മലപ്പുറം: മലയാളിയുടെ വായനാനുഭവത്തെ മാറ്റിമറിച്ച അതുല്യ പ്രതിഭ ആര്‍ട്ടിസ്റ്റ് നമ്ബൂതിരി (98) അന്തരിച്ചു. കോട്ടക്കല്‍ മിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം. ഇന്ന് അഞ്ചരയോടെ എടപ്പാളിലെ വീട്ടുവളപ്പിലായിരിക്കും സംസ്‌കാരം.

ദൃശ്യാനുഭവത്തിന്റെ പുതിയ തലത്തിലേക്ക് സാഹിത്യവായനയെ ഉയര്‍ത്തിയ നമ്ബൂതിരി മലയാളത്തിലുണ്ടായ നിരവധി അതുല്യ സാഹിത്യ സൃഷ്ടികള്‍ക്കാണ് രേഖാ ചിത്രങ്ങള്‍ ഒരുക്കിയത്. തകഴി, എംടി, ഉറൂബ്, വികെഎൻ അടക്കമുള്ള നിരവധി മഹാപ്രതിഭകളുടെ സൃഷ്ടികള്‍ക്കായി ഒരുക്കിയ ചിത്രങ്ങളാണ് നമ്ബൂതിരിയെ ഏറെ ജനപ്രിയനാക്കിയത്. രേഖാചിത്രങ്ങളെന്ന ചിത്രരചനാ സമ്ബ്രദായത്തെ പുതിയ തലത്തിലേക്ക് ഉയര്‍ത്തിയ നമ്ബൂതിരി ശില്‍പകലയിലും ചലച്ചിത്രകലയിലും സാഹിത്യത്തിലും തന്റെ മികവ് തെളിയിച്ചിട്ടുണ്ട്.

1925 സെപ്റ്റംബ‍ര്‍ 13ന് മലപ്പുറം ജില്ലയിലെ പൊന്നാനിയിലെ കരുവാട്ടു മനയില്‍ പരമേശ്വരൻ നമ്ബൂതിരിയുടെയും ശ്രീദേവി അന്തര്‍ജനത്തിന്റെയും മകനായാണ് കെ.എം വാസുദേവന്‍ എന്ന ആര്‍ടിസ്റ്റ് നമ്ബൂതിരിയുടെ ജനനം. കുട്ടികാലത്തു തന്നെ ക്ഷേത്രശില്‍പങ്ങളുടെ സ്വാധീനം കൊണ്ട് വരയിലും വാര്‍പ്പിലും തത്പരനായി വാസുദേവൻ നമ്ബൂതിരി. തന്റെ കഴിവുകൾ ഒന്നുകൂടി മെച്ചപ്പെടുത്താനായി നമ്ബൂതിരി ചെന്നൈയിലേക്ക് പോയി ഗവണ്‍മെന്റ് ഫൈൻ ആ‍‌ര്‍ട്സ് കോളജില്‍ ചേര്‍ന്നു. ഫൈൻ ആ‍ര്‍ട്സ് കോളജില്‍നിന്ന് ലളിത കലയിലും അപ്ലൈഡ് ആ‍ര്‍ട്സിലുമായി രണ്ട് ഡിപ്ലോമകള്‍ നമ്ബൂതിരി നേടി. കെ.സി.എസ് പണിക്കരുടെ ചോളമണ്ഡല്‍ കലാഗ്രാമത്തിലും നമ്ബൂതിരി ഒരു കോഴ്സ് പൂര്‍ത്തിയാക്കി.

1960ല്‍ മാതൃഭൂമിയില്‍ ചേര്‍ന്നു. തുടര്‍ന്നുള്ള രണ്ടുപതിറ്റാണ്ടുകാലം തകഴി, കേശവദേവ്, എം.ടി, ഉറൂബ്, എസ്.കെ പൊറ്റെക്കാട്ട്, വി.കെ.എൻ തുടങ്ങിയ പ്രതിഭകളുടെ സൃഷ്ടികള്‍ക്ക് നമ്ബൂതിരി രേഖാചിത്രങ്ങളൊരുക്കി. 1982ല്‍ കലാകൗമുദിയില്‍ ചേര്‍ന്ന നമ്ബൂതിരി പിന്നീട് മലയാളം വാരികയിലും പ്രവ‍ര്‍ത്തിച്ചു. രണ്ടു തവണ കേരള ലളിതകലാ അക്കാദമിയുടെ ചെയ‍ര്‍മാനായിരുന്നു നമ്ബൂതിരി. ജി. അരവിന്ദന്റെ ആദ്യചിത്രമായ ഉത്തരായനത്തില്‍ കലാസംവിധാനം നിര്‍വഹിച്ച നമ്ബൂതിരിക്ക് 1974ല്‍ മികച്ച കലാസംവിധാനത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചു. ലളിതകലാ അക്കാദമി 2001ല്‍ ആരംഭിച്ച രാജാരവിവ‍‌ര്‍മ പുരസ്കാരം 2003ല്‍ നേടി.