ സ്ത്രീകൾ കരയ്ക്കുകയറുകയായിരുന്നു.

അക്രമികളായ പൊലീസുകാരുടെ ഭാഗത്തു നിന്ന് കൊച്ചുകുട്ടിയോടുപോലും മോശമായി പെരുമാറാൻ ശ്രമമുണ്ടായെന്നാണ് പരാതിക്കാരി ആരോപിച്ചത്. പൊലീസുകാരുടെ പെരുമാറ്റം അസഹനീയമായതോടെയാണ് ഒപ്പമുണ്ടായിരുന്നവരോടും സമീപത്തുണ്ടായിരുന്നവരോടും കാര്യം പറഞ്ഞത്. പ്രതികൾ പൊലീസുകാരനാണെന്നറിഞ്ഞപ്പോൾ ഞെട്ടിപ്പോയെന്നും ഇരയായ സ്ത്രീ പറയുന്നു. തുടർന്നാണ് പരീതിന് എതിരെ കേസെടുക്കാൻ പൊലീസ് നിർബന്ധിതമായത്. തുടർന്ന് പ്രതിയെ കോലഞ്ചേരി കോടതിയിൽ ഹാജരാക്കുകയായിരുന്നു. കുട്ടിയോട് മോശമായി പെരുമാറിയതിൻ്റെ പേപരിൽ പൊലീസ് പ്രത്യേകമായി അന്വേഷണം നടത്തുമെന്നാണ് സൂചനകൾ. എന്നാൽ പെൺകുട്ടിയോ വീട്ടുകാരോ ഇതുവരെ പരാതി നൽകിയിട്ടില്ലെന്നും പൊലീസ് അറിയിച്ചു. ഇതിനിടെ പൊലീസുകാർക്കെതിരേ വകുപ്പുതല അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.

ചൊവ്വാഴ്ച വൈകീട്ട് നാലരയോടെ സാധാരണ വേഷത്തിലെത്തിയ പൊലീസുകാർ ടിക്കറ്റ് പോലുമെടുക്കാതെയാണ് വെള്ളച്ചാട്ടം കാണാനിറങ്ങിയതെന്ന് അരുവിക്കലിലെ സുരക്ഷാ ജീവനക്കാർ പറഞ്ഞു. ടിക്കറ്റ് ചോദിച്ചപ്പോൾ പൊലീസാണെന്നു പറഞ്ഞ് ഇരുവരും താഴേയ്ക്ക് ഇറങ്ങിപ്പോകുകയായിരുന്നു എന്നും അവർ പറഞ്ഞു. തുടർ്ന് എറണാകുളത്തുനിന്നെത്തിയ വനിതകളടക്കമുള്ള സംഘം വെള്ളത്തിലിറങ്ങിയപ്പോൾ ഒപ്പമിറങ്ങിയ പരീത് സ്ത്രീകളോട് മോശമായി പെരുമാറിയെന്നാണ് പരാതി. സ്ത്രീകൾ പരാതിപ്പെട്ടതോടെ ബഹളമായി. നാട്ടുകാരും അരുവിക്കലിലെ സുരക്ഷാ ജീവനക്കാരും ഇടപെട്ട് പരീതിനെയും ബൈജുവിനെയും തടഞ്ഞു വെക്കുകയായിരുന്നു. തർക്കം കൈയാങ്കളിയുടെ വക്കിലെത്തിയതോടെ സുരക്ഷാ ജീവനക്കാർ പൊലീസിനെ വിളിക്കുകയും പ്രതികളെ കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു.